തിരുവനന്തപുരം: മൃതദേഹം മാറി നൽകിയ സംഭവത്തിൽ താത്കാലിക ജീവനക്കാരെ സസ്‌പെൻഡ് ചെയ്ത് തടിയൂരി കടയ്ക്കൽ ഗവ. താലൂക്ക് ആശുപത്രി. കഴിഞ്ഞ ദിവസം മരിച്ച കിഴക്കുംഭാഗം അമ്പിളി നിവാസിൽ വാമദേവന്റെ (67) മൃതദേഹമാണ് അധികൃതർ മാറിനൽകിയത്. വാമദേവന്റെ മൃതദേഹത്തിനു പകരം മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന പാങ്ങലുകാട് ശോഭ വിലാസത്തിൽ രാജേന്ദ്രന്റെ (70) മൃതദേഹം നൽകുകയായിരുന്നു. വലിയ വീഴ്ചയുണ്ടായിട്ടും അന്വേഷണം നടത്താതെ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടുപേരെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു.
താത്കാലിക ജീവനക്കാരായ നഴ്‌സ് ഉമ, അറ്റൻഡർ രഞ്ജിത എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.. കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച വാമദേവന്റെ മൃതദേഹം ഇന്നലെ രാവിലെ സംസ്‌കരിക്കുന്നതിന് വേണ്ടിയാണ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചത്. രാവിലെ 10.30ന് മൃതദേഹം കൊണ്ടു പോകാൻ ബന്ധുക്കൾ എത്തി. ബന്ധുക്കളെ കാണിച്ച ശേഷമാണ് മൃതദേഹം ആംബുലൻസിൽ കയറ്റിയതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം വയ്യാനം വാച്ചീക്കോണത്തുള്ള മകളുടെ വീട്ടിലേക്ക് കൊണ്ടു പോയി. സംസ്‌കാര ചടങ്ങുകൾ തുടങ്ങും മുൻപ് ബന്ധുക്കളെ കാണിച്ചപ്പോഴാണ് വാമദേവന്റെ മൃതദേഹമല്ലെന്ന് അറിഞ്ഞത്. ഉടൻ ആംബുലൻസിൽ മൃതദേഹം താലൂക്ക് ആശുപത്രിയിൽ തിരികെ എത്തിച്ചു. പിന്നീട് വാമദേവന്റെ മൃതദേഹം ഏറ്റുവാങ്ങി കൊണ്ടുവന്നു സംസ്‌കാരം നടത്തി.
ഇതേ സമയം മാറി നൽകിയ പാങ്ങലുകാട് ശോഭ വിലാസത്തിൽ രാജേന്ദ്രന്റെ മൃതദേഹം ബന്ധുക്കൾ ഇന്ന് ഏറ്റുവാങ്ങും.രാജേന്ദ്രന്റെ മകൻ വിദേശത്ത് നിന്നു എത്തിയ ശേഷം സംസ്‌കരിക്കുന്നതിനു വേണ്ടിയാണ് മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചത്. മൃതദേഹം മാറിയത് വിവാദമായതോടെ ആശുപത്രി സൂപ്രണ്ട് ഡോ.ധനുജ അന്വേഷണം നടത്തി. മോർച്ചറിയിൽ മൃതദേഹം സൂക്ഷിക്കുമ്പോൾ നമ്പർ ഇടുകയാണ് ചെയ്യുന്നത്. നമ്പർ മാറിയതാണോയെന്നു സംശയിക്കുന്നു.
Comments