ലണ്ടൻ: ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനായി ടൈറ്റാൻ ജലപേടകം തകർന്നുവെന്നും യാത്രികരായ അഞ്ച് പേരും മരിച്ചുവെന്നുമുള്ള വാർത്തകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ ഈ ദുരന്തം മുൻകൂട്ടി ആരെങ്കിലും പ്രവചിച്ചിരുന്നോ എന്ന കാര്യമാണ് സമൂഹമാദ്ധ്യമങ്ങളിൽ വളരെയധികം ചർച്ചയായിരിക്കുന്നത്. ബാബ വംഗയോ, നോസ്ട്രഡാമസോ പ്രവചിക്കാത്ത ഈ ദുരന്തം ഒരു ടെലിവിഷൻ ഷോ പ്രവചിച്ചിരുന്നു എന്ന വാർത്തകളാണ് പുറത്തു വരുന്നത്.
സമൂഹമാദ്ധ്യമങ്ങളിൽ മുഴുവൻ ശ്രദ്ധ നേടിയിരിക്കുന്നത് സിംപ്‌സൺസിന്റെ പ്രവചനമാണ്. സിംപ്‌സൺസിന്റെ ആനിമേറ്റഡ് ഷോ യഥാർത്ഥ സംഭവങ്ങളുമായി വളരെയധികം ഇഴ ചേർന്ന് നിൽക്കുന്നതാണെന്ന് ആരാധകർ പറയുന്നു. 2006-ൽ സിംപ്‌സൺസിന്റെ 12-ാം സീസണിലായിരുന്നു ഈ ദുരന്തവുമായി സാമ്യമുള്ള എപ്പിസോഡ് സംപ്രേഷണം ചെയ്തത്. ഇതിൽ സമുദ്രത്തിന് അടിയിൽ വെച്ച് ഓക്‌സിജൻ നഷ്ടപ്പെടുന്നതിന്റെ രംഗങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്.
ഈ എപ്പിസോഡിൽ ഹോമർ സിംപ്സൺ തന്റെ പിതാവുമായി സമുദ്രത്തിനുള്ളിൽ നിധി വേട്ടയ്‌ക്ക് പോകുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. സംഭവത്തിന് പിന്നാലെ മുങ്ങി തകർന്ന് കിടക്കുന്ന ഒരു കപ്പലും നിറയെ നിധിയും ഇവർ കണ്ടെത്തുന്നുണ്ട്. എന്നാൽ ഇവരുടെ അന്തർവാഹിനി ഒരിടത്ത് കുടുങ്ങി പോകുന്നതാണ് എപ്പിസോഡിൽ കാണിക്കുന്നത്. തുടർന്ന് ഇരുവർക്കും ഓക്സിജൻ മുഴുവൻ നഷ്ടപ്പെട്ട് ബോധം മറയുന്നു. എന്നാൽ ഹോമർ മൂന്ന് ദിവസം കഴിഞ്ഞ് ബോധം വന്നപ്പോൾ ആശുപത്രിയിൽ കിടക്കുന്നതായും എപ്പിസോഡിൽ ചിത്രീകരിച്ചിട്ടുണ്ട്. ഇയാൾ രക്ഷപ്പെട്ടതായും എപ്പിസോഡിൽ കാണിക്കുന്നുണ്ട്.
ഇപ്പോഴിതാ ടൈറ്റൻ അന്തർവാഹിനി കാണാതായതോടെ ഈ എപ്പിസോഡ് വൈറലായിരിക്കുന്നത്. നിരവധി ആളുകളാണ് ഇവ തമ്മിലുള്ള സാമ്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. മുൻപ് ഷോ നടത്തിയിരുന്ന മൈക്ക് റീസും ഇക്കാര്യത്തെ കുറിച്ച് പ്രതികരിച്ചു. വലിയ അമ്പരപ്പിലാണ് അദ്ദേഹം. നിരവധി പേർ സിംപ്സൺസിന്റെ പഴയ പ്രവചനങ്ങളെ കുറിച്ചും സംസാരിക്കുന്നുണ്ട്.
















Comments