രണ്ടരപതിറ്റാണ്ടുകാലത്തെ പുടിൻ യുഗത്തിനിടയിലെ ഏറ്റവും വലിയ പരീക്ഷണത്തിൽ കൂടി കടന്നു പോവുകയാണ് റഷ്യ. ഉക്രെയ്‌നുമായി റഷ്യ നടത്തുന്ന പോരാട്ടം ഇരുകൂട്ടർക്കും പ്രത്യേകിച്ചൊരു വിജയം സമ്മാനിക്കാതെ അപ്രവചനീയമായി കടന്നുപോകുമ്പോഴാണ് റഷ്യക്കുള്ളിൽ നിന്നൊരു വിമത സ്വരം ഒരു പട്ടാള അട്ടിമറിയുടെ സ്വഭാവത്തിലേക്ക് നീങ്ങുന്നത്. ഇന്നലെ വരെ വ്ലാദിമിർ പുട്ടിന്റെ വലം കൈ ആയിരുന്ന യേവ്ഗനി പ്രിഗോഷിൻ എന്ന റഷ്യൻ ശത കോടീശ്വരനാണ് ഇപ്പോൾ റഷ്യൻ സൈന്യത്തിനെതിരെ ആയുധം തിരിക്കുന്നത്. വാഗ്നർ ഗ്രൂപ്പ് എന്നറിയപ്പെടുന്ന ഒരു കൂലിപ്പട്ടാളത്തിന്റെ ഉടമസ്ഥനായ ഇയാളെ “പുട്ടിന്റെ വേട്ടപ്പട്ടി” എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസ്സരിച്ച് റഷ്യയുടെ സൈനിക ക്യാമ്പുകൾ വാഗ്നർ ഗ്രൂപ്പ് ആക്രമിച്ചു കഴിഞ്ഞു. പലയിടത്തും റോഡുകളിൽ അവർ ഗതാഗത തടസ്സം സൃഷ്ടിക്കുന്നുണ്ട്.റഷ്യൻ സേനയുടെ മൂന്നു ഹെലികോപ്റ്ററുകൾ വെടിവെച്ചിട്ടതായി വാഗ്നർ ഗ്രൂപ്പ് അവകാശപ്പെട്ടിട്ടുണ്ട്. റോസ്തോവ് ഓൺ ഡോൺ, വൊറോണേഷ് എന്നീ റഷ്യൻ നഗരങ്ങളുടെ നഗരങ്ങളുടെ നിയന്ത്രണം ഇരുപത്തയ്യായിരം പേരടങ്ങുന്ന വാഗ്നർ സേന ഏറ്റെടുത്തു എന്നും റിപ്പോർട്ടുകളുണ്ട്. തങ്ങൾ മോസ്കോയിലേക്ക് നീങ്ങി സൈനിക രാഷ്‌ട്രീയ നേതൃത്വം ഏറ്റെടുക്കും എന്നാണ് യേവ്ഗനി പ്രിഗോഷിൻ പറയുന്നത്.
നിർണായകമായ ഒരു യുദ്ധം നടക്കുന്നതിനിടെ സ്വന്തം നാടിനെ പിന്നിൽ നിന്ന് കുത്തുകയാണ് യെവ്ഗനി പ്രിഗോഷിനും വാഗ്നർ ഗ്രൂപ്പും ചെയ്തിരിക്കുന്നതെന്നാണ് വ്ലാദിമിർ പുട്ടിന്റെ പ്രതികരണം. ഈ രാജ്യദ്രോഹത്തിനെതിരെ ശക്തമായ നടപടിയുണ്ടാവും എന്നും പുടിൻ പ്രതികരിച്ചു.
എന്താണ് വാഗ്നർ ഗ്രൂപ്പ്..? ആരാണ് പ്രിഗോസിന്‍…???
ഒറ്റവാക്കിൽ പറഞ്ഞാൽ റഷ്യയുടെ പ്രച്ഛന്നസേനയാണ് വാഗ്നർ ഗ്രൂപ്പ്. ഇവർ ലോകമെങ്ങും വ്യാപിച്ചുകൊണ്ട് റഷ്യയെ നേരിട്ടോ അല്ലാതെയോ അനുകൂലിക്കുന്ന ഒരു റഷ്യൻ സ്വകാര്യ സൈനിക കമ്പനിയാണ്. 2013 ലാണ് ഈ ഗ്രൂപ്പ് രൂപീകരിച്ചത്. വാഗ്നർ ഗ്രൂപ്പ് പൂർണമായും സ്വകാര്യമല്ല അതിന് റഷ്യൻ സർക്കാരുമായി കൃത്യമായ ബന്ധങ്ങളുണ്ട്. 2014-ൽ റഷ്യ ക്രിമിയ പിടിച്ചടക്കിയ സമയത്താണ് പ്രിഗോഷിന്റെ വാഗ്നർ കൂലിപ്പടയാളി സൈന്യം ആദ്യമായി ലോകത്തിനു മുന്നിൽ ദൃശ്യമായത്. അതിനുശേഷം സിറിയ, ലിബിയ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, സുഡാൻ, മാലി, മൊസാംബിക് എന്നിവിടങ്ങളിൽ മോസ്കോയുടെ സ്വാധീനം ഉറപ്പിക്കാൻ ഇവർ പ്രച്ഛന്നയുദ്ധം നടത്തി. 2022 ൽ, ഈ ഗ്രൂപ്പ് ഒരു കമ്പനിയായി രജിസ്റ്റർ ചെയ്തു. അതിന്റെ ആസ്ഥാനം നിലവിൽ സെന്റ് പീറ്റേഴ്സ്ബർഗിലാണ്.
