വൈദിക – ഉപനിഷത്ത് – ക്ലാസിക്കൽ – മോഡേൺ യുഗങ്ങൾ താണ്ടിവന്ന യോഗയ്‌ക്ക് ഈ ന്യൂജൻ യുഗത്തിൽ ഇനി കായികഭാവം. കാലഘട്ടത്തിന്റെ പരിണാമചക്രത്തിൽ കായിക ഇനമായി മാറുകയാണ് യോഗസനങ്ങൾ. പരിണാമ പ്രക്രിയയിലുപരി കാലഘട്ടത്തിന്റെ ആവശ്യവും യോഗ, എത്രയും ജനപ്രിയമാക്കുക എന്നതും ഇതിന്റെ കാരണങ്ങളാകുന്നു.
ആധുനിക യോഗാചാര്യന്മാരും പ്രൊഫഷണൽസും വർഷങ്ങൾ നീണ്ട പ്രയത്നത്തിനൊടുവിലാണ് യോഗാസനങ്ങളെ ഒരു കായികയിനം ആക്കി മാറ്റിയത്. ഇതിനു വേണ്ട അന്താരാഷ്‌ട്ര നിലവാരമുള്ള കോഡ് ഓഫ് പോയിന്റ്സ് പുസ്തകം ഇതിനോടകം തന്നെ പ്രസിദ്ധീകരിച്ചു കഴിഞ്ഞു.
നാഷണൽ യോഗാസന സ്പോർട്സ് ഫെഡറേഷന്റെ കീഴിലാണ് സ്പോർട്സ് യോഗയുടെ വളർച്ച. നിലവിൽ എല്ലാ സംസ്ഥാനങ്ങളിലും സംഘടനയ്‌ക്ക് ശാഖകൾ ഉണ്ട്. ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ എന്നീ സംഘടനകളുടെ അംഗീകാരമുള്ള ഏക സംഘടനയും ഇതുതന്നെ. കേരളത്തിൽ യോഗാസന സ്പോർട്സ് അസോസിയേഷൻ ഓഫ് കേരള ആണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. നിലവിൽ എല്ലാ ജില്ലകളിലും പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്നു.
നാഷണൽ ഗെയിംസ്, ഖേലോ ഇന്ത്യ ഗെയിംസ്, തുടങ്ങിയ ദേശീയ മത്സരങ്ങളിൽ യോഗാസന ഒരു കായിക ഇനമാണ്. കൂടാതെ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പുകളും ജില്ലാ ചാമ്പ്യൻഷിപ്പുകളും നടന്നു വരുന്നുണ്ട്. ട്രഡീഷണൽ, ആർട്ടിസ്റ്റിക്, റിഥമിക് എന്നീ മൂന്ന് വിഭാഗങ്ങളിലായി ട്രഡീഷണൽ യോഗാസന സിംഗിൾ, ആർട്ടിസ്റ്റിക് യോഗാസന പെയർ, ആർട്ടിസ്റ്റിക് യോഗാസന സിംഗിൾ, ആർട്ടിസ്റ്റിക് യോഗാസന ഗ്രൂപ്പ്, റിഥമിക് യോഗാസന പെയർഎന്നീ അഞ്ചുവിഭാഗം മത്സരഇനങ്ങളാണ് ഉള്ളത്.
സബ് ജൂനിയർ, ജൂനിയർ, സീനിയർ, വിഭാഗങ്ങളിൽ മത്സരാർത്ഥികൾക്ക് മത്സരിക്കാം. ജനറൽ വിഭാഗത്തിന് പുറമേ മാസ്റ്റേഴ്സ് വിഭാഗത്തിലും മത്സരങ്ങൾ നടത്തുവാനാണ് ദേശീയ സംഘാടകരുടെ ലക്ഷ്യം. ഐപിഎൽ, ഐഎസ്എൽ മാതൃകയിൽ യോഗാസന സൂപ്പർ ലീഗ് നടത്തുകയും സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളാണ്.
മറ്റേത് കായിക ഇനങ്ങൾക്കും ഉള്ളതുപോലെ തന്നെ വിദ്യാർത്ഥികൾക്ക് ഗ്രെയ്‌സ് മാർക്കും, കായികക്വാട്ടയിലൂടെ ജോലിയും, ഉപരിപഠനത്തിനുള്ള അഡ്മിഷനും, ഇനി യോഗാസനയിലൂടെയും ലഭിക്കും.ദേശീയതലത്തിൽ തിളങ്ങുന്നവർക്ക് പ്രമോഷനും ലഭിക്കും. യു പി എസ് സി യിൽ പോലും യോഗാസനയ്‌ക്ക് ഗ്രെയ്‌സ് മാർക്ക് ലഭിക്കും. ഇന്ന് ഭാരതത്തിന്റെ അയൽരാജ്യങ്ങളിലെല്ലാം അസോസിയേഷനും അത്‌ലറ്റ്കളും നിലവിലുണ്ട്. ഭാവിയിൽ കോമൺവെൽത്ത് ഗെയിംസ് ഏഷ്യൻ ഗെയിംസ് തുടങ്ങി പിന്നീട് ഒളിമ്പിക്സിലും യോഗാസനയെ മത്സരയിനമാക്കി മാറ്റുവാൻ ഉള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.
ഡോക്ടർ അക്ഷയ് എം വിജയ്
ഫോൺ: 8891399119
ആയുർവേദ ഡോക്ടർ, യോഗ അധ്യാപകൻ, എഴുത്തുകാരൻ, എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ലേഖകൻ യോഗാസന സ്പോർട്സ് അസോസിയേഷന്റെ തൃശൂർ ജില്ല ജോയിന്റ് സെക്രട്ടറിയാണ്.
യോഗയെക്കുറിച്ചും മറ്റുള്ള വിഷയങ്ങളെക്കുറിച്ചും ഡോക്ടർ അക്ഷയ് എം വിജയ് ജനം ടിവി വെബ്‌സൈറ്റിൽ എഴുതിയിരിക്കുന്ന ലേഖനങ്ങൾ വായിക്കുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Comments