ഡിജിറ്റൽ ബാങ്കിംഗ് പ്ലാറ്റ്ഫോമായ യോനോയുടെ പരിഷ്കരിച്ച പതിപ്പ് അവതരിപ്പിച്ച് എസ്ബിഐ. ‘യോനോ ഫോർ എവരി ഇന്ത്യൻ’ എന്ന പേരിലാണ് പരിഷ്കരിച്ച പതിപ്പ് അവതരിപ്പിച്ചത്. പണം പിൻവലിക്കൽ കൂടുതൽ സുഗമമാക്കുന്നതിനായി ആപ്പിൽ യുപിഐ സേവനങ്ങൾ ലഭിക്കുംവിധമാണ് പുതിയ യോനോ അവതരിപ്പിച്ചത്. സ്കാൻ ചെയ്ത് പണം നൽകാനും കോൺടാക്ട് തിരഞ്ഞെടുത്ത് പണം നൽകാനും ആവശ്യപ്പെടാനും യോനോ ഫോർ എവരി ഇന്ത്യൻ ആപ്പ് വഴി കഴിയും. ഇനി ഏത് ബാങ്കിന്റെയും ഉപഭോക്താക്കൾക്ക് എസ്ബിഐയുടെ യോനോ ആപ്പിൽ നിന്ന് യുപിഐ ഇടപാടുകൾ നടത്താം.
എസ്ബിഐ ഉപഭോക്താക്കൾക്ക് കാർഡ് ഉപയോഗിക്കാതെ തന്നെ ഏത് ബാങ്കിന്റെയും എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാം. ഇതിനായി ഇന്റർ ഓപ്പറബിൾ കാർഡ്ലെസ് ക്യാഷ് പിൻവലിക്കൽ സേവനവും എസ്ബിഐ ആരംഭിച്ചിട്ടുണ്ട്. ഇതുവരെ എസ്ബിഐ എടിഎമ്മുകളിൽ മാത്രമാണ് കാർഡില്ലാതെ പണം പിൻവലിക്കാനുള്ള സൗകര്യം നൽകിയിരുന്നത്.
യുപിഐ ‘ക്യൂആർ ക്യാഷ്’ ഫീച്ചർ ഉപയോഗിച്ചാണ് പണം പിൻവലിക്കാൻ കഴിയുക. ഈ സേവനം ക്രമീകരിച്ചിരിക്കുന്ന എടിഎമ്മിൽ നിന്ന് മാത്രമാകും പണം പിൻവലിക്കാൻ കഴിയൂ. ഈ സേവനവും മറ്റ് ബാങ്ക് ഉപഭോക്താക്കൾക്കും പ്രയോജനപ്പെടുത്താവുന്നതാണ്. എടിഎം സ്ക്രീനിൽ ദൃശ്യമാകുന്ന ക്യൂആർ കോഡ് ഉപയോഗിച്ചാണ് ഇടപാട് നടത്തേണ്ടത്. യുപിഐയിലെ സ്കാൻ ആന്റ് പേ ഫീച്ചർ പ്രയോജനപ്പെടുത്തി ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ പണം പിൻവലിക്കാവുന്നതാണ്.
എടിഎമ്മിൽ നിന്ന് കാർഡ് ഇല്ലാതെ എങ്ങനെ പണം പിൻവലിക്കാം?
യോനോ ആപ്പ് തുറന്ന് ‘cash Withdrawal’ -തിരഞ്ഞെടുക്കുക. അതിനുശേഷം പിൻവലിക്കുന്ന തുക എത്രയെന്ന് രേഖപ്പെടുത്തുക. തുടർന്ന് ആപ്പ് ഒരു ക്യൂആർ കോഡ് സൃഷ്ടിക്കും. എടിഎമ്മിൽ ക്യുആർ കോഡ് സ്കാൻ ചെയ്യാം. യുപിഐ ഐഡിയും യുപിഐ പിൻ നമ്പറും നൽകാൻ എടിഎം ആവശ്യപ്പെടും. യുപിഐ പിൻ നൽകിയാൽ എടിഎമ്മിൽ നിന്ന് പണം ലഭിക്കും.
Comments