മുംബൈ: ഏഷ്യാകപ്പ് ഉറപ്പായതു മുതൽ തുടങ്ങിയ നാടകം അവസാനിപ്പിക്കാതെ പാകിസ്താൻ. ഒക്ടോബർ-നവംബർ മാസങ്ങളായി ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ പങ്കെടുക്കാതിരിക്കാൻ തുടരെ തുടരെ ഓരോ കാരണങ്ങൾ കുത്തിപ്പൊക്കി പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന പാകിസതാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഐ.സി.സിയും ബി.സി.സി.ഐയും രംഗത്തെത്തി.
മത്സരം ക്രമം പ്രഖ്യാപിക്കാൻ വൈകുന്നത് പാകിസ്താൻ ബോർഡ് കാരണമെന്ന് ബി.സി.സി.ഐ വൃത്തങ്ങൾ പറഞ്ഞു.
രണ്ടാഴ്ച മുമ്പ് തന്നെ ബിസിസിഐ സമർപ്പിച്ച കരട് മത്സരക്രമം ടീമുകളുടെ പരിഗണക്കായി അതത് ക്രിക്കറ്റ് ബോർഡുകൾക്ക് ഐസിസി അയച്ചു കൊടുത്തിരുന്നു. വേദികളും മത്സരക്രമവും സംബന്ധിച്ച് മറ്റ് ടീമുകളൊന്നും എതിർപ്പറിയിച്ചില്ലെങ്കിലും പാക്കിസ്താൻ ക്രിക്കറ്റ് ബോർഡ് എതിർപ്പുമായി രംഗത്തെത്തിയതാണ് ഔദ്യോഗികമായി ലോകകപ്പ് മത്സരക്രമം പുറത്തിറക്കാനാവാത്ത സാഹചര്യമുണ്ടാക്കിയത്.
സ്പിന്നിനെ തുണയ്‌ക്കുന്ന ചെന്നൈ പിച്ചിൽ നിന്ന് അഫ്ഗാനിസ്ഥാനെതിരായ മത്സരം മാറ്റണമെന്നതാണ് ആദ്യത്തെ ആവശ്യം. ബെഗളുരുവിലേക്ക് മത്സരം മാറ്റണം. ഓസ്‌ട്രേലിയ്‌ക്കെതിരെ ഇവിടെ നടക്കുന്ന മത്സരം ചെന്നൈയിലേക്കു മാറ്റണമെന്നും ആവശ്യമുണ്ട്. ചെന്നൈയിലെ സ്പിൻ പിച്ചിൽ അഫ്ഗാൻ സ്പിന്നർമാരായ റാഷിദ് ഖാൻ, നൂർ അഹമ്മദ്, മുജീബ് ഉർ റഹ്മാൻ എന്നിവരെ നേരിടുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന വിലയിരുത്തലിലാണ് വേദിമാറ്റം പാക് ബോർഡ് ആവശ്യപ്പെട്ടത്. എന്നാൽ ഈ ആവശ്യം ബിസിസിഐ തള്ളിക്കളയുകയും ഇപ്പോൾ ഐസിസിയുടെ മദ്ധ്യസ്ഥശ്രമത്തിൽ ചർച്ച നടക്കുകയുമാണ്.
ഇന്ത്യയുമായി അഹമ്മദാബിൽ കളിക്കുന്നതിനും പാകിസ്താൻ തടസമുന്നയിച്ചിരുന്നു. സുരക്ഷാ കാരണങ്ങളാൽ അഹമ്മദാബാദിൽ കളിക്കാനാവില്ലെന്നായിരുന്നു പിസിബിയുടെ നിലപാട്. വേദികൾ സംബന്ധിച്ച് പാകിസ്താൻ ഓരോ തവണയും ഓരോ തടസമുന്നയിക്കുന്നതാണ് മത്സരക്രമം ഔദ്യോഗികമായി പുറത്തിറക്കാൻ തടസമാകുന്നതെന്ന് ബിസിസിഐ പ്രതിനിധി ഇൻസൈഡ് സ്‌പോർട്ടിനോട് പറഞ്ഞു.അതേസമയം അടുത്തയാഴ്ചയോടെ മത്സരം ക്രമം പുറത്തിറക്കിയേക്കും.
Comments