തിരുവനന്തപുരം: എൻസിപി അദ്ധ്യക്ഷൻ ശരദ് പവാറിന്റെ സ്വന്തം തട്ടകമായ മഹാരാഷ്‌ട്രയിൽ ഇത്തരമൊരു പിളർപ്പുണ്ടായത് ആകസ്മിക നീക്കമാണെന്ന് കേരളത്തിൽ നിന്നുള്ള എൻസിപി നേതാവും മന്ത്രിയുമായ എ.കെ ശശീന്ദ്രൻ. ശരദ് പവാർ നയിക്കുന്ന എൻസിപിയുടെ ഘടകമാണ് തങ്ങളെന്നും നിലപാടിൽ തുടരുമെന്നും ശശീന്ദ്രൻ വ്യക്തമാക്കി. അജിത് പവാറും കൂട്ടരും സ്വീകരിച്ച രാഷ്‌ട്രീയ തീരുമാനം എൻസിപിയെ വഞ്ചിക്കുന്നതിന് തുല്യമാണെന്നും ദേശീയ രാഷ്‌ട്രീയത്തെ വിലയിരുത്തുന്ന ആർക്കും അജിത് പവാറിന്റെ നിലപാടിനെ ന്യായീകരിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
ഇതര സംസ്ഥാനങ്ങളിലെ എൻസിപിയുടെ ഘടകങ്ങളെ സ്വാധീനിക്കുന്നതല്ല അജിത് പവാറിന്റെ തീരുമാനം. ഇത്രയും രഹസ്യമായി ഇതിനുവേണ്ട നീക്കം നടത്തിയത് അജിത് പവാർ ഭയന്നിട്ടാണെന്നാണ് താൻ കരുതുന്നത്. ഏതായാലും കേരളത്തിലെ എൻസിപി ഘടകം ഒറ്റക്കെട്ടായി നിൽക്കുകയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടൊപ്പം തുടരുമെന്നും ശശീന്ദ്രൻ പറഞ്ഞു. ശരദ് പവാറിന്റെ സ്വന്തം തടകത്ത് ഇത്തരം ആകസ്മിക നീക്കങ്ങൾ നടക്കുമ്പോൾ അത് പാർട്ടിക്ക് ചില പ്രയാസങ്ങൾ വരുത്തുമെന്നതിൽ സംശയമില്ല. ശരദ് പവാർ നിലവിൽ പൂനെയിലാണ്. മുംബൈയിൽ അദ്ദേഹം എത്തിച്ചേർന്നതിന് ശേഷം സഹപ്രവർത്തകരുമായി വിഷയത്തിൽ കൂടിയാലോചന നടത്തി പുതിയ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും ശശീന്ദ്രൻ പറഞ്ഞു.
അതേസമയം അജിത് പവാർ വിളിച്ചുച്ചേർത്ത യോഗത്തിൽ എൻസിപി ദേശീയ വർക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലേ പങ്കെടുത്തത് അജിത്തിനെ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാനായിരുന്നു. അതിനുവേണ്ടി നടത്തിയ ശ്രമങ്ങൾ വിജയിച്ചില്ലെന്ന് വേണം അജിത് പക്ഷത്തിന്റെ എൻഡിഎ പ്രവേശനത്തിൽ നിന്നും മനസിലാക്കാനെന്നും എ.കെ ശശീന്ദ്രൻ പറഞ്ഞു.
അതേസമയം എൻസിപിയിൽ നിന്ന് പിളർന്ന് ഷിൻഡെ സർക്കാരിനൊപ്പം ചേർന്ന അജിത് പക്ഷത്തിന് 40ഓളം എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് വിവരം. ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ശേഷിക്കെ മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ ചുവടുമാറ്റം പ്രതിപക്ഷ ഐക്യത്തിന് വൻ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
Comments