ആരാധകർ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ആദിപുരുഷ്. രാമായണം പ്രമേയമാകുന്ന ചിത്രത്തിൽ രാമനായി പ്രഭാസ് എത്തുമ്പോൾ രാവണനായി വേഷമിട്ടത് സെയ്ഫ് അലി ഖാനാണ്. കൃതി സനോൺ, സണ്ണി സിംഗ്, ദേവ്ദത്ത് നാഗേ എന്നിവരാണ് മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രം ടി-സീരിസ്, റെട്രോഫൈൽ എന്നിവയുടെ ബാനറിൽ ഭൂഷൺ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേർന്നാണ് നിർമ്മിച്ചത്.
റിലീസ് ചെയ്തത് മുതൽ ആരാധകരുടെയും നിരൂപകരുടെയും ഇടയിൽ തീവ്രമായ ചർച്ചാ വിഷയമാണ് ആദിപുരുഷ്. ഇപ്പോഴിതാ ചിത്രം വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ്. ആരാധകർ കാത്തിരുന്ന ചിത്രം തിയറ്ററുകളിൽ നിന്നും ഒടിടിയിൽ റിലീസ്
ചെയ്തേക്കുമെന്നാണ് സൂചന. ആദിപുരുഷിന്റെ നിർമ്മാതാക്കൾ പ്രൈം വീഡിയോയുമായി കരാർ ഒപ്പിട്ടതായി നിരവധി സോഷ്യൽ മീഡിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചിത്രം തിയേറ്ററുകളിൽ പ്രദർശിപ്പിച്ച് എട്ടാഴ്ചയ്‌ക്ക് ശേഷം ഡിജിറ്റലായി റിലീസ് ചെയ്യുമെന്ന് വ്യവസ്ഥയെ തുടർന്നാണിത്. ചിത്രം ഈ മാസം മൂന്നാം വാരത്തിൽ തന്നെ ഒടിടി റിലീസ് ചെയ്യുമെന്നാണ് സൂചന.
രാജ്യത്തെ ഏറ്റവും മുതൽ മുടക്കേറിയ ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്. സിനിമയുടെ ആകെ ബജറ്റ് 500 കോടി രൂപയാണ്. നിർമ്മാണ ചെലവിൽ 250 കോടിയും വിഎഫ്എക്‌സിന് വേണ്ടിയാണ് ചിലവഴിച്ചത്. ഇപ്പോൾ ചിത്രം 300 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ്.
Comments