ടോക്കിയോ: ഉഭയസമ്മതം നൽകുന്നതിനുള്ള പ്രായപരിധി ഉയർത്തി ജപ്പാൻ. 13ൽ നിന്ന് 16ലേക്കാണ് പ്രായപരിധി ഉയർത്തിയത്. രാജ്യത്തെ ലൈംഗിക കുറ്റകൃത്യങ്ങൾക്കെതിരെയുള്ള നിയമനിർമാണത്തിൽ പ്രധാന പരിഷ്‌കാരങ്ങൾ വരുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണിത്. പരസ്പര സമ്മതം നൽകുന്നതിനുള്ള പ്രായപരിധി ലോകത്ത് ഏറ്റവും കുറവ് ജപ്പാനിലായിരുന്നു.
ഒളിഞ്ഞുനോട്ടം ഉൾപ്പെടെ ക്രിമിനൽ കുറ്റമ്മാക്കിയാണ് നിയമനിർമാണം നടത്തിയിരിക്കുന്നത്. പാർലമെന്റിന്റെ ഉപരിസഭയിൽ ഐകകണ്‌ഠേന നിയമഭേദഗതി പാസാക്കിയതിന് പിന്നാലെ രാജ്യത്തെ മനുഷ്യാവകാശ സംഘടനകൾ അഭിനന്ദനമറിയിച്ച് രംഗത്തെത്തിയിരുന്നു. രാജ്യത്തെ വലിയ മുന്നേറ്റമെന്നാണ് ടോക്കിയോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂമൻ റൈറ്റ്‌സ് നൗ എന്ന സംഘടന വിശേഷിപ്പിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങൾ അംഗീകരിക്കാനാകില്ലെന്ന സന്ദേശം സമൂഹത്തിന് നൽകാൻ നിയമനിർമാണം സഹായിക്കുമെന്ന് സംഘടന പ്രസ്താവിച്ചു.
ബ്രിട്ടണിൽ 16, ഫ്രാൻസിൽ 15, ജർമ്മനിയിലും ചൈനയിലും 14 എന്നിങ്ങനെയാണ് ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനുള്ള ഉഭയസമ്മതം നൽകുന്നതിന് പ്രായപരിധി. പ്രസ്തുത വയസിന് താഴെയുള്ളവരുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ ബലാത്സംഗമായാണ് കണക്കാക്കുക. അതേസമയം ജപ്പാനിൽ പ്രായപരിധി 13 ആക്കിയത് 1907 മുതലായിരുന്നു. 13 വയസിന് മുകളിലുള്ള കുട്ടികൾ ഉഭയസമ്മതം നൽകാൻ പ്രാപ്തരാണെന്നായിരുന്നു ജപ്പാന്റെ വാദം. തുടർന്ന് ഒരു നൂറ്റാണ്ടിന് ശേഷം 2017ലായിരുന്നു ലൈംഗിക കുറ്റകൃത്യങ്ങൾ സംബന്ധിച്ച ക്രിമിനൽ കോഡിൽ ആദ്യ പരിഷ്‌കാരം നടത്താൻ ജപ്പാൻ തയ്യാറായത്. ഇതിന് പിന്നാലെയാണ് പ്രധാന പരിഷ്‌കാരമായ ഉഭയസമ്മത പ്രായപരിധി ഉയർത്തിയിരിക്കുന്നത്.
Comments