അവയവക്കച്ചവടത്തിന്റെ ഇരുണ്ട മുഖം വാർത്തകളിൽ നിറയുമ്പോൾ മലയാളികൾ വീണ്ടും ഓർത്തെടുക്കുന്നത് മോഹൻലാൽ അഭിനയിച്ച നിർണ്ണയം എന്ന് സിനിമയിലെ രംഗങ്ങളാണ്. കാലത്തിന് മുന്നേ സഞ്ചരിച്ച സിനിമയെന്ന് നിസ്സംശയം പറയാവുന്ന സിനിമയാണിത്. അന്ന് പക്ഷെ സിനിമ ഇറങ്ങിയപ്പോൾ ഇതൊക്കെ ലോകത്ത് നടക്കുമോ, കഥാകൃത്തിന്റെ ഭാവനയിൽ വിരിഞ്ഞ വെറും കെട്ടുകഥയല്ലേ എന്നാണ് എല്ലാവർക്കും തോന്നിയത്. എന്നാൽ അന്നു തന്നെ അവയവ കച്ചവടത്തിന്റെ വികൃതമുഖം പതുക്കെ ലോകത്തിന്റെ പല ഭാഗത്തും റിപ്പോർട്ടു ചെയ്തു തുടങ്ങിയിരുന്നു. അവയവ കച്ചവടം പ്രമേയമാക്കി വിവിധ ഭാഷകളിൽ പുറത്തിറങ്ങിയ സിനിമകളെ കുറിച്ച് അറിയാം. ഇന്നും യൂട്യൂബിൽ സജീവ കാഴ്ചക്കാർ ലഭിക്കുന്ന ചിത്രങ്ങൾ കൂടിയാണ് ഇവയെല്ലാം.
കോമ- 1978
1991 ലാണ് ‘നിർണ്ണയം’ പുറത്തിറങ്ങിയത്. അതിന് പതിറ്റാണ്ടുകൾക്ക് മുൻപ് 1978- ൽ പുറത്തിറങ്ങിയ കോമ എന്ന ഹോളിവുഡ് സിനിമ കൈകാര്യം ചെയ്യുന്നത് അവയവ കച്ചവട മാഫിയയും പ്രമുഖ മെട്രോപൊളിറ്റൻ ആശുപത്രിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ കഥയാണ്. 1977-ൽ പ്രസിദ്ധീകരിച്ച റോബിൻ കുക്കിന്റെ ഇതേ പേരിലുളള നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആശുപത്രിയിൽ അടിക്കടി ഉണ്ടാകുന്ന മസ്തിഷ്‌ക്ക മരണങ്ങളും ആശുപത്രി മാനേജ്‌മെന്റിന്റെ ഒത്താശയോടെ വലവിരിച്ചിരിക്കുന്ന അവയവകടത്ത് മാഫിയയുമാണ് ചിത്രത്തിന്റെ അടിസ്ഥാന പ്രമേയം.
പ്രശസ്തമായ ബോസ്റ്റൺ മെമ്മോറിയിൽ ആശുപത്രിയിലെ സർജിക്കൽ റെസിഡന്റാണ് ഡോ. സൂസൻ വീലർ. ഇവരുടെ ചങ്ങാതി നാൻസി ഗ്രീൻലി ആരോഗ്യമുള്ള യുവതിയാണ്. തികച്ചും സാധാരണമായ പരിശോധനകൾക്കായി ബോസ്റ്റൺ ആശുപത്രിയിൽ എത്തിയ നാൻസിക്ക് അപ്രതീക്ഷിതമായി മസ്തിഷ്‌ക്ക മരണം സംഭവിക്കുന്നു. അതേ ദിവസം തന്നെ കാൽമുട്ട് ശാസത്രക്രീയയ്‌ക്കായി അവിടെ പ്രവേശിപ്പിച്ച യുവാവ് കോമ അവസ്ഥയിൽ എത്തുകയും ചെയ്യുന്നു. ഒരേ ദിവസം തന്നെ ഇത്തരം സംഭവങ്ങളിൽ അസ്വാഭാവികത തോന്നിയ ഡോ. സൂസൻ ഇതിന് കുറിച്ച് കൂടുതൽ അന്വേഷണം രഹസ്യമായി നടത്തുന്നു. കഴിഞ്ഞ കുറെ കാലമായി ആശുപത്രിയിൽ ചികിത്സയ്‌ക്ക് വിധേയകരാകുന്ന യുവാക്കൾ കോമയിലേക്ക് പോകുന്നതിൽ അസ്വാഭാവികമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അന്വേഷണത്തിന് ഒടുവിൽ ഞെട്ടിക്കുന്ന സത്യങ്ങളാണ് പുറത്ത് വരുന്നത്.
