ഭാഗ്യം നമ്മളെ തേടിയെത്തുക സസ്‌പെൻസുകളുടെയും ട്വിസ്റ്റുകളുടെയും രൂപത്തിലായിരിക്കുമെന്ന് പറഞ്ഞാൽ ചിലരെങ്കിലും അത് സമ്മതിച്ചേക്കാം. നാഗാലാൻഡ് സ്വദേശി ദേവീന്ദർ കുമാറിനോട് ഇക്കാര്യം ചോദിക്കുകയാണെങ്കിൽ ഇത് സത്യമാണെന്നായിരിക്കും അദ്ദേഹത്തിന്റെ മറുപടി. ആക്രിക്കടയിൽ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ട് ഉപജീവനമാർഗ്ഗം കണ്ടെത്തിയിരുന്ന ദേവീന്ദറിന്റെ ജീവിതം മാറ്റിമറിച്ചത് സസ്‌പെൻസിലൂടെയും ട്വിസ്റ്റുകളിലൂടെയുമായിരുന്നു.
ഇരുപതുകാരനായ ദേവീന്ദർ മാനസ ജില്ലയിലെ സർദുൽഗഡിലാണ് താമസം. അടുത്തിടെ പ്രഖ്യാപിച്ച നാഗാലാൻഡ് ഡിയർ ലോട്ടറിയിലെ ഭാഗ്യശാലിയാണ് ഇയാൾ. ഒരു കോടി രൂപയാണ് ഇദ്ദേഹത്തിന് സമ്മാനമായി ലഭിച്ചത്. ആറ് രൂപ മാത്രം മുടക്കിയെടുത്ത ടിക്കറ്റിനായിരുന്നു ഇത്ര വലിയൊരു തുക ഇദ്ദേഹത്തിന് സ്വന്തമായത്. കുടുംബത്തിന്റെ പ്രാരാബ്ധം മാറാൻ പോകുന്നു എന്ന സന്തോഷത്തിലായിരുന്നു കുടുംബാംഗങ്ങളെല്ലാവരും. എന്നാൽ ഈ ടിക്കറ്റ് മാറാനുള്ള തിയതിക്കു മുൻപ് വലിയൊരു തിരിച്ചടിയായിരുന്നു കുടുംബം നേരിട്ടത്.
ജൂൺ 13-ന് ടിക്കറ്റ് ഇവരുടെ കയ്യിൽ നിന്നും നഷ്ടപ്പെട്ടു. എവിടെയോ ടിക്കറ്റ് മറന്നു വെച്ചതിനെ തുടർന്ന് കയ്യിൽ നിന്നും നഷ്ടമായി. വീട്ടിലെ മുക്കിലും മൂലയിലും വരെ ഇവർ ടിക്കറ്റ് തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. അതിനിടെയാണ് മാലിന്യം കളയുന്നതിനായി പോളി ബാഗിൽ എടുത്ത് വെച്ചത് ഇവരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഇതിൽ നിറയെ കടലാസുകളാണ് ഉണ്ടായിരുന്നത്. രാത്രി മുഴുവൻ പരിശോധിക്കവെ അവസാനം ശ്രമങ്ങൾക്ക് ഫലം കാണുകയായിരുന്നു. മാലിന്യങ്ങൾക്കിടയിൽ നിന്നും ടിക്കറ്റ് കണ്ടെടുക്കയായിരുന്നു. ടിക്കറ്റ് തിരികെ കിട്ടിയതിന്റെ സന്തോഷത്തിൽ ആവശ്യമുള്ളവർക്ക് ഈ പണം ഉപയോഗിച്ച് ഭക്ഷണം വാങ്ങി നൽകുമെന്നും കുടുംബം അറിയിച്ചു.
Comments