തിരുവനന്തപുരം: വീണ്ടുമൊരു വായനാ ദിനം കൂടിയെത്തുമ്പോൾ സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ലൈബ്രറി പ്രവർത്തനം പേരിന് പോലുമില്ലാതാകുന്നു. 2077 ഹയർ സെക്കൻഡറി സ്‌കൂളുകളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നിഷ്‌കർഷിക്കുന്ന വിധത്തിലുള്ള ലൈബ്രറികൾ ഉള്ളത് നാല് സ്‌കൂളുകളിൽ മാത്രം. ഒരു സർക്കാർ സ്‌കൂൾ പോലും ഈ പട്ടികയിലില്ല എന്നതാണ് വാസ്തവം.
പതിനായിരത്തിലധികം പുസ്തകങ്ങൾ ഉള്ള സ്‌കൂളുകളിൽ ലൈബ്രേറിയൻ നിയമനം നടത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. എന്നാൽ ഇത്തരത്തിൽ വിശാലമായ ലൈബ്രറിയുള്ള എറണാകുളം പൂത്തോട്ടയിലെ കെപിഎംഎച്ച്എസ്എസിൽ മാത്രമായിരുന്നു ലൈബ്രേറിയന്റെ താൽക്കാലിക നിയമനം നടത്താൻ വിദ്യാഭ്യാസ വകുപ്പ് അനുമതി നൽകിയത്. പതിനായിരം പുസ്തകങ്ങളുള്ള കോട്ടയം വെണ്ടയാർ ജെജെഎംഎംഎച്ച്എസ്എസ്, പറവൂർ എസ്എൻഎച്ച്എസ്എസ്, കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് എച്ച്എസ്എസ് എന്നിവിടങ്ങളിൽ ഇതും ഉണ്ടായില്ല. എന്നാൽ സ്‌കൂൾ അഡിമിഷൻ സമയത്ത് ലൈബ്രറി ഫീസ് ഇനത്തിൽ ഒരു കുട്ടിയിൽ നിന്നും 25 രൂപ വീതം സ്‌കൂളുകൾ പിരിക്കുന്നുമുണ്ട്.
2015-ലെ കോടതി ഉത്തരവ് പ്രകാരമാണ് പതിനായിരം പുസ്തകങ്ങളുള്ള ഹയർസെക്കൻഡറി സ്‌കൂളുകൾക്ക് ലൈബ്രേറിയനെ അനുവദിക്കാമെന്ന് വിദ്യാഭ്യാസ വകുപ്പ് ചട്ടമുണ്ടാക്കുന്നത്. എന്നാൽ ഇത് പ്രാവർത്തികമായില്ല. നിലവിൽ എല്ലാ സ്‌കൂളുകളിലും ലൈബ്രറിയുടെ ചുമതല ഏതെങ്കിലും ഒരു അദ്ധ്യാപകനെ ഏൽപ്പിക്കുകയാണ് ചെയ്യുന്നത്. സിബിഎസ്ഇ, ഐസിഎസ്ഇ, നവോദയ വിഭാഗങ്ങളിൽ ലൈബ്രറിയും ലൈബ്രേറിയനും ഉണ്ടെങ്കിൽ മാത്രമാണ് സ്‌കൂളുകൾക്ക് അനുമതി ലഭിയ്‌ക്കുക. എന്നാൽ സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ ലൈബ്രറിയുണ്ടെങ്കിലും ഏതെങ്കിലും അദ്ധ്യാപകന് അതിന്റെ ചുമതല നൽകുകയാണ് പതിവ്. പ്രതിവർഷം നൂറ് കണക്കിന് ലൈബ്രറി സയൻസ് ബിരുദധാരികൾ പുറത്തിറങ്ങുന്നുണ്ടെങ്കിലും അതും പരിഗണിക്കുന്നില്ലെന്നാണ് ആക്ഷേപം ഉയരുന്നത്.
















Comments