കണ്ണൂർ; പിണറായിലെ കൺവെൻഷൻ സെന്റർ നിർമ്മാണത്തിൽ ഗുരുതര ക്രമക്കേട് നടന്നുവെന്ന് എജിയുടെ ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശം. പിണറായി കൺവെൻഷൻ സെന്റർ സർക്കാരിന് 2.41 കോടിയുടെ അധിക ബാദ്ധ്യതയുണ്ടാക്കി. കൺവെൻഷൻ സെന്ററിന്റെ വികസനവുമായി ബന്ധപ്പെട്ട് 0.5045 ഹെക്ടർ സ്ഥലം മാത്രമായിരുന്നു ആവശ്യം. എന്നാൽ വലിയ വില നൽകി. 0.7069 ഹെക്ടർ സ്ഥലം കൂടുതൽ വാങ്ങി സർക്കാരിന് 2.41 കോടി രൂപ അധിക ബാദ്ധ്യത വരുത്തിയെന്ന് എ.ജി.യുടെ പ്രാഥമിക ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.
സർക്കാരിന് ഏതെങ്കിലും പദ്ധതിക്കായി സ്ഥലം ആവശ്യമാണെങ്കിൽ പ്രദേശവാസികളെ പുനരധിവസിപ്പിക്കേണ്ട സ്ഥലം, നൽകേണ്ട നഷ്ടപരിഹാരം എന്നിവ കണക്കാക്കി നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കണം. ഇതിനായി കളക്ടർ പ്രത്യേക ഡിക്ലറേഷനും പുറപ്പെടുവിക്കണം.എന്നാൽ പിണറായി കൺവെൻഷൻ സെന്ററിന്റെ നിർമാണത്തിൽ ഇത്തരം ചട്ടങ്ങളും വ്യവസ്ഥകളും പാലിക്കപ്പെട്ടിട്ടില്ലെന്നും ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ബസ്സ്റ്റാൻഡിനായി ഏറ്റെടുത്ത ഭൂമിയിലാണ് കൺവെൻഷൻ സെന്റർ നിർമിച്ചത്.
കളക്ടറുടെ നിർദേശമനുസരിച്ച് മട്ടന്നൂരിലെ വിജിൽ എന്ന സ്ഥാപനം നടത്തിയ സാമൂഹികാഘാത പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൺവെൻഷൻ സെന്ററിന്റെ സുഗമമായ പ്രവർത്തനത്തിന് പാർക്കിംഗ് ഏരിയയ്‌ക്ക് വേണ്ടി 0.7069 ഹെക്ടർ സ്ഥലം വേണമെന്ന് നിർദേശിക്കുന്നു. നിർദേശങ്ങൾ വിലയിരുത്തി ഏഴുപേരടങ്ങിയ വിദഗ്ധസംഘത്തെ നിയോഗിച്ചു. 2019-ൽ ഇതേ പരാമർശത്തോടെ ഇവർ റിപ്പോർട്ട് നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ ഭൂമി ഏറ്റെടുത്തത്.18ലധികം കോടി ചെലവഴിച്ചായിരുന്നു ഇതിന്റെ നിർമ്മാണം.
2396 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടത്തിലെ ഓഡിറ്റോറിയത്തിൽ 900 പേർക്കും ഡൈനിംഗ് ഹാളിൽ 450 പേർക്കുമുള്ള ഇരിപ്പിടമുണ്ട്. പുഷ്ബാക്ക് സൗകര്യമുള്ള സീറ്റിനൊപ്പം ലൈവ് ടെലികാസ്റ്റിനുള്ള സൗകര്യങ്ങളും എൽഇഡി ഡിസ്‌പ്ലേയും 13 മീറ്റർ വീതിയുള്ള സ്റ്റേജുമുണ്ട്. രണ്ടു ഡൈനിംഗ ഹാളിൽ മ്യൂസിക് സിസ്റ്റം ഉൾപ്പെടുന്ന മൂവബിൾ ടൈപ്പ് സ്റ്റേജ്, ലൈറ്റ് സിസ്റ്റം എന്നിവയും ഒരുക്കിയിട്ടുണ്ട്. ഭക്ഷണം പാചകം ചെയ്യാനുള്ള വിപുലമായ സൗകര്യം, സുരക്ഷയ്‌ക്ക് വേണ്ട അഗ്‌നിശമന സംവിധാനം, ശാസ്ത്രീയമായ ചവറു സംസ്‌കരണ സംവിധാനം എന്നിങ്ങനെ വിദേശ രാജ്യങ്ങളിലൊക്കെ മാത്രം കാണുന്ന തരത്തിലുള്ള സൗകര്യങ്ങളാണ് ഇവിടെയുള്ളത്.
Comments