സിംബാബ്വേ ക്രിക്കറ്റ് ടൂർണ്ണമെന്റിന്റെ ഭാഗമാകാനൊരുങ്ങി ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളിയുമായ എസ്. ശ്രീശാന്ത്. ലോകപ്രശസ്തി ആർജിച്ച ‘സിം ആഫ്രോ ടി 10 ‘ ക്രിക്കറ്റ് ടൂർണമെന്റിലാണ് എസ്. ശ്രീശാന്ത് പങ്കെടുക്കുക. സിംബാബ്വേ ക്രിക്കറ്റ് ടൂർണ്ണമെന്റിലെ പ്രമുഖ ടീമായ ‘ഹരാരെ ഹരിക്കേയ്ൻസിലാണ് ശ്രീശാന്ത് കളിക്കുക.
സിംബാബ്വെയിലെയും ദക്ഷിണാഫ്രിക്കയിലെയും സിറ്റികളുടെ പേരിലുള്ള ഫ്രാഞ്ചൈസി ലീഗാണ് ‘സിം ആഫ്രോ ടി-ടെൻ ‘ എന്ന പേരിൽ ജൂലൈ 20 മുതൽ ടൂർണ്ണമെന്റ് ആരംഭിക്കുന്നത്. പ്രമുഖ ബോളിവുഡ് നടൻ സഞ്ജയ് ദത്തും ഹോളിവുഡ് ഡയറക്ടറും യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സിഇഒയുമായ സർ സോഹൻ റോയിയും ചേർന്നാണ് ‘ഹരാരെ ഹരിക്കേയ്ൻസ് ‘ ടീമിനെ സ്വന്തമാക്കിയിരിക്കുന്നത്.
മലയാളിയായ സോഹൻറോയിയുടെ ഉടമസ്ഥതയിലുള്ള ‘ഹരാരെ ഹരിക്കേയ്ൻസ്’ ടീമിൽ കളിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ശ്രീശാന്ത് പറഞ്ഞു. തന്റെ ഇൻസ്റ്റാ പ്രൊഫൈലിൽ പങ്കുവെച്ച ലൈവ് വീഡിയോയിലൂടെയാണ് ശ്രീശാന്ത് ഈ സന്തോഷം പങ്കുവെച്ചത്. ലോക മലയാളികളെല്ലാം പരമാവധി പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം വീഡിയോയിലൂടെ അഭ്യർത്ഥിച്ചു. ലോകമെമ്പാടുമുള്ള നിരവധി ആരാധകരാണ് അദ്ദേഹത്തിന് ആശംസകൾ നേർന്നത്.
ആകെ അഞ്ച് ടീമുകളാണ് ഈ ടൂർണ്ണമെന്റിൽ പങ്കെടുക്കുന്നത്. ഡർബൻ ഖലന്ദർസ്, കേപ് ടൗൺ സാംപ് ആർമി, ബുലവായോ ബ്രേവ്സ്, ജോബർഗ് ബഫല്ലോസ് എന്നിവയാണ്. ഈ നാല് ടീമുകൾ സ്വകാര്യ ഉടമസ്ഥതയിലുള്ളതാണ്. യുഎഇയിലെ T10 ഗ്ലോബൽ സ്പോർട്സ് ആണ് ‘ ടി- ടെൻ ‘ ക്രിക്കറ്റ് ടൂർണ്ണമെന്റിന്റെ സംഘാടകർ. ശ്രീശാന്തിനൊപ്പം ഇന്ത്യൻ താരങ്ങളായ യൂസഫ് പത്താൻ, പാർത്ഥിവ് പട്ടേൽ, സ്റ്റുവർട്ട് ബിന്നി തുടങ്ങിയവരും ടൂർണ്ണമെന്റിന്റെ ഭാഗമാകും.
Comments