യെവ്ഗെനി പ്രിഗോഷിൻ എന്ന റഷ്യൻ ശത കോടീശ്വരനാണ് വാഗ്നർ ഗ്രൂപ്പിന്റെ കമാണ്ടർ അഥവാ ഉടമ. ഇയാൾ മുൻപ് അറിയപ്പെട്ടിരുന്നത് പുട്ടിന്റെ പാചക്കാരൻ എന്നായിരുന്നു . റസ്റ്ററന്റ് ശൃംഖലാ – ബിസിനസിലൂടെയാണു പ്രിഗോഷിൻ ധനികനായത്. 2016-ലെ അമേരിക്കൻ തിരഞ്ഞെടുപ്പിൽ ഇടപെട്ടതിന് അമേരിക്കയിലെ ഫെഡറൽ ഗ്രാൻഡ് ജൂറി കുറ്റം ചുമത്തിയ 13 റഷ്യക്കാരിൽ ഒരാളായിരുന്നു അദ്ദേഹം .2018-ൽ അമേരിക്ക അയാളെ കുറ്റവാളിയായി പ്രഖ്യാപിച്ചു. എന്നാലും സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലെയും സുഡാനിലെയും സ്വര്‍ണഖനികളുടെ കാവല്‍ ജോലി നോക്കുന്നത് വാഗ്നര്‍ കൂലിപ്പട്ടാളമാണ്. പല അമേരിക്കന്‍ കമ്പനികളുടെയും ചില അമേരിക്കൻ സൈനിക താവളങ്ങളുടെയും വരെ കാവല്‍ പ്രിഗോഷിന്റെ കൂലിപ്പടയാണ്.
ഉക്രെയ്നുമായി റഷ്യ നടത്തുന്ന യുദ്ധത്തിൽ പ്രധാന ശക്തി വാഗ്നർ ഗ്രൂപ്പാണ്, കിഴക്കൻ ഉക്രേനിയൻ നഗരമായ ബഖ്മുട്ടിൽ അടുത്തിടെ നടന്ന ആകാരമാണത്തിൽ ഇവരുടെ പങ്കു കണ്ടെത്തിക്കഴിഞ്ഞു.ഈ സംഘടനയിലെ ഭൂരിഭാഗം അംഗങ്ങളും കുറ്റവാളികൾ ആണെന്ന് വ്യാപകമായ ആരോപണമുണ്ട്.(സമാനമായ ഒരു നാസിസ്റ്റ് സംഘടന ഉക്രെയ്നും ഉണ്ട്- ക്രൂരതയുടെ പര്യായമായ അവരെ അസോവ് ബ്രിഗേഡ് എന്നാണ് അറിയപ്പെടുന്നത് ).യുഎസ് നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ റിപ്പോർട് അനുസരിച്ച് ഇരു സംഘടനകളിലെയും 80 ശതമാനത്തിലധികം ആളുകളും കുറ്റവാളികളാണ്. ഇവരിൽ വിമുക്തഭടന്മാരും വിവിധ രാജ്യങ്ങളിലെ പൗരന്മാരും ഉണ്ട്. ഔദ്യോഗിക സൈന്യമല്ലാത്തത് കൊണ്ട് യുദ്ധഭൂമിയിൽ ഇവർ ചെയ്യുന്ന ക്രൂരതകൾക്ക് ഇരു രാജ്യങ്ങളും ഉത്തരവാദിത്തം പറയില്ല.
യേവ്ഗനി പ്രിഗോഷിന്റെ ഇപ്പോഴത്തെ പ്രശ്നം എന്താണ്..?
