കാലകാലനായ ശ്രീപരമേശ്വരന്‍ ശക്തിയോടൊപ്പം മൂലലിംഗത്തില്‍ മറഞ്ഞതിനു ശേഷം ഉഗ്രപാണ്ഡ്യന്‍ പാണ്ഡ്യരാജാവായി ഭരണം നടത്തിതുടങ്ങി. ‘നൃപതിഃ’ എന്നും ‘രാജാവ്’ എന്നും ഉള്ള വിശേഷണങ്ങള്‍ അന്വര്‍ത്ഥമാക്കിക്കൊണ്ടായിരുന്നു ഉഗ്രന്റെ ഭരണം. (നരന്മാരെ രക്ഷിക്കുന്നതുകൊണ്ട് ‘ നൃപതിഃ’ എന്നും രഞ്ജിപ്പിക്കുന്നതു കൊണ്ട് ‘രാജാവ്’ എന്നും ഭരണാധികാരികളെ പറയുന്നു). അഹ്‌ഹേഹത്തിന്റെ ഭരണകാലത്ത് രാജ്യം ഐശ്വര്യ സമ്പന്നമായി. ഈ ഐശ്വര്യ വര്‍ദ്ധനവ് ദേവാധിപതിയായ ഇന്ദ്രന് ഇഷ്ടമായില്ല. തന്നേക്കാള്‍ വലിയ സമ്പത്തോടുകൂടി, സത്കര്‍മ്മങ്ങള്‍ ചെയ്യ്ത് രാജ്യപരിപാലനം നടത്തുന്ന ഉഗ്രനോട് ഭയം, കോപം, അസൂയ എന്നീ ദുര്‍വികാരങ്ങള്‍ ഇന്ദ്രന് ഉണ്ടായി. പ്രതിദിനം ഐശ്വര്യം വര്‍ദ്ധിക്കുകയും നല്ലരീതിയില്‍ പ്രജാപരിപാലനം നടത്തുകയും ചെയ്യുന്ന ഉഗ്രന് മാനഹാനി വരുത്തണമെന്ന് ഇന്ദ്രന്‍ നിശ്ചയിച്ചു. അതിനുവേണ്ടി ദേവരാജന്‍ സമുദ്രത്തിനോട് സഹായം അഭ്യര്‍ത്ഥിച്ചു. മധുരയില്‍ ഉയര്‍ന്ന തിരമാലകള്‍ പ്രവേശിപ്പിച്ച് നാശനഷ്ടം വരുത്തുവാന്‍ ദേവാധിപതി സമുദ്രത്തിനോട് ആവശ്യപ്പെട്ടു. മധുരയിലെ മൂലലിംഗത്തിന്റ സ്മരണ നഷ്ടപ്പെട്ടതുകൊണ്ട് സമുദ്രം ഇന്ദ്രന്റെ ആജ്ഞ പ്രാവര്‍ത്തികമാക്കുവാന്‍ തുടങ്ങി. അര്‍ദ്ധരാത്രിയില്‍ മധുരയില്‍ മുഴുവന്‍ ജലം വ്യാപിപ്പിച്ചു. പര്‍വ്വതതുല്യങ്ങളായ തിരമാലകളും അവയുടെ ഭയാനകമായ ശബ്ദവും കേട്ടപ്പോള്‍ മധുരവാസികള്‍ നിദ്രയില്‍ നിന്നുണര്‍ന്നു. അവര്‍ ഭയന്ന് പലയിടങ്ങളിലേക്കും ഓടാന്‍ തുടങ്ങി.
മധുരയിലെ ഈ ഭീകരാവസ്ഥ ഗാഢനിദ്രയില്‍ ആയിരുന്ന ഉഗ്രപാണ്ഡ്യ രാജാവ് അറിഞ്ഞില്ല. എന്നാല്‍ സര്‍വ്വജ്ഞനായ സുന്ദരേശരഭഗവാന് മധുരയിലെ അവസ്ഥ മനസ്സിലായി. ഭഗവാന്‍ ഉറങ്ങുന്ന ഉഗ്രന് സ്വപ്‌ന ദര്‍ശനം നല്‍കി. മധുരാപുരിയില്‍ മുഴുവനും സമുദ്രജലം വ്യാപിച്ചിരിക്കുന്നുവെന്നും വേഗം പ്രജകളെ രക്ഷിക്കണമെന്നും ഭഗവാന്‍ സ്വപ്‌നത്തില്‍ കൂടി രാജാവിനെ അറിയിച്ചു. രക്ഷിക്കുവാനുള്ള ഉപായവും നിര്‍ദ്ദേശിച്ചു.
