ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബംഗാളിൽ പ്രതിപക്ഷ ഐക്യം ഉണ്ടാകില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. നിലവിലെ സാഹചര്യത്തിൽ തൃണമൂലുമായി സഹകരിക്കാൻ സാധിക്കില്ലെന്നും യെച്ചൂരി വ്യക്തമാക്കി. ദേശീയ തലത്തിൽ ബിജെപിയ്‌ക്കെതിരെ പ്രതിപക്ഷ കക്ഷികൾ ഒന്നിക്കുന്ന സാഹചര്യം ഉറപ്പാക്കുമെന്നും എന്നാൽ ബംഗാളിൽ സ്ഥിതി വ്യത്യസ്ഥമാണെന്നും യെച്ചൂരി മാദ്ധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസിനൊപ്പവും മറ്റ് പ്രതിപക്ഷ പാർട്ടികളോടൊപ്പവും ഇടത് പാർട്ടികൾ സഹകരിച്ച് പ്രവർത്തിക്കും. ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് പ്രധാനം. ബിജെപി വിരുദ്ധ വോട്ട് ഭിന്നിച്ചുപോകാതിരിക്കാൻ സംസ്ഥാനതലത്തിൽ പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ചർച്ചകൾ ആരംഭിക്കും. ജനകീയപ്രശ്‌നങ്ങളിലും ദേശീയതലത്തിൽ ഒരുമിച്ചുള്ള പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കും. എന്നാൽ ബംഗാളിൽ സ്ഥിതി വ്യത്യസ്ഥമാണെന്നും യെച്ചൂരി പറഞ്ഞു.
ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി വൻ അക്രമമാണ് തൃണമൂൽ അഴിച്ചുവിടുന്നത്. തൃണമൂലിന്റെ അക്രമണത്തിനെതിരെ കോൺഗ്രസ് സംസ്ഥാന ഘടകം രംഗത്തുവന്നിരുന്നു. സംസ്ഥാനത്ത് കേന്ദ്ര സേനയെ വിന്യസിക്കണമെന്നും ഗവർണർ വിഷയത്തിൽ ഇടപെടണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. പാർട്ടി ലോക്‌സഭാ കക്ഷി നേതാവും പിസിസി അദ്ധ്യക്ഷനുമായ അധീർ രഞ്ജൻ ചൗധരിയാണ് ഗവർണർക്ക് പരാതി നൽകിയത്. കഴിഞ്ഞുദിവസം ചേർന്ന പിബി യോഗത്തിന്റെ ഔദ്യോഗിക പത്രക്കുറിപ്പിലും തൃണമൂലിന്റെ അക്രമണത്തിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു.
എന്നാൽ പട്‌നയിൽ നടന്ന പ്രതിപക്ഷ കക്ഷികളുടെ സംയുക്ത യോഗത്തിൽ ബംഗാളിലെ അക്രമങ്ങളെ കുറിച്ച് ഒരു കക്ഷികളും സംസാരിച്ചിരുന്നില്ല. എന്നാൽ യോഗം കഴിഞ്ഞ് നടന്ന പിബി യോഗത്തിലാണ് ബംഗാളിൽ തൃണമൂലിനൊപ്പം പ്രവർത്തിക്കാൻ സാധിക്കില്ലെന്ന് സിപിഎം വ്യക്തമാക്കിയിരുക്കുന്നത്.
Comments