അന്താരാഷ്‌ട്ര അവയവ കച്ചവടത്തിന്റെ അധോലോകമായാണ് ആശുപത്രി പ്രവർത്തിച്ചിരുന്നത്. കൂടുതൽ പണം നൽകുന്നവർക്ക് കൂടുതൽ ആരോഗ്യമുള്ളവരുടെ അവയവങ്ങൾ വിൽപ്പന നടത്തുന്ന ഗൂഢസംഘമാണുള്ളത്. രോഗികളെ അവർ കച്ചവടച്ചരക്ക് മാത്രമായാണ് കണ്ടത്. ആശുപത്രി മാനേജ്‌മെന്റും ഡോക്ടർമാരും ജീവനക്കാരും അടങ്ങുന്ന മാഫിയയാണ് എല്ലാത്തിനും പിന്നിൽ പ്രവർത്തിക്കുന്നത് എന്നാണ് കഥ .സുപ്രസിദ്ധ സിനിമ നിരൂപക വെബ് സൈറ്റായ റോട്ടൻ ടൊമാറ്റോസിൽ 81% റേറ്റിംഗാണ് ഈ സിനിമക്ക് ലഭിച്ചിരിക്കുന്നത്.
ദി ഫ്യൂജിറ്റീവ്- 1993
ഈ സിനിമ മെഡിക്കൽ രംഗത്തെ മാഫിയകളെ തുറന്ന് കാട്ടുന്നതാണ്. ലോകത്തെ പലഭാഷകളിലും ഈ സിനിമ റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.വിദേശ സിനിമകൾക്കുള്ള നിയന്ത്രണങ്ങൾ നീക്കിയ ശേഷം പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയിൽ പ്രദർശിപ്പിച്ച ആദ്യത്തെ പ്രധാന അമേരിക്കൻ സിനിമയാണ് ദി ഫ്യൂജിറ്റീവ് . കൂടാതെ 1995-ൽ പുറത്തിറങ്ങിയ മോഹൻലാലിന്റെ നിർണ്ണയം ഇതിനെ അടിസ്ഥാനമാക്കി ഉള്ളതാണ്. ആശുപത്രികൾക്ക് മനുഷ്യജീവൻ വെറും പരീക്ഷണ വസ്തു മാത്രമാണെന്ന് ചിത്രം വെളിപ്പെടുത്തുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളെ അവരുടെ സമ്മതമില്ലാതെ മരുന്ന് പരീക്ഷണത്തിന് വിധേയമാക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. 1960-ൽ പുറത്തിറങ്ങിയ ടെലിവിഷൻ സീരിസിനെ ഉൾക്കൊണ്ടുകൊണ്ടാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ഫ്യൂജിറ്റീവ് ഒരുക്കിയിരിക്കുന്നത്. ആൻഡ്രൂസ് ഡേവിസ് സംവിധാനം ചെയ്ത സിനിമയിൽ പ്രശസ്ത നടൻ ഹാരിസൺ ഫോർഡാണ് മുഖ്യവേഷം കൈകാര്യം ചെയ്തിരിക്കുന്നത്. റൊട്ടൻ ടൊമാറ്റോസിൽ ഈ സിനിമക്ക് 96 % റേറ്റിങ്ങാണ് ഉള്ളത്.
