കോഴിക്കോട്: ജിംനേഷ്യത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന നടത്തിയിരുന്ന സംഘത്തെ ഡാൻസാഫ് സംഘവും പന്നിയങ്കര പൊലീസും ചേർന്ന് പിടികൂടി. പരിശോധനയിൽ ഏകദേശം 250 ഗ്രാം എംഡിഎംഎയും 40 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ജിം നടത്തിപ്പുകാരൻ ഉൾപ്പെടെ മൂന്ന് യുവാക്കളെയാണ് അറസ്റ്റ് ചെയ്തത്. ബേപ്പൂർ മൂന്നാർ വളപ്പിൽ ജംഷീർ, ബേപ്പൂർ മതിലകത്ത് ഇജാസ്, ഫറോക്ക് ചുങ്കത്ത് സ്വദേശി അർഷാദ് എന്നിവരാണ് അറസ്റ്റിലായത്.
പയ്യാനക്കൽ കപ്പക്കൽ റോഡിലുള്ള ‘ ബാക്ക് ടു ഫിറ്റ്’ എന്ന ജിംനേഷ്യത്തിലാണ് ഡാൻസാഫ് സംഘവും പന്നിയങ്കര പൊലീസും സംയുക്തമായി പരിശോധന നടത്തിയത്. ജിമ്മിന്റെ മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പിടിച്ചെടുത്ത ലഹരിമരുന്നുകളുടെ ഉറവിടം, വിതരണം നടത്തിയ ശൃംഖല, ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.















