ഡൽഹി: അമേരിക്കൻ സന്ദർശനത്തിന്റെ വിശദാംശങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രസിഡന്റ് ജോ ബൈഡന്റെയും ഡോ. ജിൽ ബൈഡന്റെയും ക്ഷണപ്രകാരമാണ് സന്ദർശനത്തിനായി അമേരിക്കയിലേക്ക് തിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ പ്രത്യേക ക്ഷണം ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള പങ്കാളിത്തത്തിന്റെ ശക്തിയുടെയും ചൈതന്യത്തിന്റെയും പ്രതിഫലനമാണ്. ന്യൂയോർക്കിൽ സന്ദർശനം ആരംഭിക്കും. ജൂൺ 21-ന് ഐക്യരാഷ്‌ട്രസഭയുടെ ആസ്ഥാനത്ത് യുഎൻ നേതൃത്വത്തിനൊപ്പവും മറ്റ് രാജ്യങ്ങളിലെ അംഗങ്ങൾക്കൊപ്പവും താൻ അന്താരാഷ്‌ട്ര യോഗ ദിനം ആഘോഷിക്കുമെന്നും, അന്താരാഷ്‌ട്ര യോഗാ ദിനം അംഗീകരിച്ച അതേ സ്ഥലത്ത് ഇങ്ങനെയൊരു പരിപാടിയിൽ പങ്കെടുക്കുന്നതിൽ സന്തോഷമുണ്ടെന്നും നരേന്ദ്രമോദി പറഞ്ഞു. സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യങ്ങൾ പ്രധാനമന്ത്രി വ്യക്തമാക്കിയത്.
‘യോഗ ദിന പരിപാടികൾക്ക് ശേഷം പ്രസിഡന്റ് ബൈഡനെ സന്ദർശിക്കും. 2021 സെപ്റ്റംബറിൽ നടന്ന അവസാന ഔദ്യോഗിക സന്ദർശനത്തിന് ശേഷം നിരവധി തവണ അദ്ദേഹത്തെ കണ്ടുമുട്ടാൻ അവസരം ലഭിച്ചിരുന്നു. ഈ സന്ദർശനം ഇരു രാജ്യങ്ങളുടെയും പങ്കാളിത്തത്തിന്റെ ആഴവും വൈവിധ്യവും സമ്പന്നമാക്കുന്നതിനുള്ള അവസരമായിരിക്കും. ഇന്ത്യ-യുഎസ് ബന്ധം ബഹുമുഖ മേഖലകളിലുടനീളം ശക്തമാണ്. ചരക്കുകളിലും സേവനങ്ങളിലും ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യുഎസ്. ശാസ്ത്രം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ആരോഗ്യം, പ്രതിരോധം, സുരക്ഷാ മേഖലകളിൽ ഞങ്ങൾ സഹകരിച്ച് പ്രവർത്തിക്കുന്നു. ക്രിട്ടിക്കൽ & എമർജിംഗ് ടെക്നോളജീസ് എന്ന സംരംഭം പ്രതിരോധ വ്യാവസായിക സഹകരണം, ബഹിരാകാശം, ടെലികോം, ക്വാണ്ടം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബയോടെക് തുടങ്ങിയ മേഖലകളിൽ പുതിയ മാനങ്ങളും വിശാല സഹകരണവും വർദ്ധിപ്പിച്ചു. ഇന്തോ-പസഫിക്കിനെക്കുറിച്ച് ഞങ്ങൾ തമ്മിൽ പങ്കിട്ട കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇരു രാജ്യങ്ങളും നല്ല രീതിയിൽ സഹകരിക്കുന്നുണ്ട്. ഉഭയകക്ഷി സഹകരണം ഏകീകരിക്കുന്നതിനും, ജി20, ക്വാഡ്, ഐപിഇഎഫ് തുടങ്ങിയ ബഹുരാഷ്‌ട്ര ഫോറങ്ങൾക്ക് കരുത്ത് പകരുന്നതിനും ബൈഡനുമായും മറ്റ് മുതിർന്ന യുഎസ് നേതാക്കളുമായും ഞാൻ നടത്തുന്ന ചർച്ചകൾ അവസരമൊരുക്കും. ബൈഡനും ഡോ. ജിൽ ബൈഡനും മറ്റ് പ്രമുഖർക്കൊപ്പവും വിരുന്നിൽ പങ്കെടുക്കുന്നതിൽ സന്തോഷമുണ്ട്’.
