കൊൽക്കത്ത: സിപിഎം സഖ്യത്തോട് ചേർന്ന് ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ ഭാവിയിൽ കോൺഗ്രസുമായി സഹകരിക്കില്ലെന്ന് മുന്നറിപ്പ് നൽകി തൃണമൂൽ അദ്ധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. സിപിഎമ്മുമായി സഖ്യം രൂപീകരിച്ച് ബംഗാളിൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് നേരിടുന്ന പശ്ചാത്തലത്തിലാണ് മമതയുടെ മുന്നറിയിപ്പ്. ഇതാണ് കോൺഗ്രസിന്റെ നയമെങ്കിൽ 2024 ലോക്‌സഭ തിരഞ്ഞെടുപ്പിൽ തൃണമൂലിൽ നിന്നും ഒരു സഹകരണവും പ്രതീക്ഷിക്കേണ്ടതില്ലെന്നും മമത പറഞ്ഞു. 23ന് പ്രതിപക്ഷ കക്ഷികളുടെ സംയുക്തയോഗം നടക്കാനിരിക്കെയാണ് അതൃപ്തി രേഖപ്പെടുത്തി മമത മുന്നോട്ടുവന്നിരിക്കുന്നതെന്നതാണ് ശ്രദ്ധേയം.
നിയമസഭ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടിട്ടും ത്രിലതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ഒന്നിച്ച് മത്സരിക്കാൻ കോൺഗ്രസും സിപിഎമ്മും തീരുമാനിക്കുകയായിരുന്നു. 48,646 സീറ്റുകളിൽ സിപിഎമ്മും 17,750 സീറ്റുകളിൽ കോൺഗ്രസും മത്സരിക്കാൻ ധാരണയായി. ബിജെപിയെ പോലെതന്നെ ബംഗാളിൽ തൃണമൂലും തങ്ങൾക്ക് ശത്രുവാണെന്നാണ് കോൺഗ്രസിന്റെ നിലപാട്. തൃണമൂൽ തങ്ങളുടെ പ്രവർത്തകരെ വേട്ടയാടുന്നുവെന്നും പഞ്ചായത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും ആരോപിച്ച് കോൺഗ്രസ് സംസ്ഥാന നേതൃത്വം മുന്നോട്ടുവന്നിരുന്നു.
തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് ജയിക്കാനായി തങ്ങൾക്കെതിരായ ശബ്ദങ്ങളെ വകവരുത്തുകയണെന്ന് ആരോപിച്ച് പിസിസി അദ്ധ്യക്ഷനും കോൺഗ്രസ് പാർട്ടുയുടെ ലോക്‌സഭ കക്ഷി നേതാവുമായ അധീർ രഞ്ജൻ ചൗധരി രംഗത്തുവന്നിരുന്നു. തിരഞ്ഞെടുപ്പ് സുഖമമായി നടത്താൻ കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനായി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ചൗധരി ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസിന് കത്തുനൽകിയിരുന്നു.
23 പട്‌നയിൽ നിതീഷ് വിളിച്ചുചേർത്ത പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗം നടക്കാനിരിക്കയാണ് മമതയുടെ പരാമർശം. ചിരവൈരികളായ തൃണമൂലും സിപിഎമ്മും പ്രതിപക്ഷ വേദികളിൽ ഒരുമിച്ച് അണിനിരന്നിട്ടുണ്ട്. എന്നാൽ സഖ്യമായി തൃണമൂലിനെ നേരിടാൻ കോൺഗ്രസും സിപിഎമ്മും വീണ്ടും ഒന്നിച്ചതാണ് മമതയെ ഇപ്പോൾ ചൊടിപ്പിച്ചിരിക്കുന്നത്.
















Comments