അയോദ്ധ്യ: ലഖ്‌നൗവിനും ഗോരഖ്പൂരിനുമിടയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. ഇതോടെ രാജ്യത്തെ സെമി-ഹൈ സ്പീഡ് ട്രെയിനുകളുടെ എണ്ണം 25 ആയി. 2024-ൽ നടക്കാനിരിക്കുന്ന രാമക്ഷേത്ര ഉദ്ഘാടനവും അയോദ്ധ്യ വിമാനത്താവള പദ്ധതിയും പൂർത്തിയാകുന്നതിന് മുന്നോടിയായാണ് എട്ട് കോച്ചുകളുള്ള ഈ ട്രെയിനിന്റെ ആരംഭം.
ഉത്തർപ്രദേശിലെ രണ്ട് പ്രമുഖ ക്ഷേത്രങ്ങളായ രാമജന്മഭൂമിയെയും ഗോരഖ്‌നാഥിനെയും ബന്ധിപ്പിക്കുന്നതാണ് വന്ദേഭാരത് എക്‌സ്പ്രസ്. സെമി-ഹൈ-സ്പീഡ് ട്രെയിനിന് ലഖ്‌നൗവിനും ഗോരഖ്പൂരിനുമിടയിലുള്ള യാത്രാ സമയം നാല് മണിക്കൂറാണ്. ഈ രണ്ട് നഗരങ്ങളിൽ നിന്നും അയോദ്ധ്യയിലേക്ക് രണ്ട് മണിക്കൂർ മാത്രം അകലം.
യാത്രാ സമയം: വന്ദേ ഭാരത് എക്‌സ്‌പ്രസ് ലഖ്‌നൗവിനും ഗോരഖ്പൂരിനുമിടയിൽ നാല് മണിക്കൂറിനുള്ളിൽ യാത്ര പൂർത്തിയാക്കും. ട്രെയിനിന് അയോദ്ധ്യയിലും ബസ്തിയിലും സ്റ്റോപ്പുണ്ടാകും. ഗോണ്ട റൂട്ടിലൂടെ സർവീസ് നടത്തുന്ന മറ്റ് ട്രെയിനുകളുമായി താരതമ്യം ചെയ്യുമ്പോൾ അയോദ്ധ്യയുമായി ബന്ധിപ്പിക്കുന്ന പുതിയ വന്ദേഭാരത് എക്‌സ്പ്രസ് അതിവേഗം ലക്ഷ്യസ്ഥാനത്ത് എത്തും.
ടിക്കറ്റ് നിരക്ക്: വന്ദേ ഭാരത് എക്സ്പ്രസിന് ചെയർ കാറിൽ 410 സീറ്റുകളും എക്സിക്യൂട്ടീവ് ക്ലാസിൽ 35 സീറ്റുകളും ഉണ്ടായിരിക്കും. ലഖ്‌നൗവിനും ഗോരഖ്പൂരിനുമിടയിലൂടെയുള്ള ചെയർകാറിന്റെ നിരക്ക് 1,005 രൂപയും എക്‌സിക്യൂട്ടീവ് ക്ലാസ് നിരക്ക് 1,775 രൂപയുമാണ്. ലഖ്‌നൗവിനും അയോധ്യയ്‌ക്കും ഇടയിലുള്ള യാത്രയ്‌ക്ക് എക്‌സിക്യൂട്ടീവ് ക്ലാസ് ടിക്കറ്റിന് 1,210 രൂപയും ചെയർ കാർ ടിക്കറ്റിന് 725 രൂപയുമാണ് .
ട്രെയിൻ ഷെഡ്യൂൾ: ട്രെയിൻ ലഖ്‌നൗവിൽ നിന്ന് രാത്രി 7.15-ന് പുറപ്പെട്ട് രാത്രി 9.15-ന് അയോദ്ധ്യയിലെത്തും, രാത്രി 11.25-ന് ഗോരഖ്പൂരിലും എത്തിച്ചേരും. ഗോരഖ്പൂരിൽ നിന്ന് തിരിച്ച് രാവിലെ 6.05 ന് പുറപ്പെട്ട് 8.17 ന് അയോദ്ധ്യയിൽ എത്തും, 10.20 ന് ലഖ്‌നൗവിൽ യാത്ര അവസാനിപ്പിക്കും. ശനിയാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസവും വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് നടത്തും.
















Comments