എഡ്ജ്ബാസ്റ്റൺ: ഓരോ പന്തിലും ആവേശം.. മാറി മറിയുന്ന സാദ്ധ്യതകൾ..വിജയ തേരേറാൻ പടനയിച്ച് പോരാളികൾ.. ഒടുവിൽ ഒന്നാം ആഷസ് ടെസ്റ്റിൽ യുദ്ധം ജയിച്ച് കമ്മിൻസ് നയിച്ച ഓസിസ് വിജയം നേടിയപ്പോൾ അതിന് ഇരട്ടിമധുരമായി. വിജയസാദ്ധ്യത വിരളമായിരുന്ന മത്സരത്തിൽ ഇംഗ്ലണ്ടിന്റെ കൈയിൽ നിന്ന് ഓസ്‌ട്രേലിയ അടിച്ചെടുക്കുകയായിരുന്നു വിജയം. ഓസിസ് സമനിലയ്‌ക്ക് വേണ്ടിയാകും ശ്രമിക്കുന്നതെന്ന് കരുതിയിരുന്ന ഇംഗ്ലണ്ടിന്റെ സമനില തെറ്റിക്കുന്ന പ്രകടനമായിരുന്നു ഓസിസ് ബാറ്റർമാരുടേത്.
പൊരുതിനിന്ന ഉസ്മാൻ ഖവാജയെ ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സ് മടക്കിയെങ്കിലും തോറ്റുകൊടുക്കാൻ കമ്മിൻസിന് മനസ്സില്ലായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ സ്റ്റുവർട്ട് ബ്രോഡും രണ്ട് വിക്കറ്റ് വീഴ്‌ത്തിയ ഒലി റോബിൻസണും ഓസീസിനെ മുൾമുനയിൽ നിർത്തിയെങ്കിലും പതറിയില്ല. വാലറ്റത്ത് നഥാൻ ലിയോണിനെ കൂട്ടുപിടിച്ച് കമ്മിൻസ് നടത്തിയ പോരാട്ടം ഒടുവിൽ ഫലം കണ്ടു. 44 റൺസുമായി കമ്മിൻസും 16 റൺസെടുത്ത ലിയോണും ചേർന്ന് ഓസ്‌ട്രേലിയൻ ചരിത്രത്തിൽ ഏഴുതിചേർത്തത് അവിസ്മരണീയ വിജയം.
രണ്ടാം ഇന്നിങ്‌സിൽ 282 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഓസീസിന് കഴിഞ്ഞ ദിവസം മൂന്ന് വിക്കറ്റുകൾ നഷ്ടമായിരുന്നു. സ്‌കോട്ട് ബൊളാണ്ടുമായി ചേർന്ന ഉസ്മാൻ ഖവാജയിലായിരുന്നു ഓസീസിന്റെ പ്രതീക്ഷ. എന്നാൽ അഞ്ചാം ദിനം തുടങ്ങിയപ്പോൾ തന്നെ 20 റൺസെടുത്ത ബോളാണ്ട് കൂടാരം കയറി. ഓസീസിന്റെ അടുത്ത പ്രതീക്ഷയായ ട്രാവിസ് ഹെഡിനും അധികം ആയുസുണ്ടായില്ല. സ്‌കോർ 145ൽ നിൽക്കെ 16 റൺസെടുത്ത ഹെഡിനെ മൊയീൻ അലി മടക്കി. 20 റൺസെടുത്ത അലക്‌സ് ക്യാരിയെ പുറത്താക്കിയതോടെ ഇംഗ്ലണ്ട് വിജയമുറപ്പിച്ച മട്ടായിരുന്നു.
81ാമത്തെ ഓവറിൽ ക്യാരി പുറത്താകുമ്പോൾ ജയിക്കാൻ 55 റൺസ് വേണം. ആകെ രണ്ടുവിക്കറ്റ് മാത്രമേ ബാക്കിയുള്ളൂ. ഈ ഘട്ടത്തിലാണ് കമ്മിൻസ് അസാധാരണ പോരാട്ടവീര്യം പുറത്തെടുത്തത്. വാലറ്റത്ത് നഥാൻ ലിയോണിനെ കൂട്ടുപിടിച്ച് റൺറേറ്റ് കാത്ത് വിജയത്തിലേക്ക് പന്തടിച്ചുകയറ്റി. 73 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതമാണ് കമ്മിൻസിന്റെ ഇന്നിങ്‌സ്. ലിയോൺ 28 പന്തുകളെ അതിജീവിച്ച് രണ്ട് ഫോറുകൾ നേടി. പരമ്പരയിൽ ഓസീസ് 1-0 ലീഡ് നേടി.ലോർഡിസിൽ 28നാണ് രണ്ടാം ടെസ്റ്റ്. സ്‌കോർ: ഇംഗ്ലണ്ട് 393/8, 273, ഓസ്‌ട്രേലിയ 386, 282/8.
















Comments