ശ്രീനഗർ: ജമ്മു-കശ്മീരിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയും മണ്ണിടിച്ചിലും വ്യാപക നാശം വിതച്ചു. പൂഞ്ച് ജില്ലയിൽ മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചതോടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 27 ആയി.
പൂഞ്ച് ജില്ലയിലെ ലോറൻ ദുമിലാൻ ഗ്രാമത്തിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഒരു വീട് പൂർണമായും തകർന്നുവീഴുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന ഏഴ് പേരും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി. പോലീസും സിവിൽ ഭരണകൂടവും പ്രാദേശിക സന്നദ്ധപ്രവർത്തകരും ചേർന്ന് നടത്തിയ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
മഴയെ തുടർന്ന് രജൗരി, പൂഞ്ച് ജില്ലകളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും വ്യാപക നാശനഷ്ടമുണ്ടാക്കി. രജൗരിയിൽ സുരൻ നദിയുടെ തീരത്തുണ്ടായ വെള്ളപ്പൊക്കത്തിൽ ഒരു വീട് ഒലിച്ചുപോയതിനെ തുടർന്ന് ഒരുകുടുംബത്തിലെ ആറ് പേർ മരിച്ചിരുന്നു. നിരവധി വീടുകളും കടകളും തകർന്നതോടൊപ്പം റോഡുകളും പാലങ്ങളും വൈദ്യുതി-ടെലികോം സംവിധാനങ്ങളും സാരമായി തകർന്നു.
ദോഡ ജില്ലയിലും രണ്ട് വ്യത്യസ്ത അപകടങ്ങളിലായി രണ്ട് പേർ മരിച്ചു. ജമ്മു-കിഷ്ത്വാർ ദേശീയപാതയിൽ കുന്നിൽ നിന്ന് പാറ വീണ് യാത്രാബസിന് മുകളിലേക്ക് പതിച്ചതിനെ തുടർന്ന് ഒരാൾ മരിക്കുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മറ്റൊരു സംഭവത്തിൽ വീടിന് മുകളിൽ പാറ ഇടിഞ്ഞുവീണ് ഒരു സ്ത്രീയും മരിച്ചു.
രാജൗരിയിലെ ദർഹാലി നദിയിലെ പ്രളയത്തിൽ ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന മുപ്പതോളം വാഹനങ്ങൾ ഒലിച്ചുപോയി. ബുദ്ഗാം ജില്ലയിലെ ബീർവ മേഖലയിൽ പ്രളയജലം കയറിയതോടെ നിരവധി കടകൾ ഒഴുകിപ്പോയി. കാർഗിലിലും ഗുരെസ് മേഖലയിലും വീടുകൾക്കും കൃഷിയിടങ്ങൾക്കും വ്യാപക നാശനഷ്ടമുണ്ടായി.
ജൂലൈ 25 വരെ കനത്ത മഴയ്‌ക്കും മേഘവിസ്ഫോടനത്തിനും സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നദീതീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
പ്രതികൂല കാലാവസ്ഥയെ തുടർന്ന് അമർനാഥ് തീർഥാടനം താൽക്കാലികമായി നിർത്തിവച്ചു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഡൽഹി സന്ദർശനം പാതിവഴിയിൽ അവസാനിപ്പിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുള്ള ജമ്മുവിലേക്ക് മടങ്ങി.