ക്രിമിനൽ-1994
മഹേഷ് ഭട്ട് സംവിധാനം ചെയ്ത് നാഗാർജുന, രമ്യാ കൃഷ്ണ , മനീഷ കോയ്‌രാള എന്നിവർ അഭിനയിച്ച 1994-ൽ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലർ ചിത്രമാണ് ക്രിമിനൽ . തെലുങ്ക്, ഹിന്ദി ഭാഷകളിൽ ഒരേസമയം ചിത്രീകരിച്ച സിനിമ ദി ഫ്യൂജിറ്റീവിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് നിർമ്മിച്ചത്. ഡോ. അജയ്കുമാർ എന്ന് ഡോക്ടറാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. പാവപ്പെട്ട സ്ത്രീ ചികിത്സ കിട്ടാതെ മരിക്കുന്നതും തുടർന്ന് ഡോ. അജയ് പാവപ്പെട്ടവർക്കായി ആശുപത്രി തുറക്കാൻ ശ്രമിക്കുന്നതുമാണ് ചിത്രത്തിന്റെ ആദ്യം ഭാഗത്തിൽ. മലയാളത്തിലെ നിർണ്ണയം സിനിമയിലെ അതേ ഫോർമാറ്റിലാണ് ചിത്രം മുന്നോട്ട് പോകുന്നത്. തെലുങ്കിൽ ആ വർഷത്തെ സൂപ്പർ ഹിറ്റായിരുന്നു ചിത്രം. ആശുപത്രികൾ കേന്ദ്രീകരിച്ചു നടക്കുന്ന അവയവ മോഷണത്തെക്കുറിച്ചാണ് സിനിമ പറയുന്നത്. ഹോളിവുഡ് സിനിമകൾക്ക് പുറമേ ഇന്ത്യൻ ഭാഷകളിലും മെഡിക്കൽ എത്തിക്‌സിന്റെ നിരർത്ഥകതയെ തുറന്ന് കാട്ടുന്ന ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്.
മലയാളത്തിൽ നിർണ്ണയം മുതൽ ജോസഫ് വരെ
ഇത്തരം പ്രമേയം കൈകാര്യം ചെയ്ത മലയാള ചലച്ചിത്രമായ നിർണ്ണയം സാമ്പത്തികമായി വൻ വിജയമായിരുന്നില്ല. എന്നാൽ ടെലിവിഷനിൽ ചിത്രത്തിന് ഇന്നും നല്ല കാഴ്ചക്കാരാണ് ഉള്ളത്. യൂട്യൂബിൽ ഇപ്പോഴും നല്ല വ്യൂസുള്ള സിനിമ കൂടിയാണ് നിർണ്ണയം. അഞ്ച് വർഷം മുൻപ് യൂട്യൂബിൽ അപലോഡ് ചെയ്ത സിനിമ ആറ് കോടിയിലധികം ആളുകളാണ് ഇതിനോടകം കണ്ടത്. ജോസഫ് 2018- ൽ പുറത്തിറങ്ങിയ ജോസഫും നിലവിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ വീണ്ടും വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്.
എം. പത്മകുമാർ സംവിധാനം ചെയ്ത് 2018-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ജോസഫ്. തിരക്കഥാകൃത്ത് യഥാർത്ഥ ജീവിതാനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് എന്ന് അന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു .ആ വർഷം ഇറങ്ങിയ് ഏറ്റവും നല്ല ക്രൈം ത്രില്ലർ കൂടിയായിരുന്നു ജോസഫ് . മൾട്ടിനാഷണൽ ഹോസ്പിറ്റൽ രക്തപരിശോധനയുടെ മറവിൽ ആളുകളെ അപായപ്പെടുത്തുന്നതും , ഒടുവിൽ തലയ്‌ക്ക് മാരകമായി പരിക്കേൽപ്പിച്ച് മസ്തിഷ്ക മരണത്തിലേയ്‌ക്ക് തള്ളിവിടുന്നതുമാണ് ചിത്രത്തിന്റെ സാരാംശം . എന്നാൽ ഇതിൽ മറ്റൊരു നിഗൂഢത കൂടിയുണ്ട് . സാധാരണക്കാർക്കും പ്രാപ്യമായ അവയവദാനത്തിനായുള്ള പദ്ധതിയെ മറയാക്കിയായിരുന്നു ഇത്തരത്തിൽ മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നത് . എന്നാൽ അവയവങ്ങൾ ലഭിക്കുന്നത് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നവർക്കല്ലെന്ന് മാത്രം. തട്ടിപ്പിന്റെ ഉള്ളറകൾ തേടിയുള്ള ഒരു റിട്ടയേർഡ് പോലീസുകാരന്റെ യാത്രയും , ഒടുവിൽ അത് തെളിയിക്കാൻ സ്വന്തം ജീവൻ പോലും നൽകേണ്ടി വരുന്നതുമാണ് ഈ സിനിമയുടെ കഥ.
നെവർ ലെറ്റ് മി ഗോ
2010-ൽ പുറത്തിറങ്ങിയ ഈ ഇംഗ്ലീഷ് സിനിമ ഓർഗൻ ഹാർവെസ്റ്റിംഗ് എന്ന തീമിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. റോട്ടൺ ടോമാറ്റോസിൽ ഈ സിനിമ 71 % റേറ്റിങ് നേടിയിട്ടുണ്ട്.
Comments