മുംബൈ: ഉദ്ദവ് പക്ഷത്തിന് തിരിച്ചടി നൽകിക്കൊണ്ട് മറ്റൊരു നേതാവ് കൂടി ശിവസേനയിലേയ്‌ക്ക്. ഉദ്ദവ് പക്ഷത്തെ പ്രമുഖനും ആദിത്യ താക്കറെയുടെ വിശ്വസ്തനുമായ രാഹുൽ കണാലാണ് പാർട്ടി വിട്ട് ഷിൻഡെയ്‌ക്കൊപ്പം ചേരുന്നത്. ഇന്ന് മുംബൈയിൽ നടക്കുന്ന ചടങ്ങിൽ പ്രവർത്തകർക്കൊപ്പം അദ്ദേഹം ശിവസേനയിൽ ചേരും.
“ഉദ്ദവ് അദ്ദേഹത്തിന്റെ ചില ഉപദേശകരുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. തന്നിൽ ആത്മാഭിമാനം അവശേഷിക്കുന്നുണ്ട്. അതിനാലാണ് ഏക്‌നാഥ് ഷിൻഡെ നയിക്കുന്ന പാർട്ടിയിൽ ചേരുന്നത്. താൻ മാത്രമല്ല 1000 ഓളം പ്രവർത്തകരും തനിക്കൊപ്പം പാർട്ടിയിൽ ചേരും”. ഏക്‌നാഥ് ഷിൻഡെ താൻ പാർട്ടിയിൽ തിരികെ എത്തുന്ന ചടങ്ങിൽ നേരിട്ട് പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാഹുൽ കണാൽ പറഞ്ഞു.
വൻ പ്രതിസന്ധിയിലൂടെയാണ് ഉദ്ദവ് താക്കറെ പക്ഷം കടന്നുപോകുന്നത്. സഞ്ജയ് റാവത്ത് ഒഴികെയുള്ള എല്ലാ പ്രമുഖ നേതാക്കളും ഷിൻഡെ നയിക്കുന്ന ശിവസേനയിൽ എത്തിക്കഴിഞ്ഞു. പാർട്ടിയിലെ രണ്ടാമനും ഉദ്ദവിന്റെ വിശ്വസ്തനുമായ ശിശിർ ഷിൻഡെ കഴിഞ്ഞ ആഴ്ച ശിവസേനയിൽ എത്തിയിരുന്നു. ഉദ്ദവ് ക്യമ്പിലെ പ്രമുഖയായ മനീഷ കയന്ദെയും പാർട്ടിവിട്ട് ഔദ്യോഗിക ചേരിയിൽ എത്തി. ഇതിന് പിന്നാലെയാണ് ആദിത്യ താക്കറെയിലെ വിശ്വസ്തനും യുബിറ്റി യുവസേന നേതാവുമായ രാഹുൽ കണാൽ ശിവസേനയിൽ ചേരുന്നത്.
Comments