സ്പാനിഷ് ഹോക്കി ഫെഡറേഷന്റെ നൂറാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി സ്‌പെയിനിൽ നടക്കുന്ന അന്താരാഷ്‌ട്ര മത്സരത്തിൽ പങ്കെടുക്കുന്നതിനും ജർമ്മൻ പര്യടനത്തിനുമായുളള ഇന്ത്യൻ വനിതാ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്.
2024 ൽ ഹാങ്ചൗവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിന് മുന്നോടിയായിട്ടാണ് ഇന്ത്യൻ ടീമിന്റെ ഈ രണ്ട് പര്യടനങ്ങളും. ജർമ്മനിയിൽ ഇന്ത്യൻ ടീമിന്റെ 3 മത്സരങ്ങളാണ് നടക്കുക. ജൂലൈ 16 മുതൽ 19 വരെ നടക്കുന്ന പരമ്പരയിൽ ഇന്ത്യ ഒരു മത്സരം ചൈനക്കെതിരെയും രണ്ട് മത്സരങ്ങൾ ജർമ്മനിക്കെതിരെയും കളിക്കും. സ്‌പെയിൻ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവർക്കെതിരെ ജൂലൈ 25 മുതൽ 30 വരെ ടെറസ്സയിൽ 100-ാം വാർഷികം ആഘോഷിക്കുന്ന സ്പാനിഷ് ഹോക്കി ഫെഡറേഷൻ നടത്തുന്ന അന്താരാഷ്‌ട്ര മത്സരത്തിലും പങ്കെടുക്കും.
ഗോൾ കീപ്പർ സവിതയാണ് വനിതാ ഹോക്കി ടീമിനെ നയിക്കുക. ടീമിന്റെ വൈസ് ക്യാപ്റ്റൻ പദവി ദീപ് ഗ്രേസ് എക്ക വഹിക്കും. അതേസമയം, ബിച്ചു ദേവി ഖരിബാം ടീമിലെ രണ്ടാമത്തെ ഗോൾകീപ്പറാണ്, ഡീപ് ഗ്രേസ് എക്ക, നിക്കി പ്രധാൻ, ഇഷിക ചൗധരി, ഉദിത, സുശീല ചാനു പുകംബം എന്നിവരാണ് പര്യടനങ്ങൾക്കായി തിരഞ്ഞെടുത്ത ഡിഫൻഡർമാർ. മധ്യനിരയിൽ, നിഷ, മോണിക്ക, സലിമ ടെറ്റെ, നേഹ, നവനീത് കൗർ, സോണിക, ബൽജീത് കൗർ, വൈഷ്ണവി വിത്തൽ ഫാൽക്കെ, ജ്യോതി ഛാത്രി എന്നിവരടങ്ങുന്ന അതിശക്തമായ ലൈനപ്പാണ് ടീമിനുള്ളത്. ലാൽറെംസിയാമി, സംഗീതാ കുമാരി, ദീപിക എന്നിവരടങ്ങുന്ന ഇന്ത്യയുടെ മുന്നേറ്റ നിരയെ നയിക്കുന്നത് പരിചയ സമ്പന്നയായ സ്‌ട്രൈക്കർ വന്ദന കതാരിയയാണ്.
Comments