ബെയ്ജിംഗ്: സർക്കാർ ഭരണസംവിധാനങ്ങളിൽ നിന്ന് മാർക്‌സിസം, ലെനിനിസം, മാവോയിസം ഉൾപ്പടെയുള്ള എല്ലാ പ്രത്യയശാസ്ത്രങ്ങളും നീക്കം ചെയ്ത് ചൈന. പ്രസിഡന്റ് ഷി ജിൻപിംഗിനോടുള്ള വിധേയത്വത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
പ്രസിഡന്റ് ഷി ജിൻപിംഗിന്റെ ആശയങ്ങളെയും സിദ്ധാന്തങ്ങളെയും മാത്രമാണ് റൂൾബുക്ക് ഇനി പരാമർശിക്കുക. സ്റ്റേറ്റ് കൗൺസിലിന്റെ മാർഗ്ഗനിർദ്ദേശങ്ങളിൽ തന്റെ പേര് മാത്രം അവശേഷിപ്പിച്ചുകൊണ്ട്, ചൈനീസ് ഭരണകൂടം ഭാവിയിൽ നേരിടാനിടയുള്ള എല്ലാ തിരിച്ചടികൾക്കും വ്യക്തിപരമായി സ്വയം ഉത്തരവാദിയാണ് ഷി ജിൻപിംഗെന്ന് റിപ്പോർട്ടുകൾ പറയുന്നു. മൂന്ന് വർഷത്തെ കഠിനമായ പാൻഡെമിക് പ്രതിരോധ നയങ്ങൾ, അന്താരാഷ്‌ട്ര സമൂഹവുമായുള്ള വ്യാപാരബന്ധം വഷളാകുക, വളർന്നുവരുന്ന മറ്റ് പ്രതിസന്ധികൾ എന്നിവയിലൂടെയുള്ള സാമ്പത്തിക പ്രത്യാഘാതങ്ങൾ കണക്കിലെടുക്കുമ്പോൾ ഷി ജിൻപിംഗ് അഭിമുഖീകരിക്കുന്ന അപകടസാധ്യതകൾ വളരെ വലുതാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നേരത്തെ മാർച്ച് 18-ന് ഇത് സംബന്ധിച്ചുള്ള വാർത്തകൾ ചൈനീസ് ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി പുറത്തുവന്നിരുന്നു. ‘മാർക്സിസം, ലെനിനിസം, മാവോ സേതുങ് ചിന്തകൾ, ഡെങ് സിയാവോപിങ്ങിന്റെ ചിന്തകൾ, മുൻ പ്രസിഡന്റുമാരായ ജിയാങ് സെമിൻ, ഹു ജിന്റാവോ എന്നിവരുടെ ആശയങ്ങൾ എന്നിവയെ കുറിച്ചുള്ള പരാമർശങ്ങൾ ”സ്റ്റേറ്റ് കൗൺസിലിനായുള്ള പ്രവർത്തന നടപടിക്രമങ്ങൾ” എന്ന രേഖയുടെ പുതിയ പതിപ്പിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. എന്നായിരുന്നു വാർത്തകൾ.














Comments