കേരളത്തിന്റെ തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന് അഭിപ്രായപ്പെട്ട സംഭവത്തിൽ വിമർശനങ്ങൾ ശക്തമായതിന് പിന്നാലെ വിശദീകരണവുമായി ഹൈബി ഈഡൻ എംപി. സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും ജനതാല്പര്യം മനസിലാക്കാൻ തുടക്കം മുതലേ ശ്രദ്ധിച്ചിരുന്ന വ്യക്തിയാണ് താനെന്ന് ഹൈബി ഈഡൻ പറഞ്ഞു. കേരളത്തിന്റെ തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന അഭിപ്രായം പലരും പ്രകടിപ്പിച്ചതായി കണ്ടിട്ടുണ്ട്. അതുകൊണ്ടാണ് ഒരു സ്വകാര്യ ബില്ലായി ഇക്കാര്യം ലോക്സഭയിൽ ഉന്നയിക്കാനുള്ള താല്പര്യം പ്രകടിപ്പിച്ച് നോട്ടീസ് നൽകിയതെന്നും ഹൈബി ഈഡൻ പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ലണ്ടനിൽ നിന്നായിരുന്നു പ്രതികരണം.
സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കുന്നതിന് മുൻപ് പാർട്ടിയുടെ അനുവാദം വാങ്ങണം എന്നൊരു വ്യവസ്ഥ, ലോക്സഭയിലെയോ കേരള നിയമസഭയിലെയോ കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ നിലവിലുണ്ടായിരുന്നില്ല, ഇക്കാര്യം രണ്ടു സഭകളിലും അംഗമായി പ്രവർത്തിച്ചിരുന്ന തനിക്ക് നേരിട്ട് ബോധ്യമുള്ളതാണ്. അതിനാലാണ് സംഘടനാപരമായി ഒരു അനുവാദം ചോദിക്കാതെ തന്നെ ബിൽ ലോക്സഭയിൽ സമർപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തന്റെ സ്വരവും തന്നോട് വിയോജിക്കുന്ന അപരന്റെ സ്വരവും ഒരു പോലെ പ്രധാനമാണെന്ന ബോധ്യം തനിക്കുണ്ട്. രണ്ടു ദിവസമായി നടക്കുന്ന വാദപ്രതിവാദങ്ങളിൽ വാചാലനാകാതിരുന്നത് ദൗർബല്യമായി കണക്കാക്കേണ്ടതില്ല. വിദേശ പര്യടനത്തിലായിരുന്ന, എന്റെ മൗനം തന്നെ പുതിയൊരു ചർച്ചാ വിഷയമായി രൂപാന്തരം പ്രാപിച്ചതിനാലാണ് ഇപ്പോൾ ഇത്രയും അറിയിക്കേണ്ടി വന്നത്.
കേരള തലസ്ഥാനം എറണാകുളത്തേക്ക് മാറ്റേണ്ടതില്ല എന്ന അഭിപ്രായം രേഖപ്പെടുത്തുന്നതിന് പുറമെ, മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതു ഭരണ വകുപ്പിൽ നിന്നും ദുരൂഹമായ ലക്ഷ്യത്തോടെ ബന്ധപ്പെട്ട ഫയൽ പുറത്താവുകയുമുണ്ടായി. നിരവധി ക്രമക്കേടുകളാൽ മുഖം നഷ്ടപ്പെട്ട കേരള സർക്കാർ ഈ ബില്ലിനെ ഒരു വിവാദോപാധിയായി കണ്ട് വാദപ്രതിവാദങ്ങൾക്ക് തീ കൊളുത്തുകയായിരുന്നു. ഈ മുഖം മൂടിയണിഞ്ഞ് അധിക ദൂരം മുന്നോട്ട് പോകാൻ ഭരണ പാർട്ടിക്ക് കഴിയില്ല. ഒരു ജനപ്രതിനിധി എന്ന നിലയിൽ ഈ വിശദീകരണം ഈ വിഷയത്തിലെ അവസാന കുറിപ്പ് ആകട്ടെ എന്ന് ആത്മാർത്ഥതമായി ആഗ്രഹിക്കുന്നുവെന്നും ഹൈബി ഈഡൻ പറഞ്ഞു.
Comments