നെക്സോണിനേക്കാൾ വലുപ്പമുള്ള ഹാരിയറിന്റെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കാനൊരുങ്ങി ടാറ്റ. ടാറ്റാ ഹാരിയർ ഇവിയുടെ ചിത്രങ്ങൾ കമ്പനി വെബ്സൈറ്റിലൂടെയും സമൂഹമാദ്ധ്യമങ്ങളിലൂടെയും പുറത്തുവിട്ടു.
ഈ വർഷമാദ്യം നടന്ന ഓട്ടോ എക്സ്പോയിൽ ടാറ്റാ മോട്ടോഴ്സ് തങ്ങളുടെ ഹാരിയർ എസ്യുവിയുടെ ഫുൾ- ഇലക്ട്രിക് കോൺസപ്റ്റ് പ്രദർശിപ്പിച്ചിരുന്നു. കോൺട്രാസ്റ്റിംഗ് ബ്ലാക്ക് എലമെന്റുകളുള്ള വെളുത്ത പെയിന്റ് സ്കീമാണ് അന്ന് അവതരിപ്പിച്ചത്. നിലവിൽ ടാറ്റ പുറത്തുവിട്ട ചിത്രങ്ങളിൽ ഡ്യുവൽ -ടോൺ ബ്രൌൺസും വെള്ളയുമാണ് തീം.
ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന ചിത്രങ്ങളും കൺസെപ്റ്റ് രൂപത്തിൽ തന്നെയുള്ളതാണ്. ഫുൾ-വിഡ്ത്ത് റണ്ണിങ് എൽഇഡി ബാറും ക്ലോസ്ഡ് ഗ്രില്ലുമുള്ള ഇതുവരെ ടാറ്റ കാറുകളിൽ കാണാത്ത രീതിയിലുള്ള സ്പ്ലിറ്റ് ഹെഡ്ലാമ്പ് ഡിസൈനും നൽകിയിട്ടുണ്ട്. ഓൾ വീൽ ഡ്രൈവ് ഇലക്ട്രിക് മോട്ടോർ സെറ്റപ്പോടെയായിരിക്കും ലോഞ്ച് ചെയ്യുകയെന്ന് കമ്പനി അറിയിച്ചിരുന്നു. വെഹിക്കിൾ-ടു-ലോഡ്, വെഹിക്കിൾ-ടു-വെഹിക്കിൾ ചാർജിംഗ് ഫീച്ചറുകളും ഉണ്ടായിരിക്കുമെന്നാണ് സൂചന.
നിലവിൽ ടിയാഗോ ഇവി, ടിഗോർ ഇവി, നെക്സോൺ ഇവി പ്രൈം, നെക്സോൺ ഇവി മാക്സ് എന്നീ ഇലക്ട്രിക് വാഹനങ്ങളാണ് ടാറ്റാ മോട്ടോഴ്സ് നൽകുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഇവി നിർമ്മാതാക്കളാണ് ടാറ്റാ.
Comments