എറണാകുളം: തങ്ങളെ നാട്ടിലെത്തിക്കാൻ ഇടപെടൽ നടത്തിയ കേന്ദ്ര സർക്കാരിന് നന്ദി അറിയിക്കുന്നതായി നൈജീരിയൻ തടവിൽ നിന്നും മോചിക്കപ്പെട്ട് തിരികെയെത്തിയ മലയാളി നാവികർ. കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ഒന്നുകൊണ്ടുമാത്രമാണ് തങ്ങൾ മോചിക്കപ്പെട്ടത്. കേന്ദ്ര സർക്കാരിനും നൈജീരിയയിലെ ഹൈക്കമ്മീഷനും നന്ദി പറയുന്നതായും കൊച്ചിയിലെത്തിയ മലയാളി നാവികർ പറഞ്ഞു.
ഇത് ഞങ്ങൾക്ക് വേറിട്ട അനുഭവമായിരുന്നു. ജീവിതം അവസാനിച്ചുവെന്നാണ് കരുതിയത്. എന്നാൽ ഇപ്പോൾ ഞങ്ങൾ തിരികെയത്തി. കേന്ദ്ര സർക്കാരിനോടാണ് ഇക്കാര്യത്തിൽ നന്ദി പറയാനുള്ളത്. വിദേശകാര്യ മന്ത്രാലയം ഞങ്ങൾക്കായി എല്ലാ ശ്രമവും നടത്തി. നൈജീരിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ജി.ബാലസുബ്രഹ്‌മണ്യം വളരെയധികം സഹായിച്ചു. നാവികർ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മുന്ന് മാലയാളികളുൾപ്പെടെ 16 ഇന്ത്യൻ നാവികർ നൈജിരിയയിൽ നിന്നും നാട്ടിലെത്തിയത്. കൊച്ചി എളംകുളം സ്വദേശിയും കപ്പലിലെ ചീഫ് ഓഫീസറുമായ സനു ജോസ്, കപ്പലിലെ ഓയിലർ മുളവുകാട് സ്വദേശി മിൽട്ടൺ ഡിക്കോത്ത, തേർഡ് ഓഫീസർ കൊല്ലം സ്വദേശി വി. വിജിത്ത് എന്നിവരാണ് നൈജീരിയിൽ മോചിതരായി നാട്ടിൽ മടങ്ങിയെത്തിയത്. കൊച്ചിയിലെത്തിയ മലയാളി നാവികരെ കുടുംബാംഗങ്ങളും ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. 2022 ഓഗസ്റ്റിലാണ് ക്രൂഡ് ഓയിൽ ടാങ്കർ ഹീറോയിക് ഇഡുൻ കപ്പലിലെ 26 ജീവനക്കാർ തടവിലായത്. ഇക്വറ്റോറിയൽ ഗിനിയിലും തുടർന്ന് നൈജീരിയയിലുമാണ് നാവികർ തടവിലാക്കപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലെത്തിയ സംഘം ദുബായ് വഴിയാണ് കൊച്ചിയിലെത്തിയത്.
















Comments