‘ഇന്ത്യ-യുഎസ് ബന്ധത്തിന് യുഎസ് കോൺഗ്രസ് എപ്പോഴും ശക്തമായ ദ്വികക്ഷി പിന്തുണ നൽകിയിട്ടുണ്ട്. സന്ദർശന വേളയിൽ, കോൺഗ്രസ് നേതൃത്വത്തിന്റെ ക്ഷണപ്രകാരം യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ ഞാൻ അഭിസംബോധന ചെയ്യും. നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള വിശ്വാസം വളർത്തിയെടുക്കുന്നതിൽ ജനങ്ങൾ തമ്മിലുള്ള ബന്ധം സഹായകമായിട്ടുണ്ട്. നമ്മുടെ ഏറ്റവും മികച്ച സമൂഹങ്ങളെ പ്രതിനിധീകരിക്കുന്ന ഊർജ്ജസ്വലരായ ഇന്ത്യൻ-അമേരിക്കൻ കമ്മ്യൂണിറ്റിയെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, നിക്ഷേപ ബന്ധം ഉയർത്തുന്നതിനും ആഗോള വിതരണ ശൃംഖല കെട്ടിപ്പടുക്കുന്നതിനുമുള്ള അവസരങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ചില പ്രമുഖ സിഇഒമാരെയും കാണും. ജനാധിപത്യം, വൈവിധ്യം, സ്വാതന്ത്ര്യം എന്നീ മൂല്യങ്ങളെ അടിസ്ഥാനമാക്കി ഇന്ത്യ-അമേരിക്ക ബന്ധത്തെ ശക്തിപ്പെടുത്താൻ ഈ സന്ദർശനം കൊണ്ട് സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ആഗോള വെല്ലുവിളികളെ നേരിടുന്നതിൽ ഇരുരാജ്യങ്ങളും ഒരുമിച്ച് ശക്തമായി നിലകൊള്ളുന്നു’.
‘പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയുടെ ക്ഷണപ്രകാരം ഞാൻ കെയ്‌റോയിലേക്കും പോകും. സൗഹൃദപരമായ ഈ രാജ്യത്തേക്ക് ആദ്യമായി സന്ദർശനം നടത്തുന്നതിൽ ഞാൻ ആവേശഭരിതനാണ്. ഈ വർഷത്തെ ഇന്ത്യുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ പ്രസിഡന്റ് സിസിയെ മുഖ്യാതിഥിയായി സ്വീകരിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടായിരുന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ നടന്ന ഈ രണ്ട് സന്ദർശനങ്ങളും ഈജിപ്തുമായുള്ള ഇന്ത്യയുടെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന പങ്കാളിത്തത്തിന്റെ പ്രതിഫലനമാണ്. ഇരു രാജ്യങ്ങളുടെയും നാഗരികവും ബഹുമുഖവുമായ പങ്കാളിത്തത്തിന് കൂടുതൽ ഊർജം പകരാൻ പ്രസിഡന്റ് സിസിയുമായും ഈജിപ്ഷ്യൻ ഗവൺമെന്റിലെ മുതിർന്ന അംഗങ്ങളുമായും നടത്തുന്ന ചർച്ചകൾക്ക് കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഈജിപ്തിലെ ഊർജസ്വലരായ ഇന്ത്യൻ പ്രവാസികളുമായി സംവദിക്കാനും അവസരം ലഭിക്കും’- എന്ന് പ്രധാനമന്ത്രി പറഞ്ഞു.
Comments