കൊച്ചി : ലൈഫ് മിഷൻ കരാർ ക്രമക്കേട് കേസിൽ ഇഡി കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. കരാർ അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് സ്വപ്ന സുരേഷിന്റെ മൊഴി. കോൺസുലേറ്റ് ജനറലിന് കമ്മീഷൻ ലഭിക്കുന്നതിനാണ് കരാർ അട്ടിമറിച്ചത്. മൊഴിയുടെ പകർപ്പ് ജനം ടിവിയ്‌ക്ക് ലഭിച്ചു.
ടെൻണ്ടറില്ലാതെ കരാറുകാരെ തിരഞ്ഞെടുക്കാനുള്ള ചുമതല കോൺസുൽ ജനറിലിന് നൽകിയത് കമ്മീഷൻ തുക ഉറപ്പിക്കാനാണ്. പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിയിലാണെന്നും സ്വപ്ന ഇഡിക്ക് മൊഴി നൽകി. ലൈഫ്മിഷൻ കരാർ കോഴക്കേസിൽ ഇഡി – കലൂർ പിഎംഎൽഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് സ്വപ്ന സുരേഷിന്റെ വിശദമായ മൊഴിയുള്ളത്. പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ്. ഈ ചർച്ചകളിൽ മുഖ്യമന്ത്രിക്കും, എം ശിവശങ്കറിനുമൊപ്പം താനും പങ്കെടുത്തുവെന്ന് സ്വപ്ന മൊഴി നൽകിയിട്ടുണ്ട്.
2019 ലെ ധാരണാപത്രമനുസരിച്ച് കരാറുകാരെ കണ്ടെത്തുന്നതും, നിർമ്മാണം പൂർത്തിക്കുന്നതുമെല്ലാം സർക്കാർ മേൽനോട്ടത്തിലാകണമെന്നാണ്. ഭവന പദ്ധതിക്കായി റെഡ്ക്രസൻ്റ് നൽകുന്ന തുക സർക്കാർ ഏജൻസിക്ക് കൈമാറുകയെന്നത് മാത്രമായിരുന്നു യുഎഇ കോൺസുലേറ്റിന്റെ ചുമതല. എന്നാൽ ധാരണാപത്രം ഒപ്പിട്ടതിന്റെ അടുത്ത ദിവസം തന്നെ മുഖ്യമന്ത്രിയുടെ വസതിയിൽ യോഗം ചേർന്ന് ടെൻണ്ടർ വിളിക്കാതെ കരാറുകാരെ തിരഞ്ഞെടുക്കാനുള്ള ചുമതല കോൺസുൽ ജനറലിന് നൽകി. കോൺസുൽ ജനറലിന് പദ്ധതിയുടെ കമ്മീഷൻ കൈക്കലാക്കാനായാണ് ഇങ്ങനെ ചെയ്തതെന്നും, മുഖ്യമന്ത്രിയുടെ അറിവോടെയാണ് ലൈഫ്മിഷൻ കരാർ അട്ടിമറിക്കപ്പെട്ടതെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്. നിലവിൽ 11 പേരെ പ്രതികളാക്കി കുറ്റപത്രം നൽകിയ കേസിൽ ഇഡി അന്വേഷണം തുടരുകയാണ്. കൂടുതൽ പേരുടെ പങ്കാളിത്തം കണ്ടെത്തിയാൽ അധിക കുറ്റപത്രം നൽകും.
Comments