പാലക്കാട്: അട്ടപ്പാടി ഗൂളിക്കടവിൽ എടിഎമ്മിന്റെ വാതിൽ തകർന്ന് വീണ് ഒരാൾക്ക് ഗുരുതര പരിക്ക്. കാരറ സ്വദേശി ജോർജിനാണ് വാതിൽ തകർന്ന് വീണ് കാലിന് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്. വലതുകാലിലെ മുട്ടിന് താഴെയാണ് പരിക്കേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. പണമെടുക്കുന്നതിനായി എടിഎമ്മിൽ എത്തിയ ജോർജ് തിരികെ ഇറങ്ങവേയായിരുന്നു അപകടം. എടിഎമ്മിന്റെ വാതിൽ നേരത്തെ തന്നെ ഇളകിയിരിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ചില്ലുവാതിൽ പൊളിഞ്ഞ് കാലിലേക്ക് വീണായിരുന്നു അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ജോർജ് കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം കഴിഞ്ഞ ദിവസം എടിഎമ്മിൽ നിന്ന് പണം പിൻവലിച്ച ശേഷം കാർഡ് പുറത്തേക്ക് വലിച്ചപ്പോൾ മെഷീന്റെ മുൻവശം പൊളിഞ്ഞ് കൂടെ പോന്നിരുന്നു. പത്തനംതിട്ട ഉതിമൂടിലായിരുന്നു സംഭവം. ജംഗഷനിലെ ഫെഡറൽ ബാങ്ക് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കവെ കാർഡ് കുടുങ്ങി. ഇത് ശക്തമായി പിൻവലിക്കാൻ ശ്രമിച്ചപ്പോൾ മെഷീനിന്റെ മുൻഭാഗം ഇളകി വരികയായിരുന്നു.
Comments