ഇന്ത്യയിലെ തനതു വിഭവങ്ങളെല്ലാം രുചികളിലെ വൈവിധ്യം കൊണ്ട് പ്രശസ്തമാണ്. ഓരോ ദേശത്തിനും അതിന്റെതായ രുചികളുണ്ട്. എന്നാൽ ഭക്ഷണപ്രേമികളുടെ മനസ് കവർന്ന ഇവയുടെ പ്രശസ്തി ഒരു പ്രദേശത്ത് മാത്രം ഒതുങ്ങി നിൽക്കുന്നവയല്ല. ഇന്ത്യൻ ഭക്ഷണത്തിന്റെ ആഗോള പ്രസക്തി വ്യക്തമാക്കുന്ന് ഫുഡ് ഗൈഡാണ് രുചിയുടെ ലോകത്ത് ചർച്ചയാകുന്നത്. ടേസ്റ്റ് അറ്റ്‌ലസ് എന്ന പ്രശസ്തമായ ഫുഡ് ഗൈഡാണ് ലോകത്തില മികച്ച പത്ത് കറികളുടെ പട്ടിക പുറത്തിറക്കിയത്. ലോകത്തെ രുചി വൈവിധ്യങ്ങളെയെല്ലാം പിറകിലാക്കി ആ പട്ടികയിൽ നമ്മുടെ മൂന്ന് കറികളാണ് ഇടം പിടിച്ചത്. ചോറിനും റൊട്ടിയ്‌ക്കും ബ്രെഡിനുമൊക്കെയൊപ്പം വിളമ്പാൻ കഴിയുന്ന ആ മൂന്നു കറികൾ ഏതെന്നല്ലേ? ഷാഹി പനീർ, മലായ് കോഫ്ത, ബട്ടർ ചിക്കൻ എന്നിവയാണ് ആ രുചി താരങ്ങൾ.
ഇന്ത്യയിലെ ഏറ്റവും ഇഷ്ടപ്പെട്ട കറികളിൽ ഒന്നാണ് ഷാഹി പനീർ. ഒരു നാടിനു മാത്രം സ്വന്തമാണ് ഈ വിഭവം എന്ന് പറയുക അസാധ്യമാണ്. ഇന്ത്യയിൽ മുഴുവനായി ഈ പനീർ വിഭവം ലഭ്യമാണ്. നല്ല മണവും കട്ടിയുള്ള ഗ്രേവിയുമാണ് കറിയുടെ പ്രത്യേകത. പ്രധാന ചേരുവ പനീർ ആണ്. റൊട്ടിയ്‌ക്കും പറാത്തയ്‌ക്കും നാനുമൊപ്പം ഷാഹി പനീർ ഏറെ രുചികരമാണ്. സ്വല്പം മധുരവും എന്നാൽ അതേസമയം തന്നെ സ്‌പൈസിയും ക്രീമി റിച്ചുമായ വിഭവമാണ് മലായ് കോഫ്ത. വെജിറ്റേറിയൻ പ്രിയർക്കു ഏറെ ഇഷ്ടപ്പെടുന്ന ഈ കറിയും പറാത്തയ്‌ക്കും നാനുമൊക്കെയൊപ്പം കഴിക്കാവുന്നതാണ്.
പൂർണ്ണമായും ഇന്ത്യൻ കറിയാണ് ബട്ടർ ചിക്കൻ. ബട്ടർ, ചിക്കൻ, സ്പൈസസ്, തക്കാളി ഇവയെല്ലാമാണ് ഈ കറിയിലെ പ്രധാനപ്പെട്ട ചേരുവകൾ. വളരെ എളുപ്പത്തിൽ തയാറാക്കാൻ പറ്റുന്നതും അതേസമയം തന്നെ അതീവ രുചികരവുമാണ് ബട്ടർ ചിക്കൻ.
തായ്ലൻഡിൽ നിന്നുമുള്ള ഫാനേങ് എന്ന കറിയാണ് ടേസ്റ്റ് അറ്റ്‌ലസിന്റെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്തുള്ളത്. 4.9 ആണ് ഇതിനു റേറ്റിങ് ലഭിച്ചിരിക്കുന്നത്. വടക്കൻ തായ്ലൻഡിലെ ഖാവോ സോയി 4.8 റേറ്റിങ്ങോടെ രണ്ടാം സ്ഥാനത്തു എത്തിയപ്പോൾ ജപ്പാനിൽ നിന്നുമുള്ള കാരെ എന്ന കറിയ്‌ക്കാണ് മൂന്നാം സ്ഥാനം. നാലും അഞ്ചും ആറും സ്ഥാനങ്ങളിൽ യഥാക്രമം ഷാഹി പനീറും മലായ് കോഫ്തയും ബട്ടർ ചിക്കനുമാണ്. 4.7 റേറ്റിങ്ങാണ് ഷാഹി പനീറിനും മലായ് കോഫ്തയ്‌ക്കും ലഭിച്ചത്. 4.6 സ്റ്റാർ റേറ്റിങ് ആണ് ബട്ടർ ചിക്കന്.















