കട്ട താടി വേണമെന്ന് ആഗ്രഹിക്കാത്ത പുരുഷന്മാർ ചുരുക്കമാണ്. ആഗ്രഹം ഉണ്ടായിട്ടും താടി വളരാതെ സങ്കടപ്പെട്ടിരിക്കുന്നവരാണ് കൂടുതലും. മുറി വൈദ്യം മുതൽ അലോപ്പതി മരുന്നുകളെ വരെ ഇക്കാര്യത്തിനായി ആശ്രയിക്കുന്നവരുണ്ട്. ഉള്ള താടി വളരുവാനും പുതിയ താടി രോമങ്ങൾ കിളിർക്കാനും ചില കാര്യങ്ങൾ ശ്രദ്ധിക്കാം.
താടി വേഗത്തിൽ വളരാനുള്ള ആദ്യ പടി മുഖം നന്നായി പരിപാലിക്കുക എന്നതാണ്. ഇതിനായി മുഖം നന്നായി വൃത്തിയാക്കുകയും മോയ്‌സ്ചറൈസ് ചെയ്യുകയുമൊക്കെ വേണം. മൃതകോശങ്ങൾ നീക്കം ചെയ്യാൻ ആഴ്ചയിലൊരിക്കൽ സ്‌ക്രബ് ഉപയോഗിക്കാം. താടിരോമങ്ങളുടെ വളർച്ചയെ ഇത് ഉത്തേജിപ്പിക്കും. മോയ്‌സ്ചറൈസർ ഉപയോഗിക്കുമ്പോൾ യൂക്കാലിപ്റ്റസ് അടങ്ങിയവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക കാരണം ഇത് മുഖത്തെ രോമവളർച്ചയെ പ്രോത്സാഹിപ്പിക്കും.
ദിനവും ഷേവ് ചെയ്താൽ താടി രോമങ്ങൾ കൂടുതൽ വളരുമെന്ന ചിന്ത മിക്കവർക്കുമുണ്ട്. ഇടയ്‌ക്കിടെ ഷേവ് ചെയ്ത് കളയുന്നത് ലക്ഷ്യത്തിലേക്കുള്ള ദൂരം കൂട്ടാനുള്ള സാധ്യതയാണ്. ഷേവ് ചെയ്യുമ്പോൾ ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. നിരന്തരം ഷേവ് ചെയ്യുന്നത് മുഖത്തു ഫോളിക്കിളുകൾ കൂടാനോ കുറയാനോ കാരണമാകില്ല. പക്ഷേ വിപരീത ദിശയിൽ ഷേവ് ചെയ്യുന്നത് താടിയിലെ ഫോളിക്കിളുകൾ നശിക്കാനും താടി വളർച്ച തടയാനും കാരണമാകും. അതുകൊണ്ട് ഒരേ ദിശയിൽ ഷേവ് ചെയ്യാൻ ശ്രദ്ധിക്കണം.
കുറഞ്ഞത് ഒൻപത് ആഴ്ചകളെങ്കിലും വേണം നല്ല ഭംഗിയുള്ള കട്ടത്താടി വളരാൻ. ഈ സമയത്ത് ഭക്ഷണകാര്യത്തിലും അല്പ ശ്രദ്ധവേണം. വിറ്റാമിൻ ബി, ബി 1, ബി 6, ബി 12 എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താനും ശ്രമിക്കണം. ഭക്ഷണത്തിൽ പ്രോട്ടീനിന്റെ അളവ് വർദ്ധിപ്പിക്കുന്നത് മുടി വളരാൻ സഹായിക്കും. അതിനാൽ പഴങ്ങളും പച്ചക്കറികളും ധാരാളമായി ആഹാരത്തിൽ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം.















