50 മില്യൺ യൂറോ ശമ്പളത്തിൽ കിലിയൻ എംബാപ്പെക്കായി വലയെറിഞ്ഞ് റയൽ മാഡ്രിഡ്

Published by
Janam Web Desk

പിഎസ്ജിയുടെ മിന്നും താരം കിലിയൻ എംബാപ്പെക്കായി വലയെറിഞ്ഞ് റയൽ മാഡ്രിഡ്. താരത്തെ വൻതുക കൊടുത്ത് സ്വന്തമാക്കാനാണ് റയൽ ശ്രമിക്കുന്നത്. 50 മില്യൺ യൂറോ ശമ്പളവും അഞ്ച് വർഷത്തെ കരാറുമാണ് ടീം എംബാപ്പെക്കായി നൽകിയിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പിഎസ്ജിയുമായി 2024ൽ അവസാനിക്കുന്ന കരാർ പുതുക്കുന്നില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കിലിയൻ എംബാപ്പെയ്‌ക്ക് റയൽ മാഡ്രിഡ് വമ്പൻ ഓഫർ നൽകിയിരിക്കുന്നത്.

പിഎസ്ജിയെ പ്രകോപിപ്പിക്കുന്ന ഓഫറാണിപ്പോൾ റയൽ മാഡ്രിഡ് എംബാപ്പെയ്‌ക്ക് നൽകിയിരിക്കുന്നത്. ട്രാൻസ്ഫർ തുക നൽകാതെ പിഎസ്ജിയുമായുള്ള കരാർ പൂർത്തിയാവും വരെ റയൽ മാഡ്രിഡ് എംബാപ്പെയ്‌ക്കായി ഒരു വർഷം കൂടി കാത്തിരിക്കും. എംബാപ്പയെ വിട്ടുതരാൻ പിഎസ്ജി ആവശ്യപ്പെട്ടിരിക്കുന്നത് 300 മില്യൺ യൂറോയാണ് ഏകദേശം (2,695 )കോടി. 220 മില്യൺ യൂറോ (1,977 കോടി) തരാമെന്നാണ് റയലിന്റെ നിലപാട്. എന്നാൽ ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ എംബാപ്പയെ ഉയർന്നതുകയ്‌ക്ക് വെയ്‌ക്കാനാവും പിഎസ്ജി തീരുമാനം. കരാർ പുതുക്കിയില്ലെങ്കിൽ ഈ സീസണിൽ തന്നെ എംബാപ്പെ ടീം വിട്ടുപോകണമെന്ന് പിഎസ്ജി പ്രസിഡൻറ് നാസർ അൽ ഖലീഫി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

മാഞ്ചസ്റ്റർ സിറ്റി, ആഴ്‌സേനൽ, ചെൽസി, ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ക്ലബ്ബുകളും താരത്തിനായി രംഗത്തെത്തിയിട്ടുണ്ട്. ഏത് ക്ലബ്ബിലേക്കാണ് എംബാപ്പെ ചേക്കേറുക എന്നതിൽ ആശയക്കുഴപ്പം തുടരുന്നതിനാൽ പ്രീമിയർ ലീഗിലെ ആരാകും താരത്തെ സ്വന്തമാകുക എന്നതാണ് ഇനി കാത്തിരിക്കേണ്ടത്.

 

Share
Leave a Comment