പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മേക് ഇൻ ഇന്ത്യ പദ്ധതിയെയും പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ.റഷ്യൻ ടെലിവിഷൻ നെറ്റ്വർക്കാണ് പുടിന്റെ പ്രസ്താവന റിപ്പോർട്ട് ചെയ്തത്. റഷ്യയുടെ ഏജൻസി ഫോർ സ്ട്രാറ്റജിക് ഇനിഷേറ്റീവ് യോഗത്തിൽ സംസാരിക്കുമ്പോഴായിരുന്നു പുടിന്റെ പ്രസ്താവന. റഷ്യയിലെ ആഭ്യന്തര ഉത്പന്നങ്ങളും ബ്രാൻഡുകളും പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യയുടെ ഉദാഹരണമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രശംസ.’മേക്ക് ഇൻ ഇന്ത്യ’ ആശയത്തെ പ്രകീർത്തിച്ച പുടിൻ, അതിൽ നിന്ന് ഇന്ത്യക്ക് നല്ല ഫലങ്ങൾ ലഭിച്ചിട്ടുണ്ടെന്നും പറഞ്ഞു. യുക്രൈൻ യുദ്ധത്തിന് ശേഷം ഏർപ്പെടുത്തിയ ഉപരോധം റഷ്യൻ വിപണിയെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നമ്മുടെ സുഹൃത്തായ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മേക്ക് ഇൻ ഇന്ത്യ എന്ന ആശയത്തിന് തുടക്കമിട്ടതെന്ന് പുടിൻ പറഞ്ഞു.ഇതിൽ നിന്ന് ഇന്ത്യക്ക് അനുകൂലമായ ഫലങ്ങൾ ലഭിച്ചു.മോദിയുടെ ‘മേക്ക് ഇൻ ഇന്ത്യ’ ആശയം ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ വ്യക്തമായ സ്വാധീനം ചെലുത്തിയെന്നും പുടിൻ കൂട്ടിച്ചേർത്തു.യുക്രൈൻ യുദ്ധത്തിന് ശേഷം യുഎസ് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധം രാജ്യത്തെ ബാധിച്ചിട്ടില്ലെന്ന് റഷ്യൻ പ്രസിഡന്റ് പറഞ്ഞു.
ഇത് റഷ്യൻ വിപണിയിൽ ഇടിവുണ്ടാക്കിയിട്ടില്ല.പാശ്ചാത്യ കമ്പനികൾ രാജ്യം വിട്ടതോടെ റഷ്യൻ സംരംഭകർക്ക് അവസരങ്ങൾ വർദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ആഭ്യന്തര ഉൽപ്പന്നങ്ങളും ബ്രാൻഡുകളും പ്രോത്സാഹിപ്പിക്കുന്നതിന് റഷ്യയ്ക്ക് പുതിയ നയം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഇന്ത്യ വിദേശത്ത് നിന്ന് ആയുധങ്ങൾ വാങ്ങുന്നതിനേക്കാൾ കൂടുതൽ സാങ്കേതികവിദ്യയാണ് വാങ്ങുന്നത്. ഇതിൽ നിന്ന് പ്രധാനമന്ത്രിയുടെ ‘മേക്ക് ഇൻ ഇന്ത്യ’ കാഴ്ചപ്പാട് അളക്കാൻ കഴിയും.ഇതുമൂലം നാട്ടിൽ ആയുധങ്ങൾക്കൊപ്പം ആളുകൾക്ക് തൊഴിലും ലഭിക്കുന്നു.പ്രതിരോധ കയറ്റുമതിയിൽ ഇന്ത്യ വലിയ നേട്ടം കൈവരിച്ചിരിക്കുകയാണെന്നും’ പുടിൻ പറഞ്ഞു.
റഷ്യൻ അംബാസിഡർ ഡെനീസ് അലിപോവ് ഡൽഹിയിലെത്തിയപ്പോഴും ഇന്ത്യ-റഷ്യൻ ബന്ധത്തിന്റെ ആഴത്തെക്കുറിച്ച് വാചാലനായിരുന്നു. ബന്ധം മുൻകാലങ്ങളെക്കാൾ ദൃഢമാണെന്നും അത് നാൾക്ക് നാൾ വളരുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. 2014 സെപ്റ്റംബറിലാണ് മേക്ക് ഇൻ ഇന്ത്യ പദ്ധതി രാജ്യത്ത് അവതരിപ്പിച്ചത്. നിർമാണ മേഖലക്ക് ഊന്നൽ നൽകുന്നതായിരുന്നു പദ്ധതി. ഇന്ത്യയെ ആഗോളതലത്തിൽ നിർമാണ ഹബ്ബായി ഉയർത്തി കാണിക്കുകയായിരുന്നു മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ പ്രധാനലക്ഷ്യങ്ങളിലൊന്ന്.
Comments