ന്യൂഡൽഹി: അന്താരാഷ്‌ട്ര യോഗാ ദിനത്തിൽ ആവേശമുയർത്തുന്ന വീഡിയോ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. യോഗ ലോകത്തെ ഒരുമിപ്പിക്കുന്ന ചൈതന്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകത്ത് കോടിക്കണക്കിന് കുടുംബങ്ങളാണ് വസുധൈവ കുടുംബകം എന്ന സന്ദേശം ഉയർത്തി യോഗ ചെയ്യുന്നതെന്നും യോഗാദിനത്തിൽ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിൽ അദ്ദേഹം പറഞ്ഞു.
‘ഞാൻ ഇപ്പോൾ അമേരിക്കയിലാണ്. അതിനാലാണ് വീഡിയോ സന്ദേശങ്ങളിലൂടെ എല്ലാവരുമായും ഞാൻ ബന്ധപ്പെടുന്നത്. സുഹൃത്തുക്കളെ, നിങ്ങളോടൊപ്പം യോഗ ചെയ്യാൻ കഴിയുന്നില്ലെങ്കിലും ഇന്ന് വൈകുന്നേരം ഇന്ത്യൻ സമയം അനുസരിച്ച് ഏകദേശം 5.30 ന് യുഎൻ ആസ്ഥാനത്ത് യോഗദിന ചടങ്ങിൽ പങ്കെടുക്കും. ഈ പരിപാടിയിൽ ഇന്ത്യയുടെ ക്ഷണപ്രകാരം ലോകമെമ്പാടുമുള്ള 180-ലധികം രാജ്യങ്ങൾ ഒത്തുചേരും.
ലോകത്തെ ഒരുമിപ്പിക്കുന്ന ചൈതന്യമാണ് യോഗ. ലോകത്ത് കോടിക്കണക്കിന് കുടുംബങ്ങളാണ് വസുധൈവ കുടുംബകം എന്ന സന്ദേശം ഉയർത്തി യോഗ ചെയ്യുന്നത്. എല്ലാ വർഷത്തെ പോലെ ഈ വർഷവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ യോഗയുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ സംഘടിപ്പിക്കും.
യോഗ നമ്മുടെ ആന്തരിക ദർശനത്തെ വിപുലീകരിക്കുകയും ആ ബോധവുമായി നമ്മെ ബന്ധിപ്പിക്കുകയും ചെയ്യുന്നു. യോഗ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് മാത്രമല്ല, മൊത്തത്തിലുള്ള ക്ഷേമത്തിനും ഗുണം ചെയ്യും. ദിനം പ്രതി യോഗാഭ്യാസം ചെയ്യുകയാണെങ്കിൽ സമ്മർദ്ദം കുറയ്‌ക്കുകയും ഉത്കണ്ഠ, വിഷാദം എന്നിവയുടെ ലക്ഷണങ്ങൾ മെച്ചപ്പെടുത്തും. കൂടാതെ, ഉത്കണ്ഠയും വിഷാദ രോഗലക്ഷണങ്ങളും കുറയ്‌ക്കുകയും ചെയ്യും.’- വീഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
Comments