ചെന്നൈ: തമിഴ്‌നാട്ടിലെ കൂഡല്ലൂരിൽ രണ്ട് ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. എഴുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. കൂഡല്ലൂർ ജില്ലയിലെ നെല്ലികുപ്പത്തിന് അടുത്തുള്ള പട്ടംബക്കത്തിലാണ് അപകടമുണ്ടായത്. കൂഡല്ലൂർ – പന്‌റൂത്തി റൂട്ടിലോടുന്ന രണ്ട് സ്വകാര്യ ബസുകൾ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു.
ബസിന്റെ മുൻവശത്തെ ടയറുകളിൽ ഒന്ന് പഞ്ചറാവുകയും ഇതോടെ ബസിന്റെ നിയന്ത്രണം വിട്ട് എതിരെ വരികയായിരുന്ന മറ്റൊരു ബസുമായി ഇടിക്കുകയുമായിരുന്നു. പരിക്കേറ്റവരെ കൂഡല്ലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആംബുലൻസ് എത്തുന്നതിന് മുമ്പ് പ്രദേശവാസികളാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും തമിഴ്‌നാട് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.
















Comments