തങ്ങളുടെ ഔദ്യോഗിക സേനയെക്കൂടാതെ ചെചൈൻ – ബെലാറൂസ് സേനകളും വാഗ്നർ ഗ്രൂപ്പും ചേർന്നതാണ് റഷ്യയുടെ സൈനിക വ്യൂഹം. നിലവിൽ ഉക്രെയ്നിൽ ഏകദേശം അമ്പതിനായിരത്തിൽ കുറയാത്ത വാഗ്നർ പടയാളികൾ കൂലിയുദ്ധം നടത്തുന്നുണ്ടെന്നാണ് യു എന്നിന്റെ കണക്ക്. കഴിഞ്ഞ മാസങ്ങളിൽ റഷ്യയുടെ സൈനിക നേതൃത്വത്തിനെതിരെ യേവ്ഗനി പ്രിഗോഷിൻ ചില ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. യുക്രെയ്ൻ യുദ്ധത്തിൽ സ്വീകരിക്കേണ്ട തന്ത്രത്തിന്റെ കാര്യത്തിൽ ഇരുവിഭാഗവും തമ്മിൽ കടുത്ത തർക്കം നിലനിന്നിരുന്നു. യുദ്ധമുന്നണിയിൽ ഉക്രെയ്‌നുള്ളിലേക്ക് ഏറെ മുന്നേറിയ വാഗ്നർ ഗ്രൂപ്പ് അക്ഷരാർത്ഥത്തിൽ പദ്മവ്യൂഹത്തിൽപ്പെട്ട അഭിമന്യുവിനെപ്പോലെയായി എന്ന് പറയണം. റഷ്യൻ സൈന്യം വാഗ്നർ ഗ്രൂപ്പിനുള്ള സപ്ലെ നിലനിർത്തുന്നതിൽ പരാജയപ്പെട്ടു. ആവശ്യമായ വെടിമരുന്ന് പോലുമില്ലാതെ വാഗ്നർ ഉക്രെയ്‌ന്റെ വലയത്തിലായിപ്പോയിരുന്നു.
ഇത് റഷ്യൻ സൈനിക നേതൃത്വം അറിഞ്ഞുകൊണ്ടുള്ള കളിയാണ് എന്നാണ് പ്രിഗോഷിന്റെ വാദം.വാഗ്നർ ഗ്രൂപ്പിന്റെ യുക്രെയ്നിലെ താവളത്തിനു നേരെ റഷ്യൻ സൈന്യം ഷെല്ലിങ് നടത്തി എന്നും ആരോപണമുണ്ട്. ഇതോടെ പ്രിഗോഷിൻ റഷ്യക്ക് മേൽ യുദ്ധം പ്രഖ്യാപിച്ചു. തെക്കൻ റഷ്യയിലെ റോസ്തോവ് ഓണ്‍ ഡോണിലെ സൈനീക കേന്ദ്രങ്ങള്‍ തന്‍റെ നിയന്ത്രണത്തിലാണെന്ന് പ്രിഗോഷിന്‍ ഇത്തരം നീക്കങ്ങൾ ചതി ആണെന്നും വാഗ്നര്‍ ഗ്രൂപ്പ് പിന്നില്‍ നിന്ന് കുത്തിയെന്നുമാണ് വ്ലാദിമിർ പുടിന്‍ പറയുന്നത്. പക്ഷെ രാഷ്‌ട്രത്തോടായി ചെയ്ത പ്രസംഗത്തിൽ ഒരിടത്തും വാഗ്നർ ഗ്രൂപ്പ് തലവന്റെ പേര് പുട്ടിൻ പരാമർശിച്ചില്ല. മാത്രമല്ല വാഗ്നര്‍ ഗ്രൂപ്പ് റഷ്യയ്‌ക്കുവേണ്ടി നടത്തുന്ന പോരാട്ടങ്ങളെ അദ്ദേഹം പ്രശംസിക്കുകയൂം ചെയ്തു. റഷ്യന്‍ സേനയ്‌ക്കെതിരെ ആയുധമെടുക്കുന്നവര്‍ക്കുള്ള ഞങ്ങളുടെ മറുപടി നിര്‍ദ്ദയമായിരിക്കും എന്നുറപ്പിച്ചു പറയാൻ പുട്ടിൻ മറന്നില്ല.
എന്തായാലും റഷ്യ ഇപ്പോൾ ആഭ്യന്തര കലാപത്തിന്റെ വക്കിലാണ്. ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്ക് കടുത്ത നിയന്ത്രണമുണ്ട്. മോസ്കോ നഗരത്തില്‍ മിലിട്ടറി ട്രക്കുകൾ നിറഞ്ഞിരിക്കുന്നു.റോസ്തോവ് ഓണ്‍ ഡോണിലെ ജനങ്ങൾ വീടിനു പുറത്തിറങ്ങരുതെന്ന് റഷ്യന്‍ സൈന്യം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട് .
റഷ്യയുടെ ഭാവി വരും മണിക്കൂറുകളിൽ കൃത്യമായി അറിയാനാകും. ഒരു സുസംഘടിത സംവിധാനമുള്ള റഷ്യൻ സൈന്യത്തോട് മുട്ടാനുള്ള കോപ്പൊന്നും വാഗ്നർ ഗ്രൂപ്പിനില്ലെങ്കിലും പ്രിഗോഷിൻ അവകാശപ്പെടുന്നത് പോലെ റഷ്യൻ സൈനിക ദളങ്ങൾ അയാളോടൊപ്പം ചേർന്നാൽ പുട്ടിന്റെ ഭാവി അത്ര ശോഭനമായിരിക്കില്ല.
രഞ്ജിത് ജി കാഞ്ഞിരത്തിൽ
Comments