പട്‌ന: മഹാസഖ്യ യോഗത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സഖ്യകക്ഷി എംഎൽഎമാരോടും എംഎൽസിമാരോടും കയർത്ത് സംസാരിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം പട്‌നയിൽ വിളിച്ചുചേർത്ത യോഗത്തിലായിരുന്നു സംഭവം. സഖ്യകക്ഷി എംഎൽഎമാർ ബിജെപിയോട് മൃദുസമീപനം കാണിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് നിതീഷ് രോഷാകുലനായത്. പിന്നാലെ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു എന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആർജെഡി എംഎൽസി സുനിൽ സിംഗ്, കോൺഗ്രസ് എംഎൽഎ അജിത് ശർമ്മ എന്നിവർക്കെതിരെയാണ് യോഗത്തിൽ നിതീഷ് പ്രധാനമായും ആരോപണങ്ങൾ നിരത്തിയത്. ഡൽഹിയിൽ നടന്ന സഹകരണ വകുപ്പ് പരിപാടിക്കിടെ വകുപ്പ് മന്ത്രിയായ അമിത് ഷായ്ക്ക് ഷാൾ അണിയിച്ചു എന്നതായിരുന്നു സുനിൽ സിംഗിനെതിരെ നിതീഷ് കുമാർ ഉന്നയിച്ച കുറ്റം. എന്നാൽ ഷാൾ അണിയിച്ചത് തെറ്റായ സംഭവമായി കാണുന്നില്ലെന്നാണ് സുനിൽ സിംഗ് വ്യക്തമാക്കി. അമിത് ഷാ വകുപ്പ് മന്ത്രിയാണെന്നും രാഷ്‌ട്രീയത്തിന് അപ്പുറമാണ് ഭരണഘടന പദവികളെന്നും അദ്ദേഹം യോഗ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. സ്വന്തം പാർട്ടിയേക്കാൾ കോൺഗ്രസ് എംഎൽഎ അജിത് ശർമ്മയ്‌ക്ക് ബന്ധം ബിജെപിയോടാണെന്നാണ് യോഗത്തിൽ നിതീഷ് കുമാർ ഉയർത്തിയ ആക്ഷേപം.
എൻസിപിയിലെ പിളർപ്പിന് പിന്നാലെ ജെഡിയുവിലും അത്തരത്തിലുള്ള നീക്കങ്ങൾ നടക്കുന്നതായി റിപ്പോർട്ട് വന്നിരുന്നു. പിന്നാലെ നിതീഷ് പാർട്ടി നേതാക്കളെയും എംഎൽഎമാരെയും വിളിച്ചുവരുത്തി ചർച്ചകൾ നടത്തി. ഓരോരുത്തരെയും പ്രത്യേകം വിളിച്ചുവരുത്തിയാണ് നിതീഷ് ചർച്ച നടത്തിയത്. നിതീഷ് കുമാർ ഭയത്തിലാണെന്നും മൂക്കുകൊണ്ട് മുട്ടിയാൽപോലും ഇനി ബിജെപി നിതീഷിനായി വാതിൽ തുറക്കില്ലെന്നുമായിരുന്നു ബിജെപിയുടെ പ്രതികരണം.
ലാലു പ്രസാദ് യാദവ് സൂപ്പർ സിഎം കളിക്കുന്നുവെന്നും നിതീഷ് ലാലുവിന്റെ പാവയായി മാറിയെന്നുമാണ് ജെഡിയുവിനുള്ളിൽ ഉയരുന്ന ആക്ഷേപം. ജെഡിയുവിലും മുന്നണിയിലും അസ്വാരസ്യങ്ങൾ കടുക്കുന്നതിനിടെയാണ് ബിഹാറിൽ മഹാസഖ്യ യോഗം ചേർന്നത്. മാഞ്ചിയുടെ എച്ച്എംഎസ് മുന്നണി വിട്ടതിന് ശേഷമുള്ള ആദ്യ സംയുക്ത യോഗം കൂടിയായിരുന്നു ഇന്നലെ നടന്നത്.
















Comments