എറണാകുളം: കാമുകന്റെ പിണക്കം മാറ്റാൻ പതിനേഴുകാരി മെനഞ്ഞത് സിനിമക്കഥകളെ വെല്ലും തട്ടിക്കൊണ്ടു പോകൽ തിരക്കഥ. ട്വിസ്റ്റും ടേണും ത്രില്ലും നിറഞ്ഞ തിരക്കഥയ്‌ക്ക് പിന്നാലെ പൊലീസ് ഓടിയത് രണ്ടുമാസത്തിലേറെ. മുനമ്പം സ്വദേശിയായ പെൺകുട്ടിയാണ് തിരക്കഥയിലെ നായികയും സംവിധായികയും. നാലംഗ സംഘം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചെന്നായിരുന്നു ഏപ്രിൽ 25ന് രക്ഷാകർത്താവ് പൊലീസിനു നൽകിയ പരാതി.തലേദിവസം വൈകിട്ട് അഞ്ചര മണിക്കായിരുന്നത്രേ സംഭവം. പട്ടാപ്പകൽ വീട്ടിൽ കയറി പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചു. ഉന്നത ഉദ്യോഗസ്ഥരടക്കം ഇടപെട്ടതോടെ അന്വേഷണം വേഗത്തിലായി. 4 പേർ ചേർന്ന് വായ മൂടിക്കെട്ടി തന്നെ നിർമാണം നടക്കുന്ന കെട്ടിടത്തിൽ എത്തിച്ചെന്നും കരണത്തടിച്ചെന്നും ഒരുകണക്കിനു രക്ഷപ്പെടുകയായിരുന്നുവെന്നും പെൺകുട്ടി മൊഴി നൽകി.
അന്വേഷണത്തിൽ പൊലീസിന് അക്രമികളെക്കുറിച്ച് തുമ്പൊന്നും ലഭിച്ചില്ല. വീണ്ടും ചോദ്യം ചെയ്തപ്പോൾ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്താണ് ആക്രമണത്തിന് പിന്നിലെന്നു സംശയിക്കുന്നതായി പെൺകുട്ടി പറഞ്ഞു. ഇയാൾ ബലമായി തന്നെക്കൊണ്ട് ഇഷ്ടമാണെന്ന് പറയിപ്പിച്ച് അത് ഫോണിൽ ഷൂട്ട് ചെയ്ത് തന്റെ കാമുകന് അയപ്പിച്ചുവെന്നും പറഞ്ഞു. അതോടെ അന്വേഷണം ആ വഴിക്കായി. പിന്നീട് ഇൻസ്റ്റഗ്രാം സുഹൃത്ത് മുഖംമൂടി ധരിച്ച് വീട്ടിൽ വന്ന് തന്നെ കത്തികൊണ്ട് ആക്രമിച്ചതായും ഒച്ചയെടുത്തതിനെ പിന്നാലെ ഇയാൾ മതിൽ ചാടി രക്ഷപ്പെട്ടുവെന്നും കൂടി പറഞ്ഞ പെൺകുട്ടി അതിനു പിന്നാലെ ആശുപത്രിയിൽ അഡ്മിറ്റായി. ഇതോടെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ അടക്കം പെൺകുട്ടിയുടെ വീട്ടിൽ നേരിട്ടെത്തി പരിശോധന നടത്തി. തെളിവെടുപ്പും നടത്തി. എന്നിട്ടും ഈ വാദത്തോട് സാധൂകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചില്ല.
വലിയ ഉയരുമുള്ള മതിൽ ഒരാൾക്ക് എളുപ്പത്തിൽ ചാടിക്കടക്കാൻ കഴിയുന്ന തരത്തിലുള്ളതല്ലെന്ന് വ്യക്തമായതോടെ പൊലീസിന് സംശയമായി. സുഹൃത്തിന്റേതെന്നു പെൺകുട്ടി പറഞ്ഞ ഇൻസ്റ്റഗ്രാം അക്കൗണ്ട് പരിശോധിച്ചതോടെ അതു പെൺകുട്ടി തന്നെ ഉണ്ടാക്കിയതാണെന്ന് വ്യക്തമായി. ഇക്കാര്യങ്ങളെല്ലാം ഉറപ്പിച്ച് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ തട്ടിക്കൊണ്ടുപോകലും ഭീഷണിപ്പെടുത്തലും ആക്രമണവും താൻ തന്നെ സൃഷ്ടിച്ച കെട്ടുകഥയാണെന്ന് പെൺകുട്ടി വെളിപ്പെടുത്തി.ഇതു കേട്ട രക്ഷിതാക്കളും മൂക്കത്ത് വിരൽവച്ചു.
കഥയ്‌ക്ക് വിശ്വാസ്യത നേടാൻ കത്തി കൊണ്ടു മുറിവേൽപ്പിച്ചതടക്കും നിരവധി തന്ത്രങ്ങൾ പെൺകുട്ടി ഇതിൽ പയറ്റിയിരുന്നു. ആക്രമണത്തിന് ഇരയായെന്നും മറ്റും പറഞ്ഞ് സഹതാപം സൃഷ്ടിച്ച് അതുവഴി കാമുകന്റെ മനസ്സിൽ വീണ്ടും കയറിപ്പറ്റി ബന്ധം പുനഃസ്ഥാപിക്കുകയായിരുന്നു ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയ പെൺകുട്ടി കാമുകനെ തിരിച്ചു കൊണ്ടുവരാൻ ഇതിനപ്പുറവും ചെയ്യുമെന്ന നിലപാടിൽ ആയിരുന്നുവെന്നും പൊലീസ് പറയുന്നു.
















Comments