തിരുവനന്തപുരം: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പുതിയ പെരിയനമ്പിയായി നിലവിലെ പഞ്ചഗവ്യത്തു നമ്പി അരുമണീതായ നാരായണ രാജേന്ദ്രൻ ചുമതലയേറ്റു. നിലവിലെ പെരിയനമ്പിയായ മാക്കരംകോട് വിഷ്ണു വിഷ്ണു പ്രകാശ് ഇന്ന് കുടവച്ച് സ്ഥാനമൊഴിഞ്ഞു.
രാവിലെ 8-ന് ക്ഷേത്രം ഭരത് കോണിൽ നടക്കുന്ന ചടങ്ങിൽ പുഷ്പാഞ്ജലി സ്വാമിയാർക്ക് ഓലക്കുട തിരികെ നൽകിയാണ് സ്ഥാനാവരോഹണം നിർവ്വഹിച്ചത്. നീണ്ട നാലര വർഷം വ്രതനിഷ്ഠയോടെ
പുറപ്പെടാ ശാന്തിയായി നിലകൊണ്ടു ശ്രീപത്മനാഭനെ സേവനമനുഷ്ഠിച്ചതിന് ശേഷമാണ് നമ്പി സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നത്. തളിയിൽ വാരിക്കാട് നാരായണൻ വിഷ്ണുവാണ് പുതിയ പഞ്ചഗവ്യത്തു നമ്പി.
ഇന്ന് രാവിലെ രാവിലെ എട്ടിനും ഒമ്പതിനും മദ്ധ്യേയാണ് മറ്റ് നമ്പിമാരെ അവരോധിക്കുന്ന ചടങ്ങ് നടന്നത്. തന്ത്രി തരണനല്ലൂർ നമ്പൂതിരിപ്പാടും പുഷ്പാഞ്ജലി സ്വാമിയാരും ചടങ്ങിൽ കാർമ്മികത്വം വഹിച്ചു. പോറ്റിമാർ, ഭരണസമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
അക്കരദേശി, ഇക്കരദേശി എന്ന് വിവക്ഷിക്കുന്ന തുളു ബ്രാഹ്‌മണ, മലയാള ബ്രാഹ്‌മണ സമൂഹമാണ് പെരിയനമ്പി, പഞ്ചഗവ്യത്തു നമ്പി എന്നീ സ്ഥാനങ്ങളിൽ മാറിമാറി ചുമതലയേൽക്കുന്നത്. രണ്ട് സമൂഹത്തിനുമായി പടിഞ്ഞാറെ നടയിലെ മിത്രാനന്ദപുരം ക്ഷേത്രത്തിന് സമീപം തെക്കും വടക്കുമായി രണ്ട് മഠങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇന്ന് അവരോധിതനായ പെരിയനമ്പി അക്കരദേശി സമൂഹത്തിന്റെയും പഞ്ചഗവ്യത്തു നമ്പി ഇക്കരദേശി സമൂഹത്തിന്റെയും പ്രതിനിധികളാണ്.















