ന്യൂഡൽഹി: ബെംഗളുരുവിൽ നടക്കാനിരുന്ന പ്രതിപക്ഷ ഐക്യ യോഗം മാറ്റിവെച്ചു. എൻസിപി എൻഡിഎയുടെ ഭാഗമായതിന് പിന്നാലെയാണ് ഈ മാസം 13,14 തീയതികളിൽ നടത്താനിരുന്ന യോഗം മാറ്റിവെച്ചത്. അടുത്ത യോഗം പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ശേഷം നടത്തനാണ് നിശ്ചയിച്ചിരിക്കുന്നത്.
എൻസിപി വർക്കിംഗ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ ഉൾപ്പെടെയുള്ളവർ അജിത് പവാറിനൊപ്പം എൻഡിഎയിൽ എത്തിയത് പ്രതിപക്ഷ നീക്കങ്ങൾക്ക് വൻ തിരിച്ചടിയായിരിക്കുകയാണ്. ബംഗാളിൽ കോൺഗ്രസും സിപിഎമ്മുമായി സഹകരിക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. ഏകീകൃത സിവിൽ കോഡ് വിഷയത്തിലും പ്രതിപക്ഷ പാർട്ടികളിൽ ഭിന്നാഭിപ്രായം നിലനിൽക്കുന്നതിനാൽ നിലവിലത്തെ സാഹചര്യത്തിൽ യോഗം ചേരുന്നത് ഉചിതമല്ലെന്ന തീരുമാനത്തിൽ ഐക്യത്തിന് മുൻകൈ എടുത്ത ജെഡിയു എത്തുകയായിരുന്നു.
ജെഡിയു വക്താവ് കെസി ത്യാഗിയാണ് യോഗം മാറ്റിവെക്കുന്നത് സംബന്ധിച്ചുള്ള വിവരം മാദ്ധ്യമങ്ങളെ അറിയിച്ചത്. ബെംഗളുരുവിൽ ചേരാനിരുന്ന പ്രതിപക്ഷ യോഗം മാറ്റിവെക്കുന്നതായും അടുത്ത യോഗം പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ശേഷം നടത്താമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ത്യാഗി പറഞ്ഞു. ഈ മാസം 20നാണ് പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുക.
പ്രതിപക്ഷ ഐക്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട നേതാവാണ് ശരദ് പവാർ. എന്നാൽ ശരദ് പവാർ പ്രതിപക്ഷ ഐക്യത്തിനൊപ്പം നിന്നതിൽ പാർട്ടിയുടെ വലിയൊരു വിഭാഗത്തിന് എതിർപ്പുണ്ടായിരുന്നു. ഇതാണ് എൻസിപിയുടെ പിളർപ്പിലേയ്‌ക്ക് നയിച്ചതെന്നാണ് ലഭിയ്‌ക്കുന്ന വിവരം.
Comments