അർജന്റൈൻ ടീമിനെ കേരളത്തിൽ കളിപ്പിക്കുന്നതിനു പകരം ഇവിടെയുള്ള ഗ്രൗണ്ടുകൾ മികച്ച നിലവാരത്തിലാക്കാൻ സർക്കാർ ശ്രമിക്കണമെന്ന് പറഞ്ഞ ആഷിഖ് കുരുണിയന്റെ പ്രസ്താവനയെ പിന്തുണച്ച് ഇന്ത്യൻ ടീമിന്റെ പരിശീലകൻ ഇഗോർ സ്റ്റിമാക്.
ഒരു പരിശീലന ഗ്രൗണ്ട് പോലും ഇവിടെയില്ലെന്നും ഫുട്ബോളിനെ പ്രോത്സാഹിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അതിന് ആവശ്യമായ സൗകര്യങ്ങളാണ് ആദ്യം ചെയ്യേണ്ടതെന്നുമാണ് താരം പറഞ്ഞത്.
‘നന്നായിരിക്കുന്നു മകനെ! ഇങ്ങനെ വേണം ഇന്ത്യൻ ഫുട്‌ബോളിന്റെ വളർച്ചയെ സഹായിക്കാൻ. ഫുട്‌ബോളിൽ വൻശക്തികളായ
രാജ്യങ്ങൾക്ക് ഇവിടെവന്ന് 90 മിനിറ്റ് കളിക്കളത്തിൽ പന്തുതട്ടാൻ പണം ചെലവാക്കുകയല്ല വേണ്ടത്. അവർക്കെതിരെ വമ്പൻ ടൂർണമെന്റുകളിൽ കളിക്കാനുള്ള സമയം അധികം വൈകാതെ നമുക്കു വരും’- ദേശീയ ടീമിന്റെ പരിശീലകൻ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചതിങ്ങനെയാണ്.
പ്രൊഫഷണലായി കളിക്കുന്നവർക്കുൾപ്പെടെ പരിശീലനം നടത്താൻ ആകെയുള്ളത് ടർഫുകളാണ്. അർജന്റീനയെ ഇവിടെ കളിപ്പിക്കുന്നതിനായി കോടികൾ മുടക്കാൻ തയ്യാറാണെന്ന് കേട്ടു. എന്നാൽ ആദ്യം ചെയ്യേണ്ടത് നാട്ടിലെ താരങ്ങൾക്ക് വളർന്നുവരാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയാണെന്ന് ആഷിഖ് കരുണിയൻ പറഞ്ഞതിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ താരത്തിന് നേരെ സൈബർസഖാക്കളുടെ രൂക്ഷവിമർശനങ്ങളാണ് ഉയർന്നത്. അർജന്റീനയുടെ ദേശീയ ടീമിന് ഇന്ത്യയിൽ കളിക്കാൻ താത്പര്യം ഉണ്ടെന്നും, എന്നാൽ ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷൻ ചെലവ് വഹിക്കാൻ ബുദ്ധിമുട്ടായതിനാൽ നീക്കം ഉപേക്ഷിക്കുകയാണ് ഉണ്ടായതെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് 40 കോടിയോളം രൂപ ചെലവഴിച്ച് അർജന്റീനയ്‌ക്ക് വേദിയൊരുക്കാൻ കേരളം തയ്യാറാണെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാൻ അറിയിച്ചത്.
















Comments