ഇൻഡോർ : ഉജ്ജയിനിലും ഇൻഡോറിലുമുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തി നടി സാറാ അലിഖാൻ .കാല ഭൈരവ് ക്ഷേത്രത്തിലും മഹാകാലേശ്വര ക്ഷേത്രത്തിലും (ഉജ്ജൈൻ), ഖജ്‌രാന ഗണേഷ് ക്ഷേത്രത്തിലും (ഇൻഡോർ) പ്രാർത്ഥനകൾ നടത്തുന്ന വീഡിയോകൾ സാറ ഇൻസ്റ്റഗ്രാമിൽ പങ്ക് വച്ചു .
പിങ്ക് സാരി ധരിച്ച് മഹാകാലേശ്വര് ക്ഷേത്രത്തിൽ കണ്ണടച്ച് ഇരുന്ന് പ്രാർത്ഥിക്കുന്ന സാറാ അലിഖാന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു . അടുത്തിടെ റിലീസ് ആയ സാരാ ഹത്കെ സാരാ ബച്ച്കെ എന്ന സിനിമയുടെ വിജയം ആഘോഷിക്കുന്ന വേളയിലാണ് സാറ ക്ഷേത്ര ദർശനത്തിനെത്തിയത്. ഇതാദ്യമായല്ല സാറ ക്ഷേത്രത്തിൽ എത്തുന്നത്. നേരത്തെ മെയ് മാസത്തിൽ സഹനടൻ വിക്കി കൗശലിനൊപ്പം നടി ക്ഷേത്ര ദർശനം നടത്തിയിരുന്നു.സെയ്ഫ് അലി ഖാന്റേയും ആദ്യ ഭാര്യ അമൃത സിംഗിന്റയും ഏക മകളാണ് സാറ അലി ഖാൻ. ഇസ്ലാമിക വിശ്വാസിയായ സാറ ക്ഷേത്ര ദർശനം നടത്തുന്നതിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു
എന്നാൽ താൻ ആളുകൾക്ക് വേണ്ടി പ്രവർത്തിക്കുന്നുവെന്നാണ് സാറ വിമർശനങ്ങളോട് പ്രതികരിച്ചത്. വിശ്വാസം തന്റെ വ്യക്തിപരമായ കാര്യമാണ് അതിൽ ഒരു തരത്തിലുള്ള വിമർശനങ്ങളും താൻ സ്വീകിരിക്കില്ലെന്നും സാറ പറഞ്ഞിരുന്നു. ‘ഞാൻ ബംഗ്ലാ സാഹിബിലോ മഹാകാലിലോ പോകുന്ന അതേ ഭക്തിയോടെ അജ്മീർ ഷെരീഫിലേക്ക് പോകും.
ഞാൻ ദർശനം തുടരും. ആളുകൾക്ക് എന്ത് വേണമെങ്കിലും പറയാം, എനിക്ക് ഒരു പ്രശ്‌നവുമില്ല. ഒരു സ്ഥലത്തിന്റെ ഊർജ്ജം നിങ്ങൾക്ക് ഇഷ്ടപ്പെടണം. ഞാൻ ഊർജ്ജത്തിൽ വിശ്വസിക്കുന്നു.’ എന്നും സാറ പ്രതികരിച്ചു.
















Comments