ഇമ്പമാർന്ന സ്വരമാധുരികൊണ്ട് മലയാളി മനസ് കീഴടിക്കിയ ഗാനഗന്ധർവ്വനാണ് കെജെ യേശുദാസ്. പ്രായഭേദമന്യേ അദ്ദേഹത്തിന്റെ സ്വരമാധുരി ആരാധകർ നെഞ്ചിലേറ്റുകയായിരുന്നു. യേശുദാസിന്റെ പാട്ടില്ലാതെ മലയാളികൾക്ക് ഒരു ദിനമുണ്ടാകില്ല എന്നതാണ് വാസ്തവം. മലയാളത്തിലെ പ്രിയ ഗായകനായി തുടരുമ്പോൾ തന്നെ ചില കാര്യങ്ങളിൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയ ആളാണ് യേശുദാസ്. അദ്ദേഹത്തിന്റെ ദേഷ്യം സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചാ വിഷയമായിട്ടുണ്ട്. ഒരിക്കൽ തനിയ്‌ക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച യുവാവിനെ അദ്ദേഹം തടഞ്ഞിരുന്നു. ഇത് പിന്നീട് വിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു.
ഇപ്പോഴിതാ അച്ഛന്റെ ദേഷ്യത്തെക്കുറിച്ച് മകൻ വിജയ് യേശുദാസ് പറഞ്ഞ വാക്കുകളാണ് സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധേയമാകുന്നത്. ആരെങ്കിലും വന്ന് അനാവശ്യമായി ചൊറിഞ്ഞാലാണ് ദേഷ്യം വരിക. അപ്പയുടെ ദേഷ്യം അതുപോലെ തന്നെ തനിയ്‌ക്കും കിട്ടിയിട്ടുണ്ടെന്നാണ് വിജയ് യേശുദാസ് പറയുന്നത്.
വിജയ് യേശുദാസിന്റെ വാക്കുകൾ…
“ദേഷ്യം വരാത്ത ആളുകൾ ആരാണുള്ളത്. തന്റെ പൂർണ സമയവും ഒരു കലയ്‌ക്ക് വേണ്ടി നൽകിയിരിക്കുന്ന ഒരാളെ ഇടയ്‌ക്ക് ആരെങ്കിലും വന്ന് ഒന്ന് തോണ്ടിയാൽ ചിലപ്പോൾ ദേഷ്യം വരും. എല്ലാവരുടെയും അവസ്ഥ അത് തന്നെയാണ്. എനിക്കും ആ ദേഷ്യം അതുപോലെ തന്നെ കിട്ടിയിട്ടുണ്ട്. അതിനെ കൺട്രോൾ ചെയ്യുന്നതിന് പകരം അതിനെ ഡീൽ ചെയ്യുകയാണ്. കൺട്രോൾ ചെയ്യാൻ നിന്നാൽ നമ്മൾ എപ്പോഴെങ്കിലും പൊട്ടിത്തെറിക്കും. അതിനേക്കാൾ നല്ലത് അതാണ്. കുറെയേറെ തിരക്കുകൾക്കിടയിലാണ് കുടുംബവും സുഹൃത്തുക്കളുമായി മുന്നോട്ടുപോകുന്നത്.
അതിനിടയിൽ ഒരു തട്ട് കിട്ടുമ്പോഴോ ചൊറിയാൻ വരുമ്പോഴോ എന്തിനാണ് നമ്മുടെ മെക്കിട്ട് കേറുന്നത് എന്ന് ആലോചിക്കും. ദേഷ്യം അത്ര നല്ല കാര്യമല്ല. അത്ര ദേഷ്യം വരുന്ന സമയത്ത് മാത്രമേ അപ്പ അങ്ങനെ പൊട്ടിത്തെറിച്ചിട്ടുള്ളു. ഞാനും അങ്ങനെയാണ്. എന്നാൽ ആർട്ടിസ്റ്റ് ആണെന്നതിന്റെ പേരിലൊന്നും പൊട്ടിത്തെറിച്ചിട്ടില്ല. ജനറലായിട്ടുള്ള കാര്യങ്ങൾക്കാണ് ദേഷ്യപ്പെട്ടിട്ടുള്ളത്.”
കുടുംബത്തിന് വലിയ പ്രാധാന്യം നൽകുന്ന ആളാണ് അച്ഛനെന്ന് വിജയ് പറയുന്നു. ഇതിന് ബാക്ക് ബോണായി അമ്മയും കൂടെയുണ്ട്. കുട്ടികൾ എപ്പോഴും തനിക്കൊപ്പം ഉണ്ടാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അതുകൊണ്ട് തന്നെ യാത്ര പോകുമ്പോഴെല്ലാം തന്നെ ഞങ്ങളെയും ഒപ്പം കൂട്ടാറുണ്ടെന്നും വിജയ് പറയുന്നു.
















Comments