ഭോപ്പാൽ: കടുവയെ പിടിച്ച കിടുവയെന്ന ചൊല്ലിനെ ഓർമ്മിപ്പിക്കുകയാണ് മദ്ധ്യപ്രദേശിലെ ഒരു പശുഫാമിൽ നിന്നുള്ള കാഴ്ച. പശുക്കളെ പേടിച്ച് കടുവ വിരണ്ടോടുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഭോപ്പാലിലെ കെർവയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം.
ഫാമിലേക്ക് ഒരു കടുവയെത്തുകയും അവിടെയുള്ള ഒരു പശുവിനെ ആക്രമിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഇതുകണ്ട് പാഞ്ഞെത്തിയ മറ്റ് പശുക്കൾ കടുവയെ ഓടിക്കുകയായിരുന്നു. പരിക്കേറ്റ പശുവിന് മുമ്പിൽ കാവൽഭടന്മാരെന്ന പോലെ മറ്റ് പശുക്കൾ രക്ഷാവലയം തീർത്തു. ഏകദേശം മൂന്ന് മണിക്കൂറോളം കടുവ തക്കം നോക്കി കാത്തിരുന്നെങ്കിലും പശുക്കളുടെ സുരക്ഷയെ ഖണ്ഡിക്കാൻ സാധിക്കാത്തതിനാൽ ഒടുവിൽ രക്ഷപ്പെട്ട് പോകേണ്ടി വന്നു കക്ഷിക്ക്.
76 ഏക്കറോളം വരുന്ന വലിയ ഫാമിലാണ് സംഭവം അരങ്ങേറിയത്. ഇവിടെ 50ഓളം സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ആറ് മാസത്തിനിടെ അഞ്ചാം തവണയാണ് ഫാമിലേക്ക് കടുവയെത്തുന്നതെന്നാണ് വിവരം. 14 അടിയോളം ഉയരത്തിൽ ഫാമിന് ചുറ്റുമായി പണിതുയർത്തിയിരിക്കുന്ന ഫെൻസ് തകർന്ന് കിടക്കുന്നതിനാലാണ് കടുവയടക്കമുള്ള വന്യമൃഗങ്ങൾ ഇരതേടി ഫാമിലേക്ക് വരുന്നതെന്ന് ഫാം ഉടമസ്ഥർ പ്രതികരിച്ചു. അതേസമയം പരിക്കേറ്റ പശുവിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
Comments