‘പണ്ട് ഞാന്‍ തന്ന മൂന്ന് ആയുധങ്ങളില്‍ ഒന്നായ ശക്തി(വേല്‍) കൈയിലെടുത്ത് സമുദ്രത്തില്‍ എറിയണം. അപ്പോള്‍ സമുദ്ര ജലം നിര്‍വീ ര്യമാകും. അതോടുകൂടി ജനങ്ങള്‍ക്ക് സുഖമായ അവസ്ഥ ഉണ്ടാക്കുവാന്‍ സാധിക്കും. വേഗം തന്നെ ഇത് ചെയ്യ്തില്ലെങ്കില്‍ മധുരാപുരി മുഴുവന്‍ നശിക്കും’. ഇത്രയും അരുളിയതിനു ശേഷം ഉഗ്രന്റെ നെറ്റിയില്‍ ഭസ്മലേപനം ചെയ്്ത് തട്ടിയുണര്‍ത്തി. അതിനുശേഷം ഭഗവാന്‍ മറഞ്ഞു.
ഉഗ്രപണ്ഡ്യന്‍ ഉറക്കത്തില്‍ നിന്നെഴുന്നേറ്റ് മന്ത്രിമാരെ സ്വപ്‌നവൃത്താന്തം അറിയിച്ചു. രാജാവ് സ്വപ്‌നദര്‍ശനവും ഭഗവാന്റെ ആജ്ഞയും ചിന്തിച്ചുകൊണ്ട് സമുദ്രത്തെ നിര്‍ഭയനായി നോക്കിനിന്നു. അപ്പോള്‍ ഭഗവാന്‍ വീണ്ടും സിദ്ധന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. കാരുണ്യപൂര്‍ണമായ കടാക്ഷം കൊണ്ട് ശക്തിയെ (വേല്‍) എറിയുവാനുള്ള സൂചന നല്‍കി. പെട്ടെന്ന് രാജാവ് ശക്തിയെ സമുദ്രത്തിലേക്ക് എറിഞ്ഞു. ആ ശക്തിയുടെ താഡനം ഏറ്റപ്പോള്‍ സമുദ്രത്തിന്റെ ശക്തി ശമിച്ചു. ജലം വറ്റി.
പുത്രനായ ഉഗ്രനെ വീണ്ടും വരങ്ങള്‍ നല്‍കി അനുഗ്രഹിച്ചു. സര്‍വ്വരുടെയും മുന്നില്‍ വെച്ച് ജ്യോതിരൂപം സ്വീകരിച്ച് ആകാശമാര്‍ഗ്ഗത്തിലൂടെ മൂലലിംഗത്തില്‍ ലയിച്ചു. അപ്പോള്‍ രാജാവ് മന്ത്രിമാരോടൊപ്പം സുന്ദരേശലിംഗ സമീപം എത്തുകയും സ്തുതിക്കുകയും പ്രണമിക്കുകയും ചെയ്യ്തു.
ഈ ലീലയുടെ ശ്രവണവും പാരായണവും ഇഹലോക സുഖവും പരലോക സുഖവും നല്‍കുമെന്നാണ് ഫലശ്രുതി.
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാലസ്യ മാഹാത്മ്യത്തിന്റെ എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും
https://janamtv.com/tag/halasya-mahatmyam/
അടുത്ത ഹാലാസ്യ ലീല 14:– ദേവേന്ദ്രമൗലിഭഞ്ജനം
അവലംബം: ശ്രീവേദവ്യാസമഹര്‍ഷി രചിച്ച സ്‌കന്ദ പുരാണത്തിലെ അഗസ്ത്യസംഹിതയെ അടിസ്ഥാനമാക്കി ചാത്തുകുട്ടി മന്നാടിയാര്‍ രചിച്ച ഹാലാസ്യമാഹാത്മ്യം കിളിപ്പാട്ട്.
കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാത ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക .ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .
ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം),വൈശാഖ മാഹാത്മ്യം (തീരഭൂമി ബുക്സ് ),എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Comments