വെള്ളിത്തിരയിൽ എന്നും ആദരവോടെ നോക്കി കാണുന്ന നായികമാരിൽ ഒരാളാണ് ശോഭന. 80-കളിലും 90-കളിലും നിറസാന്നിദ്ധ്യമായിരുന്ന താരത്തെ തേടിയെത്തിയിരുന്നതൊക്കെയും മികച്ച വേഷങ്ങളായിരുന്നു. ഒട്ടനവധി സിനിമകളിലൂടെ മികവ് കാഴ്ചവെച്ചെങ്കലും ഇന്ന് ആരാധകരുടെ മനസ്സിൽ മങ്ങാതെ നിൽക്കുന്നത് മണിച്ചിത്രത്താഴിലെ ഗംഗാ എന്ന കഥാപാത്രമായിരിക്കാം. നാഗവല്ലി എന്ന ഐക്കോണിക് കഥാപാത്രത്തെ താരം മികവുറ്റതാക്കി പ്രേക്ഷകർക്കുമുന്നിൽ എത്തിക്കുകയായിരുന്നു. മറ്റു പല ഭാഷകളിലേക്കും ചിത്രം റീമേക്ക് ചെയ്‌തെങ്കിലും നാഗവല്ലിയിലെ പൂർണ്ണത ശോഭനയിൽ മാത്രമായിരുന്നു കാണാൻ സാധിച്ചിരുന്നത്.
പിന്നീട് സിനിമയിൽ നിന്നും ഇടവേളയെടുത്ത താരം നൃത്തത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. അഭിനയരംഗത്ത് നിന്നും താരം ഇടവേളയെടുത്തെങ്കിലും ശോഭന നൃത്തവേദികളിൽ നിറസാന്നിദ്ധ്യമായിരുന്നു. തന്റെ വ്യക്തിപരമായ കാര്യങ്ങളിൽ എല്ലായ്‌പ്പോഴും സ്വകാര്യത പുലർത്തിയ താരം മാദ്ധ്യമങ്ങളിൽ നിന്നുൾപ്പെടെ അകലം പാലിച്ചിരുന്നു. അഭിമുഖങ്ങളിൽ വ്യക്തിപരമായ കാര്യങ്ങൾ ചോദിക്കാൻ ശോഭന അനുവദിക്കാറില്ല. എന്നാൽ മുൻപ് തന്റെ കുടുംബത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ താരം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ…
‘1,979 മുതൽ 1995 വരെ ഞാൻ ഒരു ദിവസം പോലും വീട്ടിൽ ഇരുന്നിട്ടില്ല. അച്ഛൻ ഒരിക്കൽ പോലും എന്തുകൊണ്ട് നീ ഡബിൾ ഷിഫ്റ്റ് എടുക്കുന്നു, ഒരു ഷിഫ്റ്റ് എടുത്ത് വീട്ടിൽ ഇരുന്നാൽ പോരെ എന്ന് പറഞ്ഞിട്ടില്ല. തീർച്ചയായും അദ്ദേഹത്തിന് എന്റെയൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹമുണ്ടായിരുന്നു. ഞാൻ ഒറ്റ മകളാണ്. പാവം.. അദ്ദേഹം ഒന്നും പറഞ്ഞില്ല. ഞങ്ങൾ ഒരുമിച്ച് സമയം ചെലവഴിച്ചില്ലെന്ന ഒറ്റ വിഷമം മാത്രമേ ഉള്ളൂ.’
ചന്ദ്രകുമാർ പിള്ള എന്നായിരുന്നു ശോഭനയുടെ പിതാവിന്റെ പേര്. അന്ന് അഭിമുഖത്തിൽ അഭിനയം നിർത്താമെന്ന് തീരുമാനിച്ചതിന് പിന്നിലെ കാരണവും ഇതായിരുന്നുവെന്ന് ശോഭന വ്യക്തമാക്കി. കരിയറിലെ മികച്ച സമയത്ത് സിനിമകളിൽ മാത്രമായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്നും ഒരു ദിവസം ഇതെല്ലാം മതിയാക്കാമെന്ന് തോന്നുകയായിരുന്നുവെന്നും താരം പറഞ്ഞു.
















Comments