ഞാറ്റുവേലകളിലെ രാജാവായാണ് “തിരുവാതിര ഞാറ്റുവേല” അറിയപ്പെടുന്നത്. ഇതിനാൽ ഒരു കാർഷിക വർഷത്തിന്റെ ആരംഭവും ഈ ദിനത്തിലാണ്.ഈ വർഷത്തെ തിരുവാതിര ഞാറ്റുവേല ജൂൺ 22ന് ( മിഥുനം -7) വൈകുന്നേരം 5 . 48 ന് ആരംഭിക്കും. മലയാളിയുടെ കാർഷിക ചക്രം രൂപപ്പെടുത്തിയത് തന്നെ ഞാറ്റുവേലകളെ അടിസ്ഥാനമാക്കിയാണ്. കാർഷിക മേഖലയുടെ വരദാനമായാണ് ഞാറ്റുവേലകൾ അറിയപ്പെടുന്നത്.
സൂര്യന്റെ സമയമാണ് ഞാറ്റുവേലയായി കണക്കാക്കുന്നത്. ഒരു വർഷം ലഭിക്കുന്ന മഴയുടെ അളവിനെയും കാർഷിക വിളകളുടെ വളർച്ചയെയും കൂടി അടിസ്ഥാനപ്പെടുത്തിയാണ് ഞാറ്റുവേലകൾ കുറിച്ചുട്ടുള്ളത്. ഭൂമിയിൽ നിന്നും സൂര്യനെ നോക്കുമ്പോൾ സൂര്യൻ ഏതു നക്ഷത്രത്തിന് അടുത്താണോ നിൽക്കുന്നത് അതാണ് ഞാറ്റുവേല എന്നറിയപ്പെടുന്നത്.
അശ്വതി, ഭരണി, കാർത്തിക, രോഹിണി, മകീര്യം, തിരുവാതിര തുടങ്ങി രേവതി വരെയുള്ള ഇരുപത്തിയേഴ് നക്ഷത്രങ്ങളുടെ പേരിലാണ് ഞാറ്റുവേലകൾ അറിയപ്പെടുന്നത്. മറ്റു ഞാറ്റുവേലകളുടെ ശരാശരി ദൈർഘ്യം പതിമൂന്നര ദിവസമാണെങ്കിൽ തിരുവാതിരയുടേത് പതിനഞ്ച് ദിവസമാണ്.
ഞാറ്റുവേലകളിൽ കേമൻ തിരുവാതിര
27 ഞാറ്റുവേലകളിൽ എറ്റവും കേമം തിരുവാതിര ഞാറ്റുവേല തന്നെയാണ്. ഫലവൃക്ഷത്തൈകളും ചെടികളും കാർഷിക വിളകളും നടാനും മാറ്റി നടാനും പറ്റിയ സമയമാണിത്. മാവിന്റെയും പ്ലാവിന്റെയും കമ്പ് പോലും ഈ സമയത്ത് കുത്തിയാൽ വളരുമെന്നാണ് വിശ്വാസം. ഒരോ വിളയ്‌ക്കും അനുയോജ്യമായ ഞാറ്റുവേലകൾ എതാണന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
ഫലവൃക്ഷങ്ങളുടെ വിത്തുകൾ നടുന്നതിനും തണ്ട് നട്ട് മുളപ്പിക്കുന്ന എല്ലാ ചെടികൾക്കും തിരുവാതിര ഞാറ്റുവേലയാണ് ഏറ്റവും ഉത്തമം. കറുത്ത പൊന്ന് എന്നറിയപ്പെടുന്ന കുരുമുളക് നടുന്നതിന് ഏറ്റവും യോജിച്ച സമയം തിരുവാതിര ഞാറ്റുവേലയാണ്. കുരുമുളകും ഞാറ്റുവേലയുമായി ബന്ധപ്പെട്ട രസകരവും അൽപ്പം ഗൗരവവും നിറഞ്ഞ കഥ തന്നെ പ്രചാരത്തിലുണ്ട്.
