കൊച്ചി: ഡെങ്കിക്ക് പിന്നാലെ എറണാകുളത്ത് ആശങ്ക പരത്തി വെസ്റ്റ് നൈൽ പനിയും. കൊതുകുകൾ പരത്തുന്ന വെസ്റ്റ് നൈൽ വൈറസ് ബാധിച്ച് എറണാകുളം ജില്ലയിൽ ഒരാൾ മരിച്ചു. കുമ്പളങ്ങിയിൽ നിന്നുള്ള അറുപത്തിയഞ്ചുകാരനാണ് മരിച്ചത്. ജില്ലയിൽ ആദ്യമായാണ് വെസ്റ്റ് നൈൽ ബാധിച്ചുള്ള മരണം റിപ്പോർട്ട് ചെയ്യുന്നത്. ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് വെസ്റ്റ് നൈൽ വൈറസാണ് ബാധിച്ചതെന്ന് കണ്ടെത്തിയത്. കിടപ്പുരോഗിയായ വയോധികനെ പനി ബാധിച്ചതിനെത്തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. എന്നാൽ രോഗം കടുത്തതോടെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് കളമശ്ശേരി മെഡിക്കൽ കോളജിലേക്കും മാറ്റി. അവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
കഴിഞ്ഞവർഷം മേയിൽ തിരുവനന്തപുരത്തും തൃശൂരും വെസ്റ്റ് നൈൽ വൈറസ് ബാധിച്ച് ആളുകൾ മരിച്ചിരുന്നു. എറണാകുളത്ത് വെസ്റ്റ് നൈൽ വൈറസ് ബാധ മൂലം ആദ്യത്തെ മരണമാണ്. ഏപ്രിലിലും എറണാകുളം ജില്ലയിൽ ഒരാൾക്ക് വെസ്റ്റ് നൈൽ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.തലവേദന, പനി, ഛർദി, വയറുവേദന, വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഭൂരിഭാഗം പേർക്കും സാധാരണ പനി പോലെ കടന്നുപോകാമെങ്കിലും, ചിലരിൽ നാഡീസംബന്ധമായ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കും. തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്നതിനാൽ പക്ഷാഘാതം, അപസ്മാരം, ഓർമ്മക്കുറവ് തുടങ്ങിയവക്കും സാധ്യതയുണ്ട്.
രോഗം ബാധിക്കുന്ന ആയിരത്തിൽ നാലുപേർക്കാണ് അപകടസാധ്യതയുള്ളത്. രോഗികളുടെ നാഡിവ്യൂഹത്തെയും തലച്ചോറിനെയും വൈറസ് ബാധിച്ചേക്കാം. ഇത്തരത്തിലുള്ള രോഗികൾക്ക് മാത്രമാണ് ഈ രോഗം അപകടസാധ്യതയുണ്ടാക്കുന്നത്.ചെറിയ ലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടുകയാണ് വേണ്ടത്. കൊതുകുകളുടെ ഉറവിടം നശിപ്പിക്കുകയാണ് രോഗം തടയുന്നതിനുള്ള ഫലപ്രദമായ മാർഗമെന്ന് വിദഗ്ധർ പറയുന്നു.
















Comments