ന്യൂഡൽഹി: സ്‌പെയിനിലെ ടെറാസയിൽ ജൂലൈ 25 മുതൽ 30 വരെ നടക്കുന്ന സ്പാനിഷ് ഹോക്കി ഫെഡറേഷന്റെ 100 -ാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന അന്താരാഷ്‌ട്ര ടൂർണമെന്റിലേക്കുളള 24 അംഗ ഇന്ത്യൻ പുരുഷ ടീമിനെ പ്രഖ്യാപിച്ചു. 2023ൽ ചെന്നൈയിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായിട്ടാണ് ഇന്ത്യ ചതുർരാഷ്‌ട്ര ടൂർണമെന്റിൽ പങ്കെടുക്കുന്നത്. സ്‌പെയിൻ, ഇംഗ്ലണ്ട്, നെതർലൻഡ് എന്നിവർക്കെതിരെയാണ് ഇന്ത്യ കളിക്കുക. ഏഷ്യൻ ഗെയിംസിന് മുന്നോടിയായിട്ടുളള നിർണായക മത്സരമായിരിക്കും ഇത്. ഹർമൻപ്രീത് സിങായിരിക്കും ടീമിനെ നയിക്കുക.
ഗോൾവലകാക്കാൻ മലയാളി താരം ആർ.ശ്രീജേഷ്, കൃഷൻ ബഹദൂർ പഥക് എന്നീ പ്രതിഭകളുണ്ട്. ഡിഫൻഡർമാരുടെ പട്ടികയിൽ ഹർമൻപ്രീത് സിംഗ്, അമിത് രോഹിദാസ്, ജർമൻപ്രീത് സിംഗ്, മൻപ്രീത് സിംഗ്, സഞ്ജയ് എന്നിവരും ഉൾപ്പെടുന്നു. കൂടാതെ, ബെൽജിയത്തിൽ നടന്ന എഫ്‌ഐഎച്ച് പ്രോ ലീഗ് മത്സരങ്ങൾ നഷ്ടമായ ഡിഫൻഡർമാരായ വരുൺ കുമാറും നിലം സഞ്ജീപ് എക്‌സെസും ടീമിൽ ഇടം നേടിയിട്ടുണ്ട്. അതേസമയം, ഹാർദിക് സിങ്ങിനെപ്പോലുള്ള ഊർജ്ജസ്വലരും ചടുലതയുമുള്ള താരങ്ങളായിരിക്കും മധ്യനിരയെ നിയന്ത്രിക്കുക.
ടീം തിരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിച്ച ചീഫ് കോച്ച് ക്രെയിഗ് ഫുൾട്ടൺ പറഞ്ഞു, ‘പരിചയവും യുവത്വത്തിന്റെ ഊർജവും ഒരുമിപ്പിക്കുന്ന സന്തുലിതമായ ഒരു ടീമിനെ ഞങ്ങൾ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്തു. ഉയർന്ന തലത്തിൽ മത്സരിക്കാൻ കഴിയുന്ന ഒരു ഏകീകൃത യൂണിറ്റ് സൃഷ്ടിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം’. ഏഷ്യൻ ചാമ്പ്യൻഷിപ്പിനും ഏഷ്യൻ ഗെയിംസിനും സജ്ജരാകുന്നതിന് ഈ പരമ്പര ഇന്ത്യൻ ടീമിന് ഗുണം ചെയ്യും.
Comments