തിരുവാതിര ഞാറ്റുവേലയുടെ പ്രത്യേകത തിരിമുറിയാതെ മഴ പെയ്യും എന്നുള്ളതാണ്. മഴയും വെയിലും ഒരേപോലെ കിട്ടുന്ന സമയമാണിത്. അതുകൊണ്ടു കൂടിയാണ് ചെടികൾ നടാൻ യോജിച്ച സമയമായി ഇത് മാറുന്നത്. കാലവർഷം ആരംഭിച്ച് കഴിഞ്ഞ് കിട്ടുന്ന ഈ ഇടവേളയിൽ മഴയുടെയും വെയിലിന്റെയും കാഠിന്യം താരതമ്യേന കുറവാണ്. അതിനാൽ തന്നെ ചെറുതായി തുടർച്ചയായി മഴ കിട്ടുന്നതു കൊണ്ടും കാർഷിക ജോലികൾക്ക് ഉത്തമമാണ് ഈ കാലം.
തിരുവാതിര ഞാറ്റുവേലയും കുരുമുളകും പിന്നെ സാമൂതിരിയും
വിദേശികൾ കേരളത്തിലെത്തിയത് നമ്മുടെ നാണ്യവിളകളും സുഗന്ധവ്യഞ്ജനങ്ങളും ലക്ഷ്യമിട്ട് കൊണ്ടാണ്. അതിനാൽ തന്നെ അവർ ആദ്യം കടത്തികൊണ്ടു പോകാൻശ്രമിച്ചത് കുരുമുളകിനെയാണ്. കോഴിക്കോട് കപ്പലിറങ്ങിയ പോർച്ചുഗീസുകാർ കുരുമുളകിന്റെ സാധ്യതകൾ മനസ്സിലാക്കി ഇതിന്റെ വള്ളികൾ തങ്ങളുടെ രാജ്യത്തേക്ക് കൊണ്ടുപോയി. കുരുമുളക് വള്ളി പോർച്ചഗലിലേക്ക് കൊണ്ടുപോയ വാർത്തയറിഞ്ഞ സാമൂതിരിയുടെ പ്രസിദ്ധമായ പ്രതികരണം ഇതായിരുന്നു,’സായിപ്പിന് കുരുമുളക് വള്ളിയല്ലേ കൊണ്ടുപോകാനാവൂ; നമ്മുടെ തിരുവാതിര ഞാറ്റുവേല കയറ്റിക്കൊണ്ടുപോകാനാവില്ലല്ലോ!’-എന്ന്. അത്രത്തേളം അഭേദ്യ ബന്ധമുണ്ട്, തിരുവാതിര ഞാറ്റുവേലയും കുരുമുളകും തമ്മിൽ.
തിരുവാതിര ഞാറ്റുവേലയിൽ തിരമുറിയാതെ മഴ പെയ്യണമെന്നാണ് പഴമക്കാർ പറയുന്നത്. മഴയ്‌ക്ക് മുന്നേ തന്നെ തിരുവാതിര കൃഷിയ്‌ക്ക് വേണ്ട നടീൽ വസ്തുക്കൾ തയ്യാറാക്കി വച്ചിട്ടുണ്ടാകും. ഇടവമാസത്തിലെ കനത്ത മഴയും അതിനെ തുടർന്ന് ഉയർന്ന പ്രദേശങ്ങളിൽ നിന്നും എക്കൽ മണ്ണ് ഒലിച്ചു കൃഷിയിടങ്ങളിൽ വന്നടിയുന്നു. ഈ ഫലഭൂയിഷ്ഠമായ മണ്ണാണ് അന്നത്തെ കൃഷിയുടെ ഏറ്റവും വലിയ വളം.
കൃഷി തന്നെ അപ്രത്യക്ഷമായ കേരളത്തിൽ തിരുവാതിര ഞാറ്റുവേല പലപ്പോഴും പേര് മാത്രമായി ഒതുങ്ങി. മലയാളിയുടെ കൃഷിയും കൃഷി രീതികളും മാറി, ഒപ്പം കാലാവസ്ഥയും ഏത് സമയത്തും ഏത് വിളയും നടമെന്നും വിളവെടുക്കാമെന്നുള്ള സ്ഥിതി വിശേഷം സംജാതമായി. എങ്കിലും ശുദ്ധമായ, ആരോഗ്യത്തിന് പരിരക്ഷ നൽകുന്ന ഭക്ഷണത്തിനും കൃഷി രീതികൾക്കുമാണ് എന്നും പ്രഥമ പരിഗണന നൽകേണ്ടത്. അതിനാൽ തന്നെ കഴിയുന്നത് പോലെ തിരിച്ചു പിടിക്കാൻ ശ്രമിക്കാം നമ്മുടെ കൃഷിയെയും കാർഷിക സംസ്‌കാരത്തെയും.















