മാറ്റത്തിന്റെ പാത പിന്തുടരുന്ന എയർഇന്ത്യ എക്‌സ്പ്രസ് മെനുവിലും മാറ്റം വരുത്തി. സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ‘ഗൊർമേർ’ എന്ന് പേരിട്ടിരിക്കുന്ന പുത്തൻ മെനു അനുസരിച്ചുള്ള വിഭവങ്ങളാണ് ഇപ്പോൾ വിളമ്പുന്നത്.
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മാസ്റ്റർ ഷെഫ് മത്സര വിജയി കീർത്തി ഭൗട്ടിക തയ്യാറാക്കിയ രണ്ട് സിഗ്നേച്ചർ വിഭവങ്ങൾ ഉൾപ്പെടെ 19 വിഭവങ്ങളാണ് ഗൊർമേറിന്റെ ആകർഷണം. തദ്ദേശീയ വിഭവങ്ങളും ഉത്തരേന്ത്യൻ ഫ്യൂഷൻ വിഭവങ്ങളുമൊക്കെ ചേർന്നതാണ് പുതിയ മെനു.ഹൈദരാബാദി മട്ടൺ ബിരിയാണി, അവധി ചിക്കൻ ബിരിയാണി, തേങ്ങച്ചോറിൽ തയ്യാറാക്കിയ വീഗൻ മൊയ്‌ലി കറി, മിനി ഇഡ്‌ലി, മേദു വട തുടങ്ങിയവ പുതിയ മെനുവിലുള്ളത്.
താജ് ഹോട്ടൽ ഗ്രൂപ്പിന്റെ ഭാഗമായ താജ് സാറ്റ്‌സ്, കസിനോ ഗ്രൂപ്പ്, ലുലു ഗ്രൂപ്പ് തുടങ്ങി രാജ്യത്തെ പതിനാറ് വൻകിട ഫ്‌ളൈറ്റ് കിച്ചണുകളേയും ദുബായ്, ഷാർജ, സിംഗപ്പൂർ എന്നിവിടങ്ങളിലെ അന്താരാഷ്‌ട്ര കമ്പനികളെയുമാണ് വിഭവങ്ങൾ തയ്യാറാക്കാൻ എയർ ഇന്ത്യ എക്‌സ്പ്രസ്സ് ചുമതലപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരത്ത് ഉദയസമുദ്രയിൽ നിന്നാണ് വിഭവങ്ങൾ തയ്യാറാക്കുന്നത്. കൊച്ചിയിൽ ലുലു ഫ്‌ളൈറ്റ് കിച്ചണും കോഴിക്കോട്ടും കണ്ണൂരും കസിനോ ഗ്രൂപ്പുമാണ് വിഭവങ്ങൾ ഒരുക്കുന്നത്.
ഗൾഫിലേക്കും സിംഗപ്പൂരിലേക്കും യാത്രചെയ്യുന്നവർക്ക് യാത്രപുറപ്പെടുന്നതിന് 24 മണിക്കൂർ മുൻപ് airindiaexpress.com സന്ദർശിച്ച് ഇഷ്ടഭക്ഷണം ഓർഡർ ചെയ്യാം. ആഭ്യന്തര സർവ്വീസുകളിൽ 12 മണിക്കൂർ മുൻപ് വരെ ഭക്ഷണം ബുക്ക് ചെയ്യാം. ഓരോരുത്തരും ഓർഡർ ചെയ്ത വിഭവം ചൂടോടെ വിമാനത്തിൽ വിളമ്പും. ഇത് കൂടാതെ മുൻകൂട്ടി ബുക്ക് ചെയ്യാത്തവർക്ക് വിമാനത്തിൽ നിന്ന് നേരിട്ട് വാങ്ങാൻ സാധിക്കുന്ന മുപ്പതോളം പാനീയങ്ങളുമുണ്ട് പുതുക്കിയ മെനുവിൽ. ആഴ്ചയിൽ 350-ൽ അധികം നേരിട്ടുളള വിമാന സർവീസുകളാണ് കേരളത്തിൽ നിന്ന് ഗൾഫിലേക്കും തിരിച്ചുമായി എയർ ഇന്ത്യ എക്‌സ്പ്രസ്സിനുളളത്.
ജൂലൈ അഞ്ച് വരെയുളള ദിവസങ്ങളിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക് പ്രാരംഭ ആനുകൂല്യമായി 50 ശതമാനം വിലക്കുറവിൽ ഗൊർമേർ വിഭവങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. വിമാനത്തിൽ നിന്ന് നേരിട്ട് വാങ്ങാവുന്ന വിഭവങ്ങൾക്കും ജൂലൈ അഞ്ച് വരെ പകുതി വില നൽകിയാൽ മതിയാകും.
Comments