തങ്ങളുടെ മരണശേഷവും സ്വത്തും പണവുമൊക്കെ മക്കൾക്ക് തന്നെ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാ മാതാപിതാക്കളും. എന്നാൽ കോടികൾ വില മതിക്കുന്ന സ്വത്തുക്കൾ വളർത്തുമൃഗങ്ങളുടെ പേരിൽ എഴുതി വെച്ചിരിക്കുകയാണ് 84-കാരിയായ നാൻസി സോർ. മരണത്തിന് മുൻപ് തന്നെ പ്രിയ അരുമകളായ ഏഴ് പേർഷ്യൻ പൂച്ചകളുടെ പേരിലാണ് നാൻസി സ്വത്തുക്കൾ എവുതിവെച്ചത്.
മിഡ്‌നൈറ്റ്, സ്‌നോബോൾ, ഗോൾഡ് ഫിംഗർ, ലിയോ, സ്‌ക്വീക്കി,ക്ലിയോപാട്ര, നെപ്പോളിയൻ എന്നിങ്ങനെ ഏഴ് പൂച്ചകളുടെ പേരിൽ കോടികളുടെ സ്വത്താണ് ഇപ്പോൾ ഉള്ളത്. സംഭവം പുറംലോകമറിഞ്ഞതോടെ പൂച്ചകളെ ദത്തെടുക്കാൻ ആളുകളുടെ തിരക്കാണ്. ഒരു സന്നദ്ധ സംഘടനയ്‌ക്കാണ് പൂച്ചകളുടെ സംരക്ഷണ ചുമതല. 150-ലധികം പേരാണ് പൂച്ചകളെ ദത്തെടുക്കുന്നതിനായി സന്നദ്ധത പ്രകടിപ്പിച്ചെത്തിയത്.
ഏഴ് പൂച്ചകളിൽ ഒന്നിന് ഹൃദയ സംബന്ധമായ രോഗമുള്ളതിനാൽ ഒരു ഡോക്ടർ ദത്തെടുത്തിട്ടുണ്ട്. ബാക്കി ആറ് പൂച്ചകളെ ദത്തെടുക്കാനാണ് ആളുകൾ തിടുക്കം കാണിക്കുന്നത്. പണം മാത്രം നോക്കി വരുന്നവർക്ക് പൂച്ചകളെ നൽകില്ലെന്നാണ് സംഘടന പറയുന്നത്. ഈ പൂച്ചകൾ പെട്ടെന്ന് ഇണങ്ങുന്നവയല്ലെന്നും ഇവയെ പരിപാലിക്കാൻ ഏറെ ബുദ്ധിമുട്ടാണെന്നും സംഘടന വ്യക്തമാക്കി. 300,000 ഡോളറിലധികമാണ് ഇവയുടെ വില. കോടതികളുടെ അധികാരപരിധിയിൽ വരുന്നതാണ് ദത്തെടുക്കലെന്നാണ് സംഘടന പറയുന